ആലപ്പുഴ: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില് ആലപ്പുഴ ജില്ലയില് ഉണ്ടാകാവുന്ന ഏത് അടിയന്തര ഘട്ടവും നേരിടാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്ത്തിയായതായി സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി എം. ലിജു അറിയിച്ചു. മുന്നൊരുക്കങ്ങളില് ജില്ലാ ഭരണകൂടം പൂര്ണ്ണ ജാഗ്രത പുലര്ത്തുന്നുണ്ടെന്നും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമായ എല്ലാവിധ സഹായങ്ങളും സര്ക്കാര് ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
മഴക്കെടുതിയും രൂക്ഷമായ കടല്ക്ഷോഭവും നേരിട്ട പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും തോട്ടപ്പള്ളി സ്പില്വേയും മന്ത്രി സന്ദര്ശിച്ചു. നിലവില് ജില്ലയിലാകെ 13 ദുരിതാശ്വാസ ക്യാമ്പുകള് തുറന്നിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. തീരദേശ മേഖലകളായ പായല്ക്കുളങ്ങരയിലും അമ്പലപ്പുഴ സൗത്തിലുമായി രണ്ട് ക്യാമ്പുകള് പ്രവര്ത്തിക്കുന്നുണ്ട്. മഴക്കെടുതി നേരിടാന് രാവിലെ തന്നെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും അടിയന്തര യോഗം വിളിച്ച് ചേര്ക്കുകയും സ്ഥിതിഗതികള് ഉറപ്പുവരുത്തുകയും ചെയ്തിരുന്നു. തോട്ടപ്പള്ളി സ്പില്വേയില് നിലവില് മികച്ച നീരൊഴുക്കുണ്ടെന്ന് ഷട്ടറുകളുടെ പ്രവര്ത്തനം നേരിട്ട് വിലയിരുത്തിയ ശേഷം മന്ത്രി പറഞ്ഞു.
വളഞ്ഞവഴിയുടെ പടിഞ്ഞാറന് മേഖല, കാക്കാഴം, പായല്ക്കുളങ്ങര എന്നിവിടങ്ങളില് കനത്ത കടലാക്രമണമാണ് റിപ്പോര്ട്ട് ചെയ്തിട്ടുള്ളത്. നിലവില് താത്കാലിക ആശ്വാസ നടപടികള് സ്വീകരിക്കുമെങ്കിലും, മികച്ച രീതിയില് കടല്ഭിത്തി നിര്മ്മിച്ച് പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കണ്ടെത്താന് സര്ക്കാര് ശ്രമിക്കുമെന്ന് മന്ത്രി ഉറപ്പുനല്കി.
അമ്പലപ്പുഴ താലൂക്കിലെ പുറക്കാട് പായല്ക്കുളങ്ങര ക്ഷേത്ര ഓഡിറ്റോറിയത്തില് പ്രവര്ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പ് സന്ദര്ശിച്ച മന്ത്രി അവിടെയുള്ള സൗകര്യങ്ങള് നേരിട്ട് ബോധ്യപ്പെട്ടു. കാക്കാഴം തീരപ്രദേശം, അമ്പലപ്പുഴ വടക്ക് വണ്ടാനം വളഞ്ഞവഴി എന്നിവിടങ്ങളിലെ ദുരിതബാധിത മേഖലകളിലും മന്ത്രി സന്ദര്ശനം നടത്തി.
മഴക്കെടുതി: അടിയന്തര ഘട്ടം നേരിടാനുള്ള തയ്യാറെടുപ്പുകള് പൂര്ത്തിയായതായി മന്ത്രി എം. ലിജു