തിരുവനന്തപുരം: സംസ്ഥാനത്തെ നാല് ജില്ലകളിൽ നാളെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കോട്ടയം, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
തുടർന്നുള്ള മൂന്ന് ദിവസങ്ങളിൽ സംസ്ഥാനത്ത് പ്രത്യേക മഴ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടില്ല. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ചൊവ്വാഴ്ച രാത്രി 11.30 വരെ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഇതുമൂലം തീരപ്രദേശങ്ങളിൽ കടലാക്രമണത്തിനും സാധ്യതയുണ്ട്.
ചൊവ്വാഴ്ച രാത്രി 11.30 വരെ കന്യാകുമാരി തീരത്തും 1.5 മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും കടലിൽ ഇറങ്ങുമ്പോൾ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം നിർദേശിച്ചു.
നാല് ജില്ലകളിൽ നാളെ മഴ മുന്നറിയിപ്പ്; യെല്ലോ അലർട്ട്, തീരത്ത് കള്ളക്കടൽ ജാഗ്രത