തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയെ സംബന്ധിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നടത്തിയ പരാമർശത്തിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പിണറായി വഹിക്കുന്ന പദവിക്കും രാഷ്ട്രീയ പക്വതയ്ക്കും നിരക്കാത്ത പരാമർശമാണ് ഉണ്ടായതെന്ന് ബിനോയ് വിശ്വം വിമർശിച്ചു. തർക്കവിഷയങ്ങൾ ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കണമെന്നതാണ് എൽഡിഎഫിന്റെ രാഷ്ട്രീയ രീതിയെന്നും അദ്ദേഹം വ്യക്തമാക്കി.
“ഇത്തരമൊരു വിഷയത്തിൽ പിണറായി വിജയൻ ഇങ്ങനെ പറയുമെന്ന് വിശ്വസിക്കാൻ പ്രയാസമാണ്. അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ, അത് അദ്ദേഹം വഹിക്കുന്ന പദവിക്കും രാഷ്ട്രീയ പക്വതയ്ക്കും നിരക്കാത്ത പ്രസ്താവനയാണെന്ന് പറയേണ്ടിവരും,” ബിനോയ് വിശ്വം മാധ്യമങ്ങളോട് പറഞ്ഞു.
തർക്കവിഷയങ്ങൾ ഉഭയകക്ഷി ചർച്ചകളിലൂടെ പരിഹരിക്കണമെന്നതാണ് എൽഡിഎഫിന്റെ പൊതുരാഷ്ട്രീയ രീതിയെന്ന് അദ്ദേഹം പറഞ്ഞു. ചർച്ചയ്ക്ക് വിധേയമായി ഇരു പാർട്ടികളും മാറ്റിവെച്ച വിഷയത്തിൽ ഏകപക്ഷീയമായി നിലപാട് പ്രഖ്യാപിക്കുന്നത് എൽഡിഎഫിന്റെ രാഷ്ട്രീയ സംസ്കാരത്തിന് നിരക്കാത്തതാണെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.പ്രതിപക്ഷ ഉപനേതൃപദവി എൽഡിഎഫിലെ തർക്കവിഷയമാണെന്നും വിഷയത്തിൽ സിപിഎമ്മിന്റെയും സിപിഐയുടെയും കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങളും ഘടകങ്ങളും ഉൾപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പ്രതിപക്ഷ ഉപനേതാവിനെ സംബന്ധിച്ചുള്ള കത്ത് സ്പീക്കർക്ക് നൽകേണ്ടത് താനാണെന്നായിരുന്നു പിണറായി വിജയന്റെ പ്രതികരണം. “കത്ത് കൊടുത്താൽ ഉപനേതാവ് വരും. കത്തിലെ പേര് സിപിഎം നേതാവിന്റേതായിരിക്കും” എന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പിണറായി നൽകിയ മറുപടി.പിണറായിയുടെ ഈ നിലപാടിനെതിരെയാണ് ബിനോയ് വിശ്വം പരസ്യമായി രംഗത്തെത്തിയത്. ഉപനേതൃപദവിയെച്ചൊല്ലിയുള്ള സിപിഎം–സിപിഐ തർക്കം ഇതോടെ കൂടുതൽ രൂക്ഷമാകാനുള്ള സാധ്യതയാണ് ഉയരുന്നത്.