തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളിലെ സ്വകാര്യ സര്‍വ്വകലാശാലകളില്‍ നിന്ന് പണം നല്‍കി പിഎച്ച്ഡി വാങ്ങുന്ന സംഘത്തെക്കുറിച്ച് പോലീസിന്റെ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. കേരളത്തില്‍ ഈ സംഘത്തിന് നേതൃത്വം നല്‍കുന്നത് നിയമസഭയിലെ ഉന്നത തസ്തികയില്‍ നിന്ന് വിരമിച്ച മുതിര്‍ന്ന ഉദ്യോഗസ്ഥനാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇദ്ദേഹത്തെ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്.
ഇത്തരത്തില്‍ പണം നല്‍കി പിഎച്ച്ഡി നേടിയ കോളേജ് അധ്യാപകര്‍, സര്‍ക്കാര്‍ ജീവനക്കാര്‍ തുടങ്ങിയവരില്‍ നിന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് ഉടന്‍ വിവരങ്ങള്‍ ശേഖരിക്കും. പ്രാഥമിക അന്വേഷണത്തിന് ശേഷം വിശദമായ റിപ്പോര്‍ട്ട് ഇന്റലിജന്‍സ് എഡിജിപിക്ക് കൈമാറും. പണം നല്‍കി പിഎച്ച്ഡി നേടുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് ഇതിനോടകം പോലീസിന് ലഭിച്ചിട്ടുള്ളത്. വ്യാജമായി സംഘടിപ്പിച്ച ഈ പിഎച്ച്ഡി ബിരുദങ്ങള്‍ ഉപയോഗിച്ച് നടത്തിയ സര്‍വീസ് ചട്ടലംഘനങ്ങള്‍, നിയമവിരുദ്ധമായി നേടിയ പ്രൊമോഷനുകള്‍, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവയും സ്‌പെഷ്യല്‍ ബ്രാഞ്ച് പരിശോധിക്കും. അന്വേഷണത്തില്‍ സര്‍ക്കാറിന് സാമ്പത്തിക നഷ്ടം ഉണ്ടായതായി കണ്ടെത്തിയാല്‍ തുടര്‍ നടപടികള്‍ക്കായി കേസ് വിജിലന്‍സിന് കൈമാറാനാണ് സാധ്യത.
വ്യാജ പിഎച്ച്ഡി മാഫിയ: സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു