തിരുവനന്തപുരം: രാജ്യത്ത് ജനാധിപത്യ പ്രക്രിയ അട്ടിമറിക്കുന്ന ബി.ജെ.പിക്കും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനുമെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന പ്രതിഷേധ മാര്‍ച്ചിന് നേരെ തിരുവനന്തപുരത്ത് ഉണ്ടായ അക്രമ സംഭവങ്ങളില്‍ പ്രതികരണവുമായി മുഖ്യമന്ത്രി വിഡി സതീശന്‍. സംഘ്പരിവാറിനും ബി.ജെ.പിക്കുമെതിരെ കോണ്‍ഗ്രസും പോഷക സംഘടനകളും ആര്‍ജവത്തോടെ സമരം ചെയ്യുമ്പോള്‍ കേരളത്തിലെ സി.പി.എം എന്തിനാണ് അസ്വസ്ഥരാകുന്നതെന്ന് അദ്ദേഹം ചോദിച്ചു. സി.പി.എം-ബി.ജെ.പി അന്തര്‍ധാരയാണ് തിരുവനന്തപുരത്തെ സംഘര്‍ഷങ്ങളിലൂടെ വീണ്ടും വ്യക്തമായിരിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.
മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനും രാജ്യത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്ന ബി.ജെ.പിക്കും എതിരെയാണ് യൂത്ത് കോണ്‍ഗ്രസ് സമരം നടത്തിയത്. ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസും പോക്ഷക സംഘടനകളും സമരം നടത്തുമ്പോള്‍ കേരളത്തിലെ സി.പി.എം എന്തിനാണ് അസ്വസ്ഥരാകുന്നത്? സംഘ്പരിവാറിനെതിരെ കോണ്‍ഗ്രസ് ആര്‍ജവത്തോടെ സമരം നടത്തുമ്പോള്‍ സി.പി.എമ്മിന് പൊള്ളുന്നത് എന്തുകൊണ്ടാണ്?
സി.പി.എം നേതൃത്വത്തിന്റെ അറിവോടെയാണ് ഇന്നലെ തിരുവനന്തപുരത്ത് അക്രമ സംഭവങ്ങളുണ്ടായത്. കരുതിക്കൂട്ടിയുള്ള നീക്കമാണ് സി.പി.എം നടത്തിയത്. എസ്.എഫ്.ഐക്കാര്‍ മനഃപൂര്‍വം പ്രകോപനം സൃഷ്ടിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ ബിയര്‍ കുപ്പികളും കല്ലും വലിച്ചെറിഞ്ഞു. ഏതാനും ദിവസങ്ങളായി യുവമോര്‍ച്ചയും ബി.ജെ.പിയും നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. അതിന്റെ തുടര്‍ച്ചയാണ് ഇന്നലെ രാത്രി തിരുവനന്തപുത്ത് എസ്.എഫ്.ഐയും സി.പി.എമ്മും കാട്ടിയത്. സി.പി.എമ്മും ബി.ജെ.പിയും ഒരേ തൂവല്‍ പക്ഷികളാണെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുകയാണ്.
ഒരു തരത്തിലുള്ള അക്രമ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ അനുവദിക്കില്ല. നാട്ടില്‍ കലാപ അന്തരീക്ഷം ഉണ്ടാക്കാന്‍ ശ്രമിച്ചാല്‍ ശക്തമായ നടപടിയുണ്ടാകും. ജനങ്ങളുടെ സമാധാന ജീവിതം ഇല്ലാതാക്കാന്‍ ആര് ശ്രമിച്ചാലും അവര്‍ കടുത്ത നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.
ബി.ജെ.പിക്കെതിരെ സമരം ചെയ്യുമ്പോള്‍ കേരളത്തിലെ സി.പി.എം അസ്വസ്ഥരാകുന്നത് എന്തിന്? കലാപമുണ്ടാക്കാന്‍ ശ്രമിച്ചാല്‍ ശക്തമായ നടപടിയുണ്ടാകും: മുഖ്യമന്ത്രി