തിരുവനന്തപുരം: കന്യാകുമാരി കരുങ്കലിലെ നഴ്സിങ് കോളേജിൽ മലയാളി വിദ്യാർഥിനി കെട്ടിടത്തിൽനിന്ന് വീണ് മരിച്ചു. നെയ്യാറ്റിൻകര സ്വദേശിനിയും ബെത്‌ലഹേം നഴ്സിങ് കോളേജിലെ മൂന്നാം വർഷ വിദ്യാർഥിനിയുമായ ആൻസിജിയാണ് മരിച്ചത്. കോളേജ് അധികൃതരുടെ മാനസിക പീഡനത്തെ തുടർന്നാണ് ആൻസിജി ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം.
വെള്ളിയാഴ്ച ഉച്ചയോടെയാണ് ആൻസിജി കോളേജ് കെട്ടിടത്തിന്റെ മൂന്നാം നിലയിൽനിന്ന് വീണത്. ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിനിയെ ആദ്യം മാർത്താണ്ഡത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരത്തെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയോടെയാണ് മരണം സംഭവിച്ചത്.
സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ കോളേജ് അധികൃതർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് കുടുംബം ഉന്നയിക്കുന്നത്. ക്ലാസിൽ മൊബൈൽ ഫോൺ ഉപയോഗിച്ചെന്ന പേരിൽ പ്രിൻസിപ്പൽ ആൻസിജിയെ അനാവശ്യമായി ശകാരിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം.
ഏതാനും മാസം മുമ്പ് കോളേജ് ഹോസ്റ്റലിൽ നിലവാരമില്ലാത്ത ഭക്ഷണം നൽകിയതിനെതിരെ വിദ്യാർഥികൾ പ്രതിഷേധിച്ചിരുന്നു. ആൻസിജിയും പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു. ഇതിന്റെ പേരിലും കോളേജ് മാനേജ്മെന്റ് ആൻസിജിയോട് വൈരാഗ്യത്തോടെ പെരുമാറിയിരുന്നതായി കുടുംബം ആരോപിച്ചു.
സംഭവത്തിൽ രക്ഷിതാക്കൾ കരുങ്കൽ പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പ്രിൻസിപ്പൽ ഷീജയ്ക്കും കോളേജ് മാനേജ്മെന്റിനുമെതിരെ പൊലീസ് കേസെടുത്തു. ആത്മഹത്യാ പ്രേരണക്കുറ്റം ഉൾപ്പെടെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോളേജ് അധികൃതരുടെയും വിദ്യാർഥികളുടെയും മൊഴിയുൾപ്പെടെ ശേഖരിച്ചശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
കന്യാകുമാരിയിൽ നഴ്സിങ് വിദ്യാർഥിനി കെട്ടിടത്തിൽനിന്ന് വീണ് മരിച്ചു; കോളേജ് അധികൃതർക്കെതിരെ ആരോപണവുമായി കുടുംബം