തിരുവനന്തപുരം: ‘കള്ളൻ വിജയൻ’ വിവാദത്തിന് പിന്നാലെ ദേശാഭിമാനി വാരാന്തപ്പതിപ്പിന്റെ ചുമതലയുള്ള ന്യൂസ് എഡിറ്റർ കെ.ആർ. അജയൻ രാജിവച്ചു. മാനേജ്മെന്റിന്റെ നിർദേശത്തെ തുടർന്നാണ് രാജിയെന്നാണ് വിവരം. ഒന്നുകിൽ അവധിയിൽ പ്രവേശിക്കുകയോ രാജിവെക്കുകയോ ചെയ്യണമെന്ന് അജയനോട് നിർദേശിച്ചതായും റിപ്പോർട്ടുണ്ട്. ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശനാണ് നിർദേശം നൽകിയതെന്നാണ് വിവരം.
വാരാന്തപ്പതിപ്പിന്റെ ചുമതല വഹിച്ചിരുന്ന അജയനെ നേരത്തെ ചുമതലകളിൽനിന്ന് മാറ്റിയിരുന്നു. വിവാദവുമായി ബന്ധപ്പെട്ട് അജയൻ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഇതിന് പിന്നാലെയാണ് അധികൃതരുടെ നിർദേശപ്രകാരം രാജിയിലേക്ക് കടന്നത്.
വി.എസ്. അച്യുതാനന്ദന്റെ മുൻ പ്രസ് സെക്രട്ടറി കെ.വി. സുധാകരൻ എഴുതിയ വി.എസ്. അനുസ്മരണത്തിനൊപ്പം പ്രസിദ്ധീകരിച്ച വാരാന്തപ്പതിപ്പിലാണ് ‘കള്ളൻ വിജയൻ, ധന്യ നാടകഗ്രാമം, മുത്തിപ്പാറ പി.ഒ.’ എന്ന തലക്കെട്ടിലുള്ള ഫീച്ചർ ഉൾപ്പെട്ടത്. ഇതിനെ തുടർന്ന് ജൂലൈ മൂന്നാംവാരത്തിലെ ഞായറാഴ്ചത്തെ ദേശാഭിമാനി വാരാന്തപ്പതിപ്പ് വിതരണം ചെയ്തിരുന്നില്ല.
സംഭവം വിവാദമായതോടെ പത്രത്തിന്റെ റസിഡന്റ് എഡിറ്ററും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ എം. സ്വരാജ് വിശദീകരണവുമായി രംഗത്തെത്തി. ഒരു യൂണിറ്റിൽ വാരാന്തപ്പതിപ്പ് അച്ചടിക്കാൻ സാധിക്കാത്തതിനാലാണ് വിതരണം ചെയ്യാതിരുന്നതെന്നായിരുന്നു വിശദീകരണം.
തുടർന്ന് തിങ്കളാഴ്ചത്തെ പത്രത്തിനൊപ്പമാണ് വാരാന്തപ്പതിപ്പ് വിതരണം ചെയ്തത്. എന്നാൽ വിവാദമായ ഫീച്ചർ അതിൽ ഉൾപ്പെടുത്തിയിരുന്നില്ല.
വിവാദവുമായി ബന്ധപ്പെട്ട് സിപിഎം നേതൃത്വം കെ.ആർ. അജയനോട് വിശദീകരണം തേടിയിരുന്നു. ഫീച്ചറിന്റെ തലക്കെട്ടിൽ പ്രശ്നമില്ലെന്ന നിലപാടാണ് അജയൻ സ്വീകരിച്ചതെന്നാണ് വിവരം. പിന്നാലെ വാരാന്തപ്പതിപ്പ് എഡിറ്ററുടെ മുറി പൂട്ടിയിട്ടതും വിവാദമായിരുന്നു.
ഫീച്ചർ ഒഴിവാക്കി വാരാന്തപ്പതിപ്പ് പുറത്തിറങ്ങിയതിന് പിന്നാലെ ‘കള്ളൻ വിജയൻ, ധന്യ നാടകഗ്രാമം, മുത്തിപ്പാറ പി.ഒ.’ എന്ന ഫീച്ചറിന്റെ രചയിതാവായ ടി.സി. രാജേഷ് കുറിപ്പ് ഫേസ്ബുക്കിലൂടെ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.
വിവാദത്തിന് പിന്നാലെ വാരാന്തപ്പതിപ്പിന്റെ ചുമതലയിൽനിന്ന് അജയനെ മാറ്റിയിരുന്നു. തുടർന്നാണ് ഇപ്പോൾ രാജിയിലേക്കെത്തിയിരിക്കുന്നത്.
‘കള്ളൻ വിജയൻ’ വിവാദം: ദേശാഭിമാനി വാരാന്തപ്പതിപ്പ് ന്യൂസ് എഡിറ്റർ കെ.ആർ. അജയൻ രാജിവച്ചു