കൊച്ചി: ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോര്‍ ഇല്ലാത്തതിനാല്‍ 'ഇയര്‍ഔട്ട്' ആകുമെന്ന ഭയത്തില്‍ കോളേജ് വിദ്യാര്‍ഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കോതമംഗലം എംഎ കോളജിലെ രണ്ടാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയും അരുണാചല്‍ പ്രദേശ് സ്വദേശിയുമായ മിച്ചി മിര്‍പ്പുവാണ് മരിച്ചത്.ശനിയാഴ്ച വൈകുന്നേരം മൂന്നുമണിയോടെ കോളേജിനടുത്ത് പേയിങ് ഗസ്റ്റായി താമസിക്കുന്ന വീട്ടിലാണ് മിര്‍പ്പുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവസ്ഥലത്തുനിന്ന് മൂന്ന് പേജുള്ള ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെടുത്തു.
ദുരന്തത്തിന് പിന്നാലെ കോളേജ് മാനേജ്മെന്റിന്റെ കടുത്ത ക്രെഡിറ്റ് സ്‌കോര്‍ നിബന്ധനകള്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. സാങ്കേതിക സര്‍വകലാശാല ഉള്‍പ്പെടെയുള്ള മറ്റെല്ലാ എന്‍ജിനീയറിങ് കോളജുകളിലും അടുത്ത വര്‍ഷത്തേക്ക് പ്രവേശനം നേടാനുള്ള കുറഞ്ഞ ക്രെഡിറ്റ് സ്‌കോര്‍ 18 ആയിരിക്കെ, എംഎ കോളജില്‍ മാത്രം അത് 22 ആയി ഉയര്‍ത്തി നിര്‍ത്തിയിരിക്കുകയാണെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. വിഷയത്തില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രിയടക്കം ഇടപെട്ടിട്ടും ക്രെഡിറ്റ് സ്‌കോര്‍ കുറയ്ക്കാന്‍ കോളജ് അധികൃതര്‍ തയ്യാറായില്ല. നിലവില്‍ 22 സ്‌കോര്‍ തികയ്ക്കാനാകാതെ ഇരുപതോളം വിദ്യാര്‍ത്ഥികളാണ് ഇയര്‍ഔട്ട് ഭീഷണി നേരിടുന്നത്. ഈ മാനസിക സമ്മര്‍ദ്ദം താങ്ങാനാകാതെ മുന്‍പ് ചില വിദ്യാര്‍ത്ഥികള്‍ കോളേജില്‍ നിന്ന് ടിസി വാങ്ങിപ്പോയിരുന്നതായും വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ ആരോപണങ്ങള്‍ തള്ളി കോളജ് മാനേജ്മെന്റ് രംഗത്തെത്തി. ഓട്ടോണമസ് പദവിയുള്ള സ്ഥാപനമെന്ന നിലയില്‍ ക്രെഡിറ്റ് സ്‌കോര്‍ തീരുമാനിക്കാന്‍ കോളജിന് പൂര്‍ണ്ണ അധികാരമുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. പഠനനിലവാരവും ഇന്‍ഡസ്ട്രിയല്‍ സ്റ്റാന്‍ഡേര്‍ഡും ഉയര്‍ത്തുന്നതിന്റെ ഭാഗമായി അക്കാദമിക് കൗണ്‍സിലാണ് ഈ തീരുമാനമെടുത്തതെന്നും മാനേജ്മെന്റ് അറിയിച്ചു.
ക്രെഡിറ്റ് സ്‌കോറില്ല; ഇയര്‍ ഔട്ടാകുമെന്ന് ഭയം; കോതമംഗലം എംഎ കോളേജില്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കി