തിരുവല്ലം: തിരുവനന്തപുരം കഴക്കൂട്ടം കാരോട് ദേശീയപാതയിൽ ഡിവൈഡറിൽ ഇടിച്ച് ബൈക്ക് അപകടത്തിൽപ്പെട്ട സംഭവത്തിൽ വഴിത്തിരിവ്. അപകടത്തിന് കാരണം നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചതായാണ് ആദ്യം കരുതിയിരുന്നത് എന്നാൽ അപകടകാരണം മറ്റൊരു കാർ ബൈക്കിൽ ഇടിച്ചതാണെന്ന് പോലീസ് സിസിടിവി ദൃശ്യങ്ങൾ വഴി കണ്ടെത്തി. കഴക്കൂട്ടം യുഎസ്ടി ഗ്ലോബൽ ജീവനക്കാരനായ നവീൻ സിബി (25), കഴക്കൂട്ടം കിൻഫ്രയിലെ ഇവൈ ജിബിഎസ് ഇന്ത്യ ലിമിറ്റഡിൽ ജോലി ചെയ്തിരുന്ന മൃദുല ആൻ ഉമ്മൻ (25) എന്നിവരാണ് അപകടത്തിൽ മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30-ഓടെ പാച്ചല്ലൂർ ടോൾ പ്ലാസയ്ക്ക് സമീപമായിരുന്നു അപകടം.
ബൈക്ക് തെന്നിമാറി ഡിവൈഡറിൽ ഇടിച്ചതാകാമെന്നാണ് പോലീസ് ആദ്യം സംശയിച്ചിരുന്നത്. എന്നാൽ, അപകടസ്ഥലം പരിശോധിച്ചപ്പോൾ ബൈക്കിന്റെ ഹാൻഡിൽബാറിൽ ഒരു കാറിന്റേതെന്ന് സംശയിക്കാവുന്ന പെയിന്റ് അടയാളങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. സംഭവസ്ഥലത്തുണ്ടായിരുന്ന മറ്റ് തെളിവുകളും മറ്റൊരു വാഹനത്തിന്റെ സാന്നിധ്യം സൂചിപ്പിച്ചതോടെ, പോലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ തീരുമാനിച്ചു.ഡിവൈഡറിലേക്ക് ഇടിച്ചുകയറുന്നതിന് മുൻപ് ഒരു കാർ ബൈക്കിൽ ഇടിച്ചിരുന്നതായി ദൃശ്യങ്ങളിൽ വ്യക്തമായി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ, കാർ ഓടിച്ചയാളെ മാരണല്ലൂരിലെ വീട്ടിൽ നിന്ന് പോലീസ് കണ്ടെത്തി.
അതിലൂടെ വിഷ്ണു എന്ന ആളെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ബൈക്കിൽ ഇടിച്ചത് താനാണെന്ന് ഇയാൾ സമ്മതിച്ചതായും പോലീസ് അറിയിച്ചു. അപകടത്തിന് ശേഷം ഭയം കാരണമാണ് വാഹനം നിർത്താതെ പോയതെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ പറഞ്ഞതായാണ് വിവരം.അപകടത്തിൽ മൃദുല സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചിരുന്നു. നവീൻ മരണപ്പെടുന്നത് ആശുപത്രിയിലേക്ക് കൊണ്ടുപ്പോകുന്നവഴിയാണ്. കൂട്ടിയിടിയുടെ ആഘാതത്തിൽ മൃദുല ബൈക്കിൽ നിന്ന് ദൂരേക്ക് തെറിച്ചുവീണതായി പോലീസ് പറഞ്ഞു. എറണാകുളം ജില്ലയിലെ വാഴപ്പിള്ളി സ്വദേശികളായ സിബി ജോസഫ് - ഷാലിനി ദമ്പതികളുടെ മകനാണ് നവീൻ. ഇടുക്കി ജില്ലയിലെ തൊടുപുഴ സ്വദേശികളായ ഉമ്മൻ വർഗീസ് - സാജി ഉമ്മൻ ദമ്പതികളുടെ മകളാണ് മൃദുല.