തിരുവനന്തപുരം: പാലക്കാട് റെയില്‍വേ ഡിവിഷനില്‍ നിന്ന് മംഗലാപുരം സ്റ്റേഷന്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ മാറ്റാനുള്ള റെയില്‍വേ ബോര്‍ഡിന്റെ തീരുമാനം ഏകപക്ഷീയമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. തീരുമാനം അടിയന്തരമായി പുനപരിശോധിക്കണമെന്നത് കേരളത്തിന്റെ ഒറ്റക്കെട്ടായ ആവശ്യമാണെന്നും പ്രശ്‌നപരിഹാരത്തിനായി കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുമെന്നും അദ്ദേഹം പ്രസ്താവനയിലൂടെ വ്യക്തമാക്കി.
വളരെ പ്രധാനപ്പെട്ട മംഗലാപുരം ജങ്ഷന്‍ ഒഴിവാക്കിയതിലൂടെ പാലക്കാട് ഡിവിഷന്റെ വരുമാനം ഗണ്യമായി കുറയുകയും ഇത് ഡിവിഷന്റെ വികസനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. റെയില്‍വേ മന്ത്രാലയത്തിന്റെ ഈ തീരുമാനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. നിലവില്‍ സതേണ്‍ റെയില്‍വേയില്‍ ഉള്‍പ്പെട്ട ഉള്ളാള്‍ മുതല്‍ മംഗലാപുരം വരെയുള്ള പ്രദേശങ്ങള്‍ സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയില്‍ ലയിക്കുന്നതോടെ സതേണ്‍ റെയില്‍വേക്കും കേരളത്തിനും വലിയ നഷ്ടമാണ് സംഭവിക്കുന്നത്.
സംസ്ഥാനത്തെ അറിയിക്കുകയോ ഏതെങ്കിലും തരത്തിലുള്ള ചര്‍ച്ചകള്‍ നടത്തുകയോ ചെയ്യാതെയാണ് പാലക്കാട് ഡിവിഷനെ വിഭജിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. അടിയന്തരമായ പ്രശ്‌നപരിഹാരം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനും കത്തയയ്ക്കുമെന്നും, സംസ്ഥാനത്തെ എം.പിമാരുടെ കൂടി സഹകരണത്തോടെ തീരുമാനം പുനപരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും വി.ഡി. സതീശന്‍ അറിയിച്ചു.
മംഗലാപുരത്തെ പാലക്കാട് ഡിവിഷനില്‍ നിന്നും വേര്‍പെടുത്താനുള്ള തീരുമാനം ഏകപക്ഷീയം; തീരുമാനം പുനപരിശോധിക്കണമെന്ന് മുഖ്യമന്ത്രി; പ്രധാനമന്ത്രിക്ക് കത്തയക്കും