തിരുവനന്തപുരം: മൈസൂരു–ബെംഗളൂരു ദേശീയപാതയിലെ ബിഡദിയിൽ ഡ്രൈവറും കണ്ടക്ടറും മരിച്ച കെഎസ്ആർടിസി ബസ് അപകടത്തിന് പിന്നിൽ മുട്ടയെറിഞ്ഞുള്ള അട്ടിമറിയുണ്ടായിരുന്നോ എന്ന സംശയം ശക്തമാകുന്നു. അപകടം നടന്ന അതേ മേഖലയിൽ മറ്റൊരു കെഎസ്ആർടിസി ബസിന് നേരെയും മുട്ടയേറുണ്ടായതോടെയാണ് സംശയം കൂടുതൽ ബലപ്പെട്ടത്. സംഭവത്തിൽ സമഗ്രമായ ഫൊറൻസിക് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മന്ത്രി സി.പി. ജോൺ കർണാടക സർക്കാരിന് കത്തയച്ചു. കെഎസ്ആർടിസിയും കർണാടക പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഓഗസ്റ്റ് എട്ടിനാണ് കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ഡീലക്സ് ബസ് നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ചത്. അപകടത്തിൽ ഡ്രൈവറും കണ്ടക്ടറും മരിച്ചു. 20 യാത്രക്കാർക്ക് പരിക്കേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേർ ഇപ്പോഴും കർണാടകയിലെ ആശുപത്രികളിൽ ചികിത്സയിലാണ്.
അപകടം നടന്ന ആവരഗെരെ റെയിൽവേ മേൽപ്പാലത്തിന് സമീപം വീണ്ടും മുട്ടയേറുണ്ടായതാണ് സംഭവത്തിൽ ദുരൂഹത ഉയർത്തുന്നത്. ബുധനാഴ്ച രാത്രി 9.10ഓടെ കാസർകോട്ടേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസിന് നേരെയാണ് രണ്ട് ബൈക്കുകളിലെത്തിയ അഞ്ചംഗ സംഘം മുട്ടയെറിഞ്ഞത്.
ബസിന്റെ മുൻഗ്ലാസിലേക്ക് മുട്ട എറിഞ്ഞതോടെ ഡ്രൈവറുടെ കാഴ്ച മറയുകയായിരുന്നു. സംഭവത്തിൽ സംശയം തോന്നിയ ഡ്രൈവർ വി. സുരേഷ് വൈപ്പർ ഉപയോഗിക്കാതെ ഏകദേശം ഒന്നര കിലോമീറ്റർ ബസ് ഓടിച്ച് സുരക്ഷിതമായ വെളിച്ചമുള്ള സ്ഥലത്ത് നിർത്തി. വൈപ്പർ പ്രവർത്തിപ്പിച്ചാൽ മുട്ടയിലെ പ്രോട്ടീൻ ഗ്ലാസിൽ വ്യാപിച്ച് കാഴ്ച കൂടുതൽ മങ്ങാൻ സാധ്യതയുണ്ടെന്നതാണ് ഡ്രൈവറുടെ ജാഗ്രതയ്ക്ക് കാരണം.
കാഴ്ച മറച്ച് വാഹനാപകടം സൃഷ്ടിച്ച ശേഷം കവർച്ച നടത്താനുള്ള ശ്രമമായിരുന്നോ സംഭവമെന്ന സംശയവും ഉയർന്നിട്ടുണ്ട്. ബെംഗളൂരു–മൈസൂരു പാതയിലും മാനന്തവാടി, സുൽത്താൻ ബത്തേരി മേഖലകളിലും വാഹനങ്ങൾക്ക് നേരെ വ്യാജ അപകടങ്ങൾ സൃഷ്ടിച്ചും മുട്ടയെറിഞ്ഞും കവർച്ച നടത്തുന്ന സംഘങ്ങൾ സജീവമാണെന്ന പരാതികൾ നേരത്തെ മലയാളി യാത്രക്കാർ ഉന്നയിച്ചിരുന്നു.
ഈ സാഹചര്യങ്ങൾ കൂടി അന്വേഷണത്തിൽ പരിഗണിക്കണമെന്നാണ് മന്ത്രി സി.പി. ജോണിന്റെ ആവശ്യം. ബിഡദി അപകടത്തിൽ ഡ്രൈവറുടെ കാഴ്ച മറച്ച് ആസൂത്രിതമായി അപകടം സൃഷ്ടിക്കാൻ ശ്രമിച്ചിരുന്നോ എന്നതടക്കമുള്ള സാധ്യതകൾ പരിശോധിക്കണമെന്നും സംഭവത്തിന് പിന്നിലെ യഥാർഥ കാരണം കണ്ടെത്താൻ ശാസ്ത്രീയവും സമഗ്രവുമായ ഫൊറൻസിക് അന്വേഷണം നടത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.