മുംബൈ: ബോളിവുഡിന്റെ പ്രിയതാരദമ്പതികളായ കിയാര അദ്വാനിയും സിദ്ധാർഥ് മൽഹോത്രയും രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാനൊരുങ്ങുന്നു. സോഷ്യൽ മീഡിയയിലൂടെ ഇരുവരും ചേർന്നാണ് ഈ സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ചത്.
തങ്ങളുടെ കൈകൾക്കൊപ്പം മകൾ സറയയുടെ കൈകളും ഒരു കൊച്ചു ബേബി സോക്സും ചേർത്തുവെച്ചുള്ള മനോഹരമായ ചിത്രത്തോടൊപ്പമാണ് വാർത്ത പുറത്തുവിട്ടത്. "എല്ലാ സമ്മാനങ്ങളേക്കാളും വലുത്, ഞങ്ങളുടെ ഹൃദയം നിറഞ്ഞിരിക്കുന്നു" എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
പുതിയ അതിഥിയെ വരവേൽക്കാനൊരുങ്ങുന്ന താരജോഡികൾക്ക് ആശംസകളുമായി ചലച്ചിത്ര ലോകം ഒന്നാകെ രംഗത്തെത്തിയിട്ടുണ്ട്. സംവിധായകൻ കരൺ ജോഹർ, നടിമാരായ റിയ കപൂർ, പരിണീതി ചോപ്ര, കീർത്തി സുരേഷ്, നടൻ ദുൽഖർ സൽമാൻ തുടങ്ങി നിരവധി പ്രമുഖരാണ് ആശംസകൾ നേർന്നത്.
2023-ലായിരുന്നു കിയാരയുടെയും സിദ്ധാർഥിന്റെയും വിവാഹം. തുടർന്ന് 2025-ലാണ് ഇവർക്ക് മകൾ സറയ ജനിക്കുന്നത്. ഗീതു മോഹൻദാസ് സംവിധാനം ചെയ്ത് യാഷ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച 'ടോക്സിക്' ആണ് കിയാരയുടേതായി ഏറ്റവും ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം.
രണ്ടാമത്തെ കൺമണിക്കായുള്ള കാത്തിരിപ്പിൽ കിയാര അദ്വാനിയും സിദ്ധാർഥ് മൽഹോത്രയും; സന്തോഷവാർത്ത പങ്കുവെച്ച് താരങ്ങൾ