നഴ്‌സുമാരുടെ സമരം: 'കണ്ണീരിന് മുന്നിൽ സർക്കാർ മൗനം പാലിക്കുന്നു; യുഡിഎഫ് സർക്കാർ വന്നാൽ അവകാശങ്ങൾ നടപ്പിലാക്കും'; കെ.സി. വേണുഗോപാൽ

നഴ്‌സുമാരെ പന്ത്രണ്ട് മണിക്കൂറിലധികം വിശ്രമമില്ലാതെ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യിപ്പിക്കുന്നത് ആധുനിക കാലത്തെ അടിമപ്പണിയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ (യു.എൻ.എ) നേതൃത്വത്തിൽ തിരുവനന്തപുരം മാനവീയം വീഥിയിൽ നടന്ന പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുപ്രീം കോടതി നിർദ്ദേശിച്ച 40,000 രൂപ അടിസ്ഥാന ശമ്പളം എന്ന ന്യായമായ ആവശ്യം പോലും നടപ്പിലാക്കാൻ സർക്കാർ തയ്യാറാകുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ആരോഗ്യരംഗത്ത് ഒന്നാം സ്ഥാനത്താണെന്ന് അവകാശപ്പെടുമ്പോഴും, ഭൂരിഭാഗവും സ്ത്രീകളായ ആരോഗ്യപ്രവർത്തകരുടെ കണ്ണീരിന് മുന്നിൽ സർക്കാർ മൗനം പാലിക്കുന്നത് വലിയ ക്രൂരതയാണ്. സ്വന്തം അവകാശങ്ങൾക്കായി ശബ്ദമുയർത്തുന്നവരെ ഫാസിസ്റ്റ് ശൈലിയിൽ അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഏഴ് വർഷമായി സംസ്ഥാനത്ത് നഴ്‌സുമാർക്ക് ശമ്പള വർദ്ധനവ് നൽകാതെ വഞ്ചിക്കുകയാണെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. സ്വകാര്യ ആശുപത്രികൾ കോടികൾ ലാഭം കൊയ്യുമ്പോഴും ഈ ആരോഗ്യപ്രവർത്തകർ അവഗണിക്കപ്പെടുകയാണ്. യു.എൻ.എ നടത്തുന്ന ഈ പോരാട്ടത്തിന് കോൺഗ്രസിന്റെയും യുഡിഎഫിന്റെയും പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച അദ്ദേഹം, മാസങ്ങൾക്കപ്പുറം വരാനിരിക്കുന്ന യുഡിഎഫ് സർക്കാർ നഴ്‌സുമാരുടെ അവകാശങ്ങൾ നടപ്പിലാക്കുമെന്ന ഉറപ്പും നൽകി. ചടങ്ങിൽ മാത്യു കുഴൽനാടൻ എംഎൽഎ, കെ.എസ്. ശബരിനാഥൻ തുടങ്ങിയവർ പങ്കെടുത്തു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.