Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

തെക്കൻ കേരള തീരത്തെ ജെല്ലിഫിഷ് വ്യാപനം; ശാസ്ത്രീയ പഠനവും നയപരമായ ഇടപെടലും വേണമെന്ന് കെ.സി. വേണുഗോപാൽ

തെക്കൻ കേരള തീരത്തെ ജെല്ലിഫിഷ് വ്യാപനം; ശാസ്ത്രീയ പഠനവും നയപരമായ ഇടപെടലും വേണമെന്ന് കെ.സി. വേണുഗോപാൽ

ആലപ്പുഴ: ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം തീരപ്രദേശങ്ങളിൽ ജെല്ലിഫിഷുകളുടെ വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്താൻ ശാസ്ത്രീയ പഠനം നടത്തണമെന്ന് ആവശ്യപ്പെട്ട് കെ.സി. വേണുഗോപാൽ എംപി. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (CMFRI) ഡയറക്ടർക്ക് അദ്ദേഹം കത്ത് നൽകി.

ജെല്ലിഫിഷുകളുടെ വൻതോതിലുള്ള സാന്നിധ്യം മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിന് ഗുരുതര ഭീഷണിയായി മാറിയിരിക്കുകയാണെന്ന് കെ.സി. വേണുഗോപാൽ കത്തിൽ ചൂണ്ടിക്കാട്ടി. മൺസൂൺ കാലത്തിന് ശേഷം എല്ലാ വർഷവും ജൂലൈ മുതൽ ജനുവരി വരെ ജെല്ലിഫിഷുകളുടെ സാന്നിധ്യം വർധിക്കുന്നതായി മത്സ്യത്തൊഴിലാളികൾ പറയുന്നതായും അദ്ദേഹം വ്യക്തമാക്കി.

കടലിൽ മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികളുടെ വലയിൽ ആയിരക്കണക്കിന് ജെല്ലിഫിഷുകൾ കുടുങ്ങുന്നത് വലകൾക്കും മറ്റ് മത്സ്യബന്ധന ഉപകരണങ്ങൾക്കും വലിയ നാശനഷ്ടമുണ്ടാക്കുന്നു. ജെല്ലിഫിഷിന്റെ ശരീരത്തിൽ നിന്നുള്ള ഒട്ടിപ്പിടിക്കുന്ന ദ്രവം മത്സ്യത്തിന്റെ ഗുണനിലവാരത്തെയും വിപണനത്തെയും ബാധിക്കുന്നതായും കത്തിൽ പറയുന്നു.

ജെല്ലിഫിഷുമായുള്ള സമ്പർക്കം മത്സ്യത്തൊഴിലാളികൾക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടാക്കുന്നതായും ഇതുമൂലം ചിലർ കടലിൽ പോകുന്നതിൽ നിന്ന് വിട്ടുനിൽക്കുന്ന സാഹചര്യമുണ്ടെന്നും കെ.സി. വേണുഗോപാൽ ചൂണ്ടിക്കാട്ടി.

ജെല്ലിഫിഷ് വ്യാപനം മത്സ്യത്തൊഴിലാളികളുടെ മാത്രം പ്രശ്നമായി കാണാനാകില്ലെന്നും വലിയ തോതിലുള്ള വ്യാപനം തീരദേശ വ്യവസായങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും ഭീഷണിയാകാമെന്നും അദ്ദേഹം പറഞ്ഞു. മുൻകാലങ്ങളിൽ കൂടങ്കുളം ആണവനിലയത്തിന്റെ കടൽജല ഇൻടേക്ക് സംവിധാനങ്ങളിലും കൂളിംഗ് ഫിൽട്ടറുകളിലും ജെല്ലിഫിഷുകൾ അടിഞ്ഞുകൂടി പ്രവർത്തന തടസ്സങ്ങൾ സൃഷ്ടിച്ച സംഭവങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരള തീരത്ത് ജെല്ലിഫിഷുകളുടെ വ്യാപനം വർധിക്കുന്നതിന് പിന്നിലെ കാരണങ്ങൾ ശാസ്ത്രീയമായി പരിശോധിക്കണമെന്ന് കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു. സമുദ്ര താപനിലയിലെ മാറ്റം, കാലാവസ്ഥാ വ്യതിയാനം, സമുദ്രത്തിലെ പാരിസ്ഥിതിക മാറ്റങ്ങൾ, മത്സ്യസമ്പത്തിലെ വ്യതിയാനം, മലിനീകരണം തുടങ്ങിയ ഘടകങ്ങൾ പഠനവിധേയമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ജെല്ലിഫിഷ് വ്യാപനം നേരിടുന്നതിനുള്ള പ്രായോഗിക മാർഗനിർദേശങ്ങൾ മത്സ്യത്തൊഴിലാളികൾക്ക് നൽകണമെന്നും വലകളും മത്സ്യബന്ധന ഉപകരണങ്ങളും സംരക്ഷിക്കുന്നതിനുള്ള സാങ്കേതികവിദ്യകൾ വികസിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, വലിയ തോതിൽ ലഭിക്കുന്ന ജെല്ലിഫിഷുകളെ വാണിജ്യപരമായി സംസ്കരിച്ച് മൂല്യവർധിത ഉൽപ്പന്നങ്ങളാക്കി മാറ്റുന്നതിനുള്ള സാധ്യതകളും പരിശോധിക്കണമെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. കയറ്റുമതി സാധ്യതകൾ പ്രയോജനപ്പെടുത്താനാകുമോയെന്നും പഠിക്കണം. ഇതുവഴി മത്സ്യത്തൊഴിലാളികൾക്കുണ്ടാകുന്ന നഷ്ടം കുറയ്ക്കുന്നതിനൊപ്പം ജെല്ലിഫിഷ് വ്യാപനത്തെ സാമ്പത്തിക അവസരമാക്കി മാറ്റാനാകുമോയെന്നും പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തിൽ മത്സ്യത്തൊഴിലാളികളുടെ ഉപജീവനം സംരക്ഷിക്കുന്നതിനും തീരദേശ പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിനുമായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ആവശ്യമായ നയപരമായ നടപടികൾ സ്വീകരിക്കണമെന്നും കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു.




Related articles

See all
Popular News

വൃശ്ചികം ഒരു മാസം അകലെനിൽക്കെ പതിവ് തെറ്റിച്ച് പ്രഭാതമഞ്ഞും കനത്ത മഴയും; വിചിത്ര കാലാവസ്ഥയ...

Popular News

അഭിമാന നിമിഷം: രാജ്യത്ത് ആദ്യമായി മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി നിയമസഭയില്‍ ബില്‍ അ...

Popular News

സംസ്ഥാനത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാത്തൂർ; രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ തമിഴ്‌നാട്...

Popular News

സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് കോഴിക്കോട് ഒരുങ്ങി; ഒക്ടോബർ 25 മുതൽ 31 വരെ കായികമാമാങ്കം

Save your stories

Sign in