കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയെന്ന കേസിനു പിന്നില്‍ രാഷ്ട്രീയ പ്രതികാരമാണെന്ന് ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ ജാന്‍മണി ദാസ്. സി.ജെ.പി സമരത്തില്‍ പങ്കെടുത്തതിന്റെ വിരോധമാണ് കേസിന് കാരണമെന്നും എന്നാല്‍ താന്‍ നടത്തിയ പരാമര്‍ശങ്ങളില്‍ ക്ഷമ ചോദിക്കുന്നുവെന്നും ജാന്‍മണി വ്യക്തമാക്കി.
ഹിന്ദി വീഡിയോയുടെ മലയാളം തര്‍ജ്ജമ വന്നപ്പോള്‍ താന്‍ സംസാരിച്ച രീതിയില്‍ തെറ്റിദ്ധാരണയുണ്ടായതാണ്. തനിക്കറിയാവുന്ന മലയാളത്തിലാണ് കാര്യങ്ങള്‍ വിശദീകരിച്ചതെന്നും അത്തരത്തിലുള്ള വാക്കുകള്‍ തന്റെ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ലായിരുന്നുവെന്നും അവര്‍ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ജാന്‍മണി ദാസ് (41), വീഡിയോ പകര്‍ത്തിയ തിരുവമ്പാടി സ്വദേശി കെ.എസ്. അഭിന്‍ (35), വീഡിയോ യൂട്യൂബ് ചാനല്‍ വഴി പ്രചരിപ്പിച്ച പാലക്കാട് സ്വദേശി സജിത് (28) എന്നിവരെ കോഴിക്കോട് സിറ്റി സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ഇവര്‍ക്ക് സ്റ്റേഷന്‍ ജാമ്യം അനുവദിച്ചു.
സമൂഹത്തില്‍ ചേരിതിരിവും ലഹളയും ഉണ്ടാക്കാന്‍ ലക്ഷ്യമിട്ട് അപകീര്‍ത്തികരമായ വീഡിയോ പ്രചരിപ്പിച്ചെന്നാരോപിച്ച് മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് നവ്യാ ഹരിദാസ് നല്‍കിയ പരാതിയിലാണ് പോലീസ് നടപടി. സൈബര്‍ പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ ടി. മനോഹരന്റെ നേതൃത്വത്തില്‍ ഇവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷമാണ് ജാമ്യത്തില്‍ വിട്ടയച്ചത്. അസം സ്വദേശിയായ ജാന്‍മണി ദാസ് നിലവില്‍ എറണാകുളത്താണ് താമസിക്കുന്നത്.
പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപ കേസ്: സി.ജെ.പി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമെന്ന് ജാന്‍മണി ദാസ്