കണ്ണൂർ: പയ്യന്നൂർ പുതിയ ബസ് സ്റ്റാൻഡിന് സമീപം മെയിൻ റോഡിന് കുറുകെയുള്ള വൈദ്യുതി ലൈനിൽ കുടുങ്ങിയ പ്രാവിനെ പയ്യന്നൂർ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ഇന്നലെ മുതൽ വൈദ്യുതി ലൈനിൽ കുടുങ്ങിക്കിടന്ന പ്രാവിനെയാണ് ഞായറാഴ്ച അഗ്നിരക്ഷാസേന സുരക്ഷിതമായി താഴെയിറക്കിയത്.
പ്രാവിന്റെ കാലിൽ കെട്ടിയിരുന്ന ചരട് വൈദ്യുതി ലൈനിൽ കുടുങ്ങിയതിനെ തുടർന്ന് പറന്നുപോകാൻ കഴിയാതെ ഏറെ നേരമായി ലൈനിൽ കുടുങ്ങിക്കിടക്കുകയായിരുന്നു.
ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ കെ. വിപിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ പി.പി. രാഹുൽ സ്റ്റെപ്പ് ലാഡറിന്റെ സഹായത്തോടെ വൈദ്യുതി ലൈനിന് സമീപത്തെത്തി. തുടർന്ന് കാലിൽ കുടുങ്ങിയിരുന്ന ചരട് മുറിച്ചുമാറ്റിയാണ് പ്രാവിനെ രക്ഷപ്പെടുത്തിയത്.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു രക്ഷാപ്രവർത്തനം. സേനാംഗങ്ങളായ അഭിലാഷ്, അർജുൻ, പത്മനാഭൻ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ആവശ്യമായ സഹായം നൽകി.
വൈദ്യുതി ലൈനിൽ കുടുങ്ങിയ പ്രാവിന് രക്ഷകരായി പയ്യന്നൂർ അഗ്നിരക്ഷാസേന