തിരുവനന്തപുരം: സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ സേവനങ്ങൾ കൂടുതൽ സുതാര്യവും രോഗീസൗഹൃദവുമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികളിലും ഡോക്ടർമാരുടെ വിവരങ്ങൾ വ്യക്തമായി പ്രദർശിപ്പിക്കാൻ ആരോഗ്യ-ദേവസ്വം മന്ത്രി കെ. മുരളീധരൻ നിർദേശം നൽകി. ഓരോ ഡോക്ടറുടെയും പേര്, ഒ.പി ദിവസങ്ങൾ, സമയം, കൺസൾട്ടേഷൻ സമയക്രമം എന്നിവ പൊതുജനങ്ങൾക്ക് കാണാവുന്ന തരത്തിൽ ബോർഡിൽ പ്രദർശിപ്പിക്കണമെന്നാണ് നിർദേശം.
സംസ്ഥാനത്തെ താഴെത്തട്ടിലുള്ള പല സർക്കാർ ആശുപത്രികളിലും ഒ.പി സമയത്ത് ഡോക്ടർമാരുടെ സേവനം ലഭ്യമാകുന്നില്ലെന്നും രോഗികൾ മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവരുന്നുവെന്നുമുള്ള പരാതികൾ ലഭിച്ചതിനെ തുടർന്നാണ് മന്ത്രിയുടെ ഇടപെടൽ. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രികൾ വരെയുള്ള എല്ലാ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലും നിർദേശം അടിയന്തരമായി നടപ്പാക്കാൻ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് മന്ത്രി നിർദേശം നൽകി.
ഓരോ ആരോഗ്യകേന്ദ്രത്തിലെയും അനുവദിച്ച ഡോക്ടർ തസ്തികകളുടെ എണ്ണം, നിലവിലുള്ള ഒഴിവുകളുടെ എണ്ണം, ഓരോ ഡോക്ടറുടെയും ഒ.പി സമയം, കൺസൾട്ടേഷൻ സമയക്രമം തുടങ്ങിയ വിവരങ്ങൾ ആശുപത്രിയിൽ വ്യക്തമായി പ്രദർശിപ്പിക്കണം. വിവരങ്ങളിൽ മാറ്റമുണ്ടാകുന്ന സാഹചര്യത്തിൽ ബോർഡുകൾ കൃത്യമായ ഇടവേളകളിൽ പുതുക്കുകയും വേണം.
ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നതിൽ സുതാര്യതയും ഉത്തരവാദിത്തവും വർധിപ്പിക്കുകയും ഡോക്ടർമാരുടെ സേവനത്തെക്കുറിച്ച് രോഗികൾക്കും പൊതുജനങ്ങൾക്കും വ്യക്തമായ ധാരണ നൽകുകയുമാണ് നടപടിയുടെ ലക്ഷ്യം.
പരാതി പരിഹാര സംവിധാനത്തിന്റെ ഭാഗമായി ബന്ധപ്പെട്ട ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ (വിജിലൻസ്) ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ ബന്ധപ്പെടാനുള്ള വിവരങ്ങളും ആശുപത്രികളിൽ വ്യക്തമായി പ്രദർശിപ്പിക്കണം. ഡോക്ടർമാരുടെ കുറവ്, കൃത്യസമയത്ത് ഡോക്ടർമാർ എത്താത്തത് തുടങ്ങിയ പ്രശ്നങ്ങൾ നേരിട്ട് ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്താൻ ഇതിലൂടെ പൊതുജനങ്ങൾക്ക് സാധിക്കും.
നിർദേശങ്ങൾ കർശനമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ആവശ്യമായ തുടർനടപടികൾ സ്വീകരിക്കാനും ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തി. രോഗികൾക്ക് യഥാസമയം ചികിത്സ ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും ഇക്കാര്യത്തിൽ വീഴ്ചകൾ ഉണ്ടാകുന്ന സാഹചര്യത്തിലാണ് പുതിയ നടപടി സ്വീകരിക്കുന്നതെന്നും മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി.
സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ പേരും ഒ.പി സമയവും പ്രദർശിപ്പിക്കണം; മന്ത്രി കെ. മുരളീധരൻ