ന്യൂഡല്‍ഹി: പാര്‍ലമെന്റ് പാസാക്കിയ ഖനന ഭേദഗതി നിയമത്തിനെതിരെ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ സുപ്രീം കോടതിയെ സമീപിക്കുന്നു. സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അധികാരങ്ങളിലേക്കുള്ള കടന്നുകയറ്റമാണ് പുതിയ നിയമ ഭേദഗതിയെന്നും ഇത് അടിയന്തരമായി റദ്ദാക്കണമെന്നുമാണ് സംസ്ഥാനങ്ങളുടെ നിലപാട്. വിഷയത്തില്‍ മുതിര്‍ന്ന ഭരണഘടനാ വിദഗ്ധരില്‍ നിന്നും നിയമോപദേശം തേടിയ ശേഷമാണ് ഹര്‍ജി നല്‍കാനുള്ള തീരുമാനം.
കേരളത്തിന് പുറമെ കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടക, തെലങ്കാന, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളും നിയമഭേദഗതിയെ ചോദ്യം ചെയ്ത് പരമോന്നത കോടതിയെ സമീപിക്കും. ഹര്‍ജി ഫയല്‍ ചെയ്യുന്നതിന് മുന്നോടിയായി മുഖ്യമന്ത്രിമാര്‍ തമ്മില്‍ ആശയവിനിമയം നടത്തിയിട്ടുണ്ട്. പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമായ ഝാര്‍ഖണ്ഡും സമാന നിലപാടോടെ കോടതിയെ സമീപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഖനനത്തിന് ഭൂമി പാട്ടത്തിന് നല്‍കാനുള്ള പൂര്‍ണ്ണ അവകാശം കേന്ദ്ര സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുന്നതാണ് ഭേദഗതിയിലെ പ്രധാന വ്യവസ്ഥ. നിയമം നടപ്പിലാകുന്നതോടെ ക്വാറികള്‍, ഖനന മേഖലകള്‍, ധാതുസമ്പന്ന പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് നികുതിയും സെസ്സുകളും പിരിക്കാനുള്ള സംസ്ഥാനങ്ങളുടെ റവന്യൂ അധികാരം കവരപ്പെടുമെന്ന കടുത്ത ആശങ്കയിലാണ് സംസ്ഥാനങ്ങള്‍.
ഖനന നിയന്ത്രണ നിയമ ഭേദഗതി: കേരളം ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് ഭരണ സംസ്ഥാനങ്ങള്‍ സുപ്രീം കോടതിയിലേക്ക്