ഒന്നല്ല, നിരവധി കാരണങ്ങൾ കൊണ്ടാണ് താൻ ബിജെപി വിട്ടതെന്ന് നടനും രാഷ്ട്രീയ നേതാവുമായ ദേവൻ വ്യക്തമാക്കി. പാർട്ടിയിലെ രൂക്ഷമായ ഗ്രൂപ്പിസവും പ്രവർത്തിക്കാൻ ഇടം ലഭിക്കാത്തതുമാണ് പ്രധാന കാരണം. സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നിട്ടും നിർണായക യോഗങ്ങളിൽ പോലും തന്നെ ഉൾപ്പെടുത്തിയില്ലെന്നും, തന്നോട് ആലോചിക്കാതെയാണ് ആ സ്ഥാനത്തുനിന്ന് മാറ്റിയതെന്നും അദ്ദേഹം ആരോപിച്ചു. അഞ്ച് വർഷത്തോളം കാത്തിരുന്ന ശേഷമാണ് ഈ തീരുമാനമെടുത്തതെന്നും, ഇനി 'കേരള പീപ്പിൾസ് പാർട്ടി' പുനരുജ്ജീവിപ്പിച്ച് രാഷ്ട്രീയത്തിൽ സജീവമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിക്ക് അകത്തുനിന്നുകൊണ്ട് ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി പ്രവർത്തിക്കാൻ സാധിക്കുന്നില്ലെന്ന് ദേവൻ പറഞ്ഞു. പാർട്ടിയിലെ ചില നേതാക്കളുടെ ഹിന്ദുത്വ അജണ്ടയോട് തനിക്ക് യോജിക്കാൻ കഴിയില്ല. പരാതികൾ പറയാൻ രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെയുള്ള മുതിർന്ന ബിജെപി നേതാക്കളെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കൂടാതെ, കേരളത്തിന്റെ 'പ്രൊപ്പഗണ്ട സെക്രട്ടറി' പദവി പാർട്ടി തനിക്ക് വാഗ്ദാനം ചെയ്തിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തിലെ പരിപാടിയിലാണ് പാർട്ടി പ്രാഥമികാംഗത്വവും വൈസ് പ്രസിഡന്റ് സ്ഥാനവും രാജിവെക്കുന്നതായി ദേവൻ പ്രഖ്യാപിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലം മുതൽക്കേ പാർട്ടിയിൽ ചില പ്രശ്നങ്ങൾ നേരിട്ടിരുന്നതായി അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
2004-ൽ 'നവകേരള പീപ്പിൾസ് പാർട്ടി' എന്ന പേരിൽ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചാണ് ദേവൻ സജീവ രാഷ്ട്രീയത്തിലേക്ക് വരുന്നത്. അക്കൊല്ലം നടന്ന വടക്കാഞ്ചേരി ഉപതിരഞ്ഞെടുപ്പിൽ അദ്ദേഹം മത്സരിക്കുകയും ചെയ്തിരുന്നു. കേരളത്തിന്റെ വികസന പിന്നാക്കാവസ്ഥ പരിഹരിക്കാനാണ് പാർട്ടി രൂപീകരിച്ചതെന്നും, പിന്നീട് കേന്ദ്രമന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പാർട്ടി ബിജെപിയിൽ ലയിപ്പിച്ചതെന്നും അദ്ദേഹം അന്ന് വ്യക്തമാക്കിയിരുന്നു.