ഡെംബലെയ്ക്ക് ഹാട്രിക്; നോര്‍വെയ്‌ക്കെതിരെ ഫ്രാന്‍സിന് വമ്പന്‍ ജയം; ഗ്രൂപ്പ് ചാമ്പ്യന്മാർ
ഫിഫ ലോകകപ്പില്‍ നോര്‍വെയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്ത് ഫ്രാന്‍സ് തകര്‍പ്പന്‍ വിജയം സ്വന്തമാക്കി. കിലിയന്‍ എംബാപ്പെയും നോര്‍വെയുടെ എര്‍ലിംഗ് ഹാലണ്ടും തമ്മിലുള്ള പോരാട്ടമായി വിശേഷിപ്പിക്കപ്പെട്ട മത്സരമായിരുന്നെങ്കിലും, സൂപ്പര്‍ താരം ഹാലണ്ട് ഇല്ലാതെയാണ് നോര്‍വെ കളത്തിലിറങ്ങിയത്. പ്രധാന താരങ്ങള്‍ക്ക് വിശ്രമം നല്‍കി പത്ത് മാറ്റങ്ങളുമായി ഇറങ്ങിയ നോര്‍വെയ്ക്ക് ഫ്രഞ്ച് താരം ഉസ്മാന്‍ ഡെംബലെയുടെ തകര്‍പ്പന്‍ ആക്രമണത്തിന് മുന്നില്‍ മറുപടിയില്ലായിരുന്നു. വര്‍ഷങ്ങളായി എംബാപ്പെയുടെ തണലില്‍ നിന്നിരുന്ന ഡെംബലെ, ഈ പ്രകടനത്തോടെ ഫ്രഞ്ച് മുന്നേറ്റ നിരയുടെ പുതിയ കേന്ദ്രബിന്ദുവായി മാറി കഴിഞ്ഞു എന്ന് തെളിയിക്കുന്നതായിരുന്നു ഈ മത്സരം.
മത്സരത്തില്‍ കേവലം 32 മിനിറ്റുകള്‍ക്കുള്ളിലാണ് ഡെംബലെ തന്റെ ചരിത്ര ഹാട്രിക് പൂര്‍ത്തിയാക്കിയത്. കളിയുടെ ഏഴാം മിനിറ്റില്‍ തന്നെ ആദ്യ ഗോള്‍ നേടിയ താരം, രണ്ട് മിനിറ്റുകള്‍ക്കകം നോര്‍വെ പ്രതിരോധത്തെ കാഴ്ചക്കാരാക്കി രണ്ടാമത്തെ ഗോളും വലയിലാക്കി. തുടര്‍ന്ന് 32-ാം മിനിറ്റില്‍ മൂന്നാം ഗോളും നേടി ഡെംബലെ തന്റെ ഹാട്രിക് തികച്ചു. ലോകകപ്പ് ചരിത്രത്തില്‍ ആദ്യ പകുതിയില്‍ ഹാട്രിക് നേടുന്ന ആറാമത്തെ താരമെന്ന റെക്കോര്‍ഡും, ജസ്റ്റ് ഫോണ്ടെയ്ന്‍, കിലിയന്‍ എംബാപ്പെ എന്നിവര്‍ക്ക് ശേഷം ലോകകപ്പില്‍ ഹാട്രിക് നേടുന്ന നാലാമത്തെ ഫ്രഞ്ച് താരമെന്ന പദവിയും ഇതോടെ ഡെംബലെ സ്വന്തമാക്കി.
ഫ്രാന്‍സിനായി ഡിസൈര്‍ ഡൗ കൂടി ഗോള്‍ നേടിയതോടെ ഫ്രഞ്ച് വിജയം പൂര്‍ത്തിയായി. മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ തെലോ ആസ്ഗാര്‍ഡാണ് നോര്‍വെയുടെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്. കളിയുടെ തുടക്കത്തില്‍ ലഭിച്ച ഒരു പെനാല്‍റ്റി നോര്‍വെ നഷ്ടപ്പെടുത്തിയത് അവര്‍ക്ക് വലിയ തിരിച്ചടിയായി മാറിയിരുന്നു. ഡെംബലെയുടെ ഈ മിന്നും പ്രകടനം വരാനിരിക്കുന്ന മത്സരങ്ങളില്‍ ഫ്രഞ്ച് ആരാധകര്‍ക്ക് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ സെനഗല്‍, എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് ഇറാഖിനെ തകര്‍ത്തുതരിപ്പണമാക്കി. സെനഗലിനായി പാപെ ഗുയെ ഇരട്ട ഗോളുകള്‍ നേടി തിളങ്ങിയപ്പോള്‍ ഹബീബ് ദിയാറ, ഇസ്മയില സാര്‍, ലിമാന്‍ എന്നിവരാണ് മറ്റ് ഗോളുകള്‍ സ്‌കോര്‍ ചെയ്തത്. മത്സരത്തിന്റെ 13-ാം മിനിറ്റില്‍ തന്നെ പ്രതിരോധ താരം റെബിന്‍ സുലാക ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് ഇറാഖിനെ പൂര്‍ണ്ണമായും സമ്മര്‍ദ്ദത്തിലാക്കി. ഈ വമ്പന്‍ വിജയത്തോടെ സെനഗല്‍ തങ്ങളുടെ നോക്കൗട്ട് പ്രതീക്ഷകള്‍ സജീവമാക്കിയിരിക്കുകയാണ്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.