ന്യൂഡൽഹി: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽ കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും കോൺഗ്രസിന്റെ സംഘടനാപരമായ വിഷയങ്ങളും ചർച്ചയായി.
താൻ നിലവിൽ സംസ്ഥാന മന്ത്രിസഭയിൽ അംഗമായ സാഹചര്യത്തിൽ കെപിസിസിക്ക് പുതിയൊരു ഫുൾടൈം അധ്യക്ഷൻ വരുന്നതാണ് പാർട്ടിയുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഗുണകരമാകുകയെന്ന് രാഹുൽ ഗാന്ധിയെ അറിയിച്ചതായി സണ്ണി ജോസഫ് പറഞ്ഞു.
മന്ത്രിസ്ഥാനമില്ലാത്ത വ്യക്തിയായിരിക്കണം പുതിയ കെപിസിസി അധ്യക്ഷനാകേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എംഎൽഎമാർക്കും എംപിമാർക്കും കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഒരുപോലെ യോഗ്യതയുണ്ടെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
കെപിസിസി അധ്യക്ഷനെ സംബന്ധിച്ച് ഹൈക്കമാൻഡ് വിശദമായ ആലോചനകൾ നടത്തിവരികയാണെന്നും യോഗ്യനായ വ്യക്തിയെ ഉടൻ തന്നെ അധ്യക്ഷനായി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ കെപിസിസി അധ്യക്ഷനെ സംബന്ധിച്ച പ്രഖ്യാപനം അധികം വൈകില്ലെന്നും രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സണ്ണി ജോസഫ് വ്യക്തമാക്കി.
കേരളത്തിലെ കോൺഗ്രസിന്റെ സംഘടനാ സംവിധാനവുമായി ബന്ധപ്പെട്ട വിഷയങ്ങളും സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങളും കൂടിക്കാഴ്ചയിൽ വിശദമായി ചർച്ച ചെയ്തതായും സണ്ണി ജോസഫ് അറിയിച്ചു.
‘മന്ത്രിസ്ഥാനമില്ലാത്ത ഫുൾടൈം കെപിസിസി അധ്യക്ഷൻ വേണം’ ;സണ്ണി ജോസഫ്