കണ്ണൂര്‍: പോലീസ് വ്യാപക തിരച്ചില്‍ നടത്തുമ്പോഴും ഒളിവിലിരുന്ന് സോഷ്യല്‍ മീഡിയയില്‍ വീണ്ടും പോസ്റ്റുമായി അര്‍ജുന്‍ ആയങ്കി. കേസ് നടത്തിപ്പിനായി ഫണ്ട് വേണമെന്ന് ആവശ്യപ്പെട്ടാണ് ഇത്തവണ ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറി പങ്കുവെച്ചിരിക്കുന്നത്. ഇതിനായി ക്യൂആര്‍ കോഡും ചേര്‍ത്തിട്ടുണ്ട്.
'കേസ് ഫണ്ടിലേക്ക് ഉദാരമായി സംഭാവന ചെയ്ത് പിന്തുണയ്ക്കുക. ഞാന്‍ സ്വര്‍ണക്കടത്തുകാരനാണ്, കോടീശ്വരനാണ് എന്നൊക്കെ ശത്രുക്കള്‍ വെറുതെ പറയുകയാണ്. കയ്യിലൊരു നയാപ്പൈസയില്ല' എന്ന പോസ്റ്റില്‍ 'നയാപ്പൈസയില്ല കൈയിലൊരു നയാപ്പൈസയില്ല' എന്ന ഗാനവും ചേര്‍ത്തിട്ടുണ്ട്. ഇതിനുപുറമേ, താന്‍ തൃശൂര്‍ സ്വരാജ് റൗണ്ടിലെ ഒരു മരച്ചുവട്ടില്‍ ഇരിപ്പുണ്ടെന്ന് വാര്‍ത്തകള്‍ക്ക് താഴെ ഇയാള്‍ കമന്റും ചെയ്തിട്ടുണ്ട്.
മലപ്പുറത്തുനിന്ന് പാലക്കാട് വഴി തൃശൂരിലേക്ക് അര്‍ജുന്‍ ആയങ്കി എത്തിയതായാണ് പോലീസിന് ലഭിച്ച വിവരം. ഇയാള്‍ സഞ്ചരിച്ച വാഹനം പന്നിയങ്കര ടോള്‍ പ്ലാസ കടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. തൃശൂര്‍ തേക്കിന്‍കാട് മൈതാനത്തിന് സമീപത്ത് ഇയാളെത്തിയെന്ന വിവരത്തെ തുടര്‍ന്ന് റെയില്‍വേ സ്റ്റേഷന്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പോലീസ് പരിശോധന ഊര്‍ജ്ജിതമാക്കി. ഇതിനിടെ, അര്‍ജുന്‍ ആയങ്കിയുടെ സഹോദരന്‍ അഖിലിനെ വടക്കുന്നാഥ ക്ഷേത്ര മൈതാനത്തിന് സമീപത്തുനിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ നിലവില്‍ ചോദ്യം ചെയ്തു വരികയാണ്. അര്‍ജുന്‍ ആയങ്കി തൃശൂര്‍ വിട്ട് പാലക്കാട്ടേക്ക് കടന്നോ എന്നും പോലീസ് സംശയിക്കുന്നുണ്ട്.
'കയ്യില്‍ നയാപ്പൈസയില്ല'; ഒളിവിലിരുന്നും ആയങ്കിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്; കേസ് നടത്താന്‍ ഫണ്ട് ചോദിച്ച് ക്യൂആര്‍ കോഡ്