സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ജനം ടിവി പുറത്തിറക്കിയ ആശംസാ കാർഡിൽ മഹാത്മാഗാന്ധിയെ അവഹേളിക്കുന്ന രീതിയിൽ ചിത്രീകരണം നടത്തിയെന്ന് ആരോപിച്ച് കെഎസ്‌യു പോലീസിൽ പരാതി നൽകി. കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറിയും എടപ്പാൾ സ്വദേശിയുമായ കണ്ണൻ നമ്പ്യാരാണ് സംഭവത്തിൽ സംസ്ഥാന പോലീസ് മേധാവിക്ക് (ഡിജിപി) പരാതി നൽകിയത്.
ചാനലിന്റെ സ്വാതന്ത്ര്യദിന ആശംസാ കാർഡിൽ വി.ഡി. സവർക്കറുടെ ചിത്രം മുൻനിരയിലും, രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ചിത്രം ഏറെ പിന്നിലായുമാണ് ഉൾപ്പെടുത്തിയിരുന്നത്. ഈ ചിത്രീകരണത്തിനെതിരെയാണ് വിദ്യാർത്ഥി സംഘടന പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.
മഹാത്മാഗാന്ധിയെ മനഃപൂർവ്വം അവഹേളിക്കാനും, സ്വാതന്ത്ര്യസമരത്തിൽ പങ്കില്ലാത്ത ആർ.എസ്.എസ് നേതാക്കളെ സ്വാതന്ത്ര്യസമര സേനാനികളായി ചിത്രീകരിക്കാനുമാണ് ജനം ടിവി ശ്രമിക്കുന്നതെന്ന് പരാതിയിൽ ആരോപിക്കുന്നു. സംഭവത്തിൽ ചാനലിനെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു.