ന്യൂഡൽഹി: രാജ്യത്ത് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ ഉള്ളടക്ക നിയന്ത്രണം ശക്തമാക്കി കേന്ദ്ര സർക്കാർ. മാർച്ച് മുതൽ ജൂലൈ വരെയുള്ള അഞ്ച് മാസത്തിനിടെ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽനിന്നായി ഏകദേശം 1.95 ലക്ഷം ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ നിർദേശം നൽകിയതായാണ് റിപ്പോർട്ടുകൾ. പ്രതിദിനം ശരാശരി 1,275 ഉള്ളടക്കങ്ങൾ നീക്കം ചെയ്യുന്നതിനുള്ള നിർദേശമാണ് ഈ കാലയളവിൽ ലഭിച്ചതെന്നാണ് കണക്കുകൾ.
മെറ്റയുടെ ഉടമസ്ഥതയിലുള്ള ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽനിന്ന് ഉള്ളടക്കങ്ങൾ നീക്കം ചെയ്തതിന്റെ കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ഫേസ്ബുക്കിൽനിന്ന് മാത്രം 80,000ത്തോളം പോസ്റ്റുകൾ നീക്കം ചെയ്തതായാണ് റിപ്പോർട്ട്. യൂട്യൂബിൽനിന്ന് ഏകദേശം 15,000 വീഡിയോകളും ഇതേ കാലയളവിൽ നീക്കം ചെയ്തിട്ടുണ്ട്.
ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള സഹയോഗ് പോർട്ടലുമായി സഹകരിച്ചാണ് ഉള്ളടക്കങ്ങൾ നിയന്ത്രിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. പോർട്ടൽ വഴി ലഭിക്കുന്ന നിർദേശങ്ങൾ പരിഗണിച്ചാണ് പ്ലാറ്റ്‌ഫോമുകൾ ഉള്ളടക്കങ്ങൾ നീക്കം ചെയ്യുന്നതെന്നാണ് വിവരം.
ഈ കാലയളവിൽ ഡൽഹിയിൽ നടന്ന വിദ്യാർഥി പ്രക്ഷോഭവും സോഷ്യൽ മീഡിയയുടെ ഉപയോഗവും ചർച്ചയാകുന്നുണ്ട്. കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന സമരത്തിൽ വിദ്യാർഥികൾ സംഘടിക്കുന്നതിനും സമരവുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവെക്കുന്നതിനും പ്രധാനമായും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളെയാണ് ആശ്രയിച്ചതെന്നാണ് റിപ്പോർട്ടുകൾ.
പ്രധാനധാരാ മാധ്യമങ്ങൾ സമരത്തിന് വേണ്ടത്ര പ്രാധാന്യം നൽകിയില്ലെന്ന ആരോപണങ്ങൾക്കിടെ സോഷ്യൽ മീഡിയയിലൂടെയാണ് പ്രക്ഷോഭവുമായി ബന്ധപ്പെട്ട വിവരങ്ങൾ വ്യാപകമായി പ്രചരിച്ചതെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇതോടെ സോഷ്യൽ മീഡിയയിലെ ഉള്ളടക്ക നിയന്ത്രണം വീണ്ടും രാഷ്ട്രീയ-പൊതുസമൂഹ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
സോഷ്യൽ മീഡിയ നിയന്ത്രണം ശക്തമാക്കി കേന്ദ്രം; അഞ്ച് മാസത്തിനിടെ 1.95 ലക്ഷം ഉള്ളടക്കങ്ങൾ നീക്കാൻ നിർദേശം