ഇടുക്കി: നെടുങ്കണ്ടത്തിന് സമീപം എഴുകുംവയലിൽ മാതാപിതാക്കളെ മകൻ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അജീഷ് (26) പൊലീസ് കസ്റ്റഡിയിൽ. പാറത്തറയിൽ ആന്റണി (59), ഭാര്യ വത്സമ്മ (55) എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതി ലഹരിക്ക് അടിമയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
വെള്ളിയാഴ്ച രാത്രി 9.30ഓടെയാണ് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്. മാതാപിതാക്കളുമായി അജീഷ് വഴക്കിടുകയും തുടർന്ന് പ്രകോപിതനായി ഇരുവരെയും ആക്രമിക്കുകയുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
കൊലപാതകത്തിന് പിന്നാലെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ പ്രതി അത് ബന്ധുവിന് അയച്ചുകൊടുത്തു. ബന്ധു ദൃശ്യങ്ങൾ ഇടവക വികാരിക്ക് കൈമാറിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
വിവരമറിഞ്ഞ് നാട്ടുകാർ സ്ഥലത്തെത്തിയപ്പോൾ അജീഷ് കത്തിയുമായി അക്രമാസക്തനായി നിൽക്കുകയായിരുന്നു. തുടർന്ന് നെടുങ്കണ്ടം പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്ത ശേഷമാണ് വീടിനുള്ളിലേക്ക് പ്രവേശിക്കാനായത്.
ദമ്പതികളുടെ ശരീരത്തിൽ വെട്ടേറ്റും കുത്തേറ്റുമുള്ള പരിക്കുകളുണ്ട്. ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്. ആക്രമണത്തിനിടെ അജീഷിനും കൈയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ഇയാൾക്ക് പ്രാഥമിക ചികിത്സ നൽകി.
സംഭവത്തിൽ നെടുങ്കണ്ടം പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം, പ്രതിയുടെ ലഹരി ഉപയോഗം, ആക്രമണത്തിന്റെ മറ്റ് കാരണങ്ങൾ എന്നിവയും പൊലീസ് പരിശോധിച്ചുവരികയാണ്.
ഇടുക്കിയിൽ മാതാപിതാക്കളെ കൊലപ്പെടുത്തിയ മകൻ കസ്റ്റഡിയിൽ; പ്രതി ലഹരിക്ക് അടിമയെന്ന് പൊലീസ്