ബംഗളൂരു: ഡി.കെ. ശിവകുമാര്‍ ഇന്ന് കര്‍ണാടകയുടെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ബംഗളൂരുവിലെ ലോക് ഭവനില്‍ വെച്ച് ഇന്ന് വൈകീട്ടാണ് ഔദ്യോഗിക സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക. സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രി സിദ്ധരാമയ്യയില്‍ നിന്നാണ് ഡി.കെ. ശിവകുമാര്‍ സംസ്ഥാനത്തിന്റെ ഭരണം ഏറ്റെടുക്കുന്നത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എന്നിവരുടെ നേതൃത്വത്തില്‍ സിദ്ധരാമയ്യയോടും ശിവകുമാറിനോടും നടത്തിയ മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് സര്‍ക്കാര്‍ രൂപീകരണത്തില്‍ അന്തിമ തീരുമാനമായത്. നഗരത്തിലെ ഗതാഗതക്കുരുക്കും മറ്റ് ബുദ്ധിമുട്ടുകളും ഒഴിവാക്കുന്നതിനായി വിധാന സൗധയ്ക്ക് പകരം ലോക് ഭവനില്‍ ലളിതമായ ചടങ്ങുകളോടെയാണ് സത്യപ്രതിജ്ഞ സംഘടിപ്പിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിക്കൊപ്പം ആദ്യഘട്ടത്തില്‍ 11 മുതല്‍ 13 വരെയുള്ള മന്ത്രിമാരും ഇന്ന് ചുമതലയേല്‍ക്കും. സംസ്ഥാനത്തെ പ്രാദേശിക-ജാതി സമവാക്യങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ടാണ് ഹൈക്കമാന്‍ഡ് ആദ്യ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഈ മാസം 18-ന് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും മന്ത്രിസഭയുടെ അടുത്ത വിപുലീകരണം. ഏക ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ ജി. പരമേശ്വരയുടെ പേരാണ് മുന്‍പന്തിയിലുള്ളത്. എം.ബി. പാട്ടീല്‍, സതീഷ് ജാര്‍ക്കിഹോളി, രാമലിംഗ റെഡ്ഡി, ഈശ്വര്‍ ഖന്ദ്രേ തുടങ്ങിയ മുതിര്‍ന്ന നേതാക്കളും ആദ്യഘട്ടത്തില്‍ സത്യപ്രതിജ്ഞ ചെയ്യും.
കര്‍ണാടക രാഷ്ട്രീയത്തിലെ മലയാളി സാന്നിധ്യത്തെ കൂടുതല്‍ ഉറപ്പിക്കുന്നതാണ് പുതിയ മന്ത്രിസഭാ പ്രഖ്യാപനം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.ജെ. ജോര്‍ജ്, സ്പീക്കര്‍ യു.ടി. ഖാദര്‍ എന്നീ രണ്ട് പ്രമുഖ മലയാളി നേതാക്കള്‍ പുതിയ മന്ത്രിസഭയില്‍ ഇടംപിടിച്ചത് കേരളത്തിനും അഭിമാനകരമായി മാറിയിട്ടുണ്ട്.
കര്‍ണാടകയില്‍ ഡി.കെ. ശിവകുമാര്‍ യുഗം: ഇന്ന് സത്യപ്രതിജ്ഞ; രണ്ട് മലയാളികള്‍ മന്ത്രിസഭയിലേക്ക്