കപ്പലില്‍ ജോലി ചെയ്യുന്ന എറണാകുളം ഞാറക്കല്‍ സ്വദേശിയായ യുവാവിനെ കപ്പലില്‍ നിന്നും കാണാതായി. ഞാറക്കല്‍ പാലിശ്ശേരി വീട്ടില്‍ 23 വയസുള്ള ഷിന്റോണ്‍ ബെന്നിയെ ആണ് ഇന്‍ഡോനേഷ്യക്ക് സമീപത്തു വെച്ച് കാണാതായത്. M .O. L മാരിടൈം ഷിപ്പിങ് കമ്പനിയുടെ വിക്ടോറിസ് എയ്‌സ് എന്ന കപ്പലിലെ ഡെക്ക് ഓഫീസര്‍ ട്രെയിനി ആയിരുന്നു ഷിന്റോണ്‍. ചൊവ്വാഴ്ച രാത്രിയാണ് അവസാനം വീട്ടിലേക്ക് വിളിച്ചത്.
ബുധനാഴ്ച ഉച്ചയോടെ ഷിന്റോണിനെ കാണാന്‍ ഇല്ലെന്നും ഡ്യൂട്ടിക്ക് കയറിയിട്ടില്ലെന്നും ഷിപ്പിങ് കമ്പനിയുടെ മുംബൈ ഓഫീസില്‍ നിന്നും ബന്ധുക്കള്‍ക്ക് അറിയിപ്പ് ലഭിച്ചു. കമ്പനിയുടെ മുംബൈ, ചെന്നൈ ഓഫീസുകളുമായി വീട്ടുകാര്‍ നിരന്തരം ബന്ധപ്പെടുന്നുണ്ട്. സൗത്ത് ആഫ്രിക്കയില്‍ നിന്നും സിംഗപ്പൂരിലേക്ക് പോവുകയായിരുന്നു കപ്പല്‍. തിരച്ചില്‍ അവസാനിപ്പിച്ച് കപ്പല്‍ സിംഗപ്പൂരിലേക്ക് പുറപ്പെട്ടു എന്നാണ് വിവരം. സംഭവത്തില്‍ ബന്ധുക്കള്‍ ഞാറക്കല്‍ പോലീസിലും ഷിപ്പിംഗ് മന്ത്രാലയത്തിനും പരാതി നല്‍കി.
ഇന്‍ഡോനേഷ്യക്ക് സമീപം കപ്പലില്‍ നിന്ന് മലയാളി യുവാവിനെ കാണാതായതായി പരാതി