നിയമസഭാ കയ്യാങ്കളി സംഭവവുമായി ബന്ധപ്പെട്ട് യു.ഡി.എഫ് നേതാക്കൾക്കെതിരെ നിലനിന്നിരുന്ന കേസ് ഹൈക്കോടതി റദ്ദാക്കി. മുൻ എം.എൽ.എമാരായ കെ. ശിവദാസൻ നായർ, ഡൊമിനിക് പ്രസന്റേഷൻ, എം.എ. വാഹിദ്, എ.ടി. ജോർജ് എന്നിവരെയാണ് കോടതി കുറ്റവിമുക്തരാക്കിയത്. മുൻ നാട്ടിക എം.എ.ൽ.എ ഗീതാ ഗോപി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇവർക്കെതിരെ കേസെടുത്തിരുന്നത്. എന്നാൽ, സ്ത്രീത്വത്തെ അപമാനിക്കൽ അടക്കമുള്ള കുറ്റങ്ങൾ ഇവർക്കെതിരെ നിലനിൽക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു.
സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ് റദ്ദാക്കപ്പെട്ടതോടെ, നിയമസഭാ കയ്യാങ്കളിയിൽ ഇനി ഒരു കേസ് മാത്രമാണ് കോടതിക്ക് മുന്നിൽ നിലനിൽക്കുന്നത്. ഇതോടെ കേസിൽ എൽ.ഡി.എഫ് നേതാക്കളായ മുൻ എം.എൽ.എമാർക്ക് തിരിച്ചടിയുണ്ടാകുകയും അവർ വിചാരണ നേരിടേണ്ട സാഹചര്യത്തിലേക്ക് കാര്യങ്ങളെത്തുകയും ചെയ്തു.
യു.ഡി.എഫ് നേതാക്കൾക്കെതിരെയുള്ള കേസ് ഒഴിവായതോടെ, ശേഷിക്കുന്ന ഒറ്റ കേസിലായിരിക്കും ഇനി കോടതിയിൽ വിചാരണ നടപടികൾ തുടരുക. ഈ കേസ് അടുത്ത മാസം 16-ന് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (CJM) കോടതി പരിഗണിക്കും.