തിരുവനന്തപുരം: ശബരിമല നെയ്യ് ഇടപാടിൽ ക്രമക്കേട് ആരോപിച്ച് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തു. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെയും ബോർഡ് അംഗം എ. അജികുമാറിനെയും പ്രതികളാക്കിയാണ് വിജിലൻസ് അന്വേഷണം ആരംഭിച്ചത്. വിജിലൻസ് എസ്.പി. സോജന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ശബരിമല നെയ്യ് ഇടപാടിൽ അന്വേഷണം നടത്താൻ കേരള ഹൈക്കോടതി നേരത്തെ നിർദേശം നൽകിയിരുന്നു. മിൽമയ്ക്ക് കരാർ ലഭിക്കുന്നതിനായി അന്നത്തെ ദേവസ്വം ബോർഡ് നേതൃത്വത്തിൽ വഴിവിട്ട ഇടപെടലുകൾ നടന്നുവെന്ന പ്രാഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം മുന്നോട്ടുപോകുന്നത്.
കഴിഞ്ഞ മകരവിളക്ക് തീർഥാടന കാലയളവിൽ പുറത്തുനിന്ന് നെയ്യ് വാങ്ങുന്നതിനായി 2024ൽ ദേവസ്വം ബോർഡ് ടെൻഡർ നടപടികൾ ആരംഭിച്ചിരുന്നു. ആറ് സ്ഥാപനങ്ങൾ ടെൻഡറിൽ പങ്കെടുത്തെങ്കിലും നടപടികൾ പുരോഗമിക്കുന്നതിനിടെ ടെൻഡർ റദ്ദാക്കി മിൽമയ്ക്ക് കരാർ നൽകുകയായിരുന്നു.
സാധാരണ നെയ്യ് ഉപയോഗിച്ച് ഒരു കൂട്ട് അരവണ തയ്യാറാക്കാൻ ഏകദേശം 10 ലിറ്റർ നെയ്യ് ആവശ്യമായി വരുമ്പോൾ മിൽമയുടെ നെയ്യ് ഉപയോഗിച്ചാൽ 7 മുതൽ 7.5 ലിറ്റർ വരെ മതിയാകുമെന്നായിരുന്നു അന്നത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന്റെ ശുപാർശ. ഇതിന്റെ അടിസ്ഥാനത്തിൽ മിൽമയ്ക്ക് മുൻഗണന നൽകണമെന്ന നിർദേശം മുന്നോട്ടുവച്ചെങ്കിലും ദേവസ്വം കമ്മീഷണർ ഇതിനെ എതിർത്തിരുന്നു.
എന്നാൽ ദേവസ്വം കമ്മീഷണറുടെ നിലപാട് മറികടന്നാണ് മിൽമയിൽ നിന്ന് നെയ്യ് വാങ്ങാനുള്ള തീരുമാനം പി.എസ്. പ്രശാന്തും എ. അജികുമാറും എടുത്തതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
ടെൻഡറിൽ പങ്കെടുത്ത തമിഴ്നാട്ടിലെ ഒരു സ്ഥാപനം ഒരു ലിറ്റർ നെയ്യിന് 369 രൂപയാണ് നിരക്ക് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ മിൽമയിൽ നിന്ന് നെയ്യ് വാങ്ങിയത് ലിറ്ററിന് 510 രൂപ നിരക്കിലായിരുന്നു. 1.65 ലക്ഷം ലിറ്റർ നെയ്യ് മിൽമയിൽ നിന്ന് വാങ്ങിയതിലൂടെ ദേവസ്വം ബോർഡിന് ഏകദേശം 2.27 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് ദേവസ്വം വിജിലൻസിന്റെ റിപ്പോർട്ടിലെ കണ്ടെത്തൽ.
ദേവസ്വം വിജിലൻസിന്റെ റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് ഹൈക്കോടതി വിജിലൻസ് അന്വേഷണത്തിന് നിർദേശം നൽകിയത്. മിൽമ നെയ്യ് ഇടപാടിൽ പ്രഥമദൃഷ്ട്യാ ഗുരുതര ക്രമക്കേടുകൾ ഉണ്ടായതായി കോടതി നിരീക്ഷിച്ചിരുന്നു.
ഇ-ടെൻഡർ നടപടികൾ ഒഴിവാക്കി ഉയർന്ന വിലയ്ക്ക് മിൽമയിൽ നിന്ന് നെയ്യ് വാങ്ങിയതിൽ സംശയമുണ്ടെന്നും, ദേവസ്വം കമ്മീഷണറുടെ എതിർപ്പ് അവഗണിച്ചാണ് തീരുമാനമെടുത്തതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. വാങ്ങിയ 1.61 ലക്ഷം ലിറ്റർ നെയ്യ് മുഴുവൻ സന്നിധാനത്ത് എത്തിയോ എന്നതിലും കോടതി സംശയം പ്രകടിപ്പിച്ചിരുന്നു.
ലഭിച്ച നെയ്യിന്റെ ഗുണനിലവാരം സ്വതന്ത്രമായി പരിശോധിച്ചില്ലെന്നും, ഗതാഗത രേഖകൾ, കണക്കുകൾ, ബാച്ച് നമ്പറുകൾ എന്നിവയിൽ പൊരുത്തക്കേടുകളുണ്ടെന്നും കോടതി വിലയിരുത്തി. നിലവാരം കുറഞ്ഞ നെയ്യ് ഉപയോഗിച്ചിട്ടുണ്ടോ എന്നതും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് കോടതി നിർദേശിച്ചു.
ദേവസ്വം ബോർഡിന് കോടികളുടെ സാമ്പത്തിക നഷ്ടം സംഭവിച്ചിട്ടുണ്ടാകാമെന്നും വിലയിരുത്തിയ ഹൈക്കോടതി, ഒരു മാസത്തിനകം അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാനും വിജിലൻസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ശബരിമല നെയ്യ് ഇടപാട് ക്രമക്കേട്: വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തു; പി.എസ്. പ്രശാന്തിനും അജികുമാറും പ്രതികൾ