Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ശബരിമല നെയ്യ് ക്രമക്കേട്: ഉദ്യോഗസ്ഥരുടെ പങ്കിലും അന്വേഷണം ശക്തമാക്കും; പുതിയ പരിഷ്കാരങ്ങളുമായി ദേവസ്വം ബോർഡ്

ശബരിമല നെയ്യ് ക്രമക്കേട്: ഉദ്യോഗസ്ഥരുടെ പങ്കിലും അന്വേഷണം ശക്തമാക്കും; പുതിയ പരിഷ്കാരങ്ങളുമായി ദേവസ്വം ബോർഡ്

തിരുവനന്തപുരം: ശബരിമല സന്നിധാനത്തെ നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ചും വിശദമായ അന്വേഷണം നടത്തുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ അറിയിച്ചു. വിഷയം ദേവസ്വം ബോർഡിന്റെ യോഗം വിശദമായി പരിശോധിച്ചതായും, ഭാവിയിൽ സമാന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പുതിയ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമലയിലേക്ക് പുറത്തുനിന്ന് നെയ്യ് വാങ്ങുന്ന രീതി അവസാനിപ്പിക്കാനാണ് ബോർഡിന്റെ തീരുമാനം. പകരം, ഭക്തർ സമർപ്പിക്കുന്ന നെയ്യ് സന്നിധാനത്ത് തന്നെ ശാസ്ത്രീയമായി പരിശോധിക്കുന്നതിന് പ്രത്യേക സംവിധാനം ഒരുക്കുമെന്നും അദ്ദേഹം അറിയിച്ചു.

നെയ്യ് വാങ്ങൽ നടപടികളുമായി ബന്ധപ്പെട്ട ടെൻഡർ സംവിധാനം ബോർഡ് വിശദമായി വിലയിരുത്തിയതായും കെ. ജയകുമാർ പറഞ്ഞു. ഇത്തവണ ഇ-ടെൻഡറിനൊപ്പം ഇ-ഓക്ഷൻ സംവിധാനവും നടപ്പാക്കും. കൂടുതൽ സുതാര്യത ഉറപ്പാക്കുന്നതിനാണ് പുതിയ സംവിധാനം കൊണ്ടുവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദേവസ്വം വിജിലൻസിന്റെ പ്രാഥമിക റിപ്പോർട്ടിൽ ചില ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം കൂടുതൽ വ്യാപിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമലയുടെ ഭരണ സംവിധാനത്തിലും തീർഥാടന സൗകര്യങ്ങളിലും ഘട്ടംഘട്ടമായി നിലവാരം ഉയർത്തുകയാണ് ലക്ഷ്യമെന്നും, ഏത് അന്വേഷണത്തോടും ദേവസ്വം ബോർഡ് പൂർണമായും സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.


ശബരിമല നെയ്യ് ക്രമക്കേട് കേസിൽ പ്രതിചേർക്കപ്പെട്ട തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തും മുൻ ബോർഡ് അംഗം അജികുമാറും അന്യായമായ സാമ്പത്തിക നേട്ടം ലക്ഷ്യമിട്ടാണ് പ്രവർത്തിച്ചതെന്ന് എഫ്ഐആറിൽ പരാമർശിക്കുന്നു. ഇരുവരും ചേർന്ന് വിപണി വിലയേക്കാൾ ഉയർന്ന നിരക്കിൽ മിൽമയിൽ നിന്ന് നെയ്യ് വാങ്ങാൻ അനുമതി നൽകിയെന്നാണ് അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ. ഇതിലൂടെ തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഏകദേശം 2.27 കോടി രൂപയുടെ നഷ്ടം ഉണ്ടായതായും എഫ്ഐആറിൽ പറയുന്നു.

ദേവസ്വം കമ്മീഷണറുടെ എതിർപ്പ് അവഗണിച്ചാണ് മിൽമയ്ക്ക് കരാർ നൽകിയതെന്നും, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു മിൽമയ്ക്ക് അനുകൂലമായ റിപ്പോർട്ട് ശാസ്ത്രീയ അടിസ്ഥാനമില്ലാതെ തയ്യാറാക്കിയതായും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, ഫുഡ് സേഫ്റ്റി വിഭാഗത്തിന്റെ സമഗ്ര ഗുണനിലവാര പരിശോധന നടത്താതെയാണ് നെയ്യ് ഉപയോഗിച്ചതെന്നും, ഭക്തർ സമർപ്പിച്ച നെയ്യ് ഉപയോഗിച്ചതുമായി ബന്ധപ്പെട്ടും അന്വേഷണത്തിൽ കണ്ടെത്തലുകൾ ഉണ്ടായിട്ടുണ്ട്.

കേസിൽ പി.എസ്. പ്രശാന്താണ് ഒന്നാം പ്രതി. മുൻ ബോർഡ് അംഗം അജികുമാർ രണ്ടാം പ്രതിയും മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു മൂന്നാം പ്രതിയുമാണ്. പ്രതികൾക്കെതിരെ ഭാരതീയ ന്യായ സംഹിത (BNS)യിലെ വിവിധ വകുപ്പുകൾക്കും അഴിമതി നിരോധന നിയമത്തിനും കീഴിൽ കേസെടുത്തിട്ടുണ്ട്.

Related articles

See all
Popular News

വൃശ്ചികം ഒരു മാസം അകലെനിൽക്കെ പതിവ് തെറ്റിച്ച് പ്രഭാതമഞ്ഞും കനത്ത മഴയും; വിചിത്ര കാലാവസ്ഥയ...

Popular News

അഭിമാന നിമിഷം: രാജ്യത്ത് ആദ്യമായി മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി നിയമസഭയില്‍ ബില്‍ അ...

Popular News

സംസ്ഥാനത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാത്തൂർ; രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ തമിഴ്‌നാട്...

Popular News

സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് കോഴിക്കോട് ഒരുങ്ങി; ഒക്ടോബർ 25 മുതൽ 31 വരെ കായികമാമാങ്കം

Save your stories

Sign in