Logo
Sun, Jun 14, 2026 • 10:27 AM
LIVE TV
Watch

No business videos available

No Middle East videos available

ആചാരപ്പെരുമയില്‍ തൃശ്ശൂര്‍ പൂരം; വര്‍ണ്ണവിസ്മയമായി കുടമാറ്റം, ഇലഞ്ഞിത്തറയില്‍ ആവേശം കൊട്ടിക്കയറി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
April 26, 2026
1 min read Updated: June 10, 2026
SHARE:
SAVE: Login to save

ആചാരപ്പെരുമയില്‍ തൃശ്ശൂര്‍ പൂരം; വര്‍ണ്ണവിസ്മയമായി കുടമാറ്റം, ഇലഞ്ഞിത്തറയില്‍ ആവേശം കൊട്ടിക്കയറി
ആചാരപ്പെരുമ ഒട്ടും ചോരാതെ തൃശൂര്‍ പൂരത്തിന്റെ വിസ്മയക്കാഴ്ചയായ കുടമാറ്റം കണ്‍നിറയെ കണ്ട് പൂരപ്രേമികള്‍. സുരക്ഷാ ക്രമീകരണങ്ങളുടെയും ദുരന്തത്തിന്റെയും പശ്ചാത്തലത്തില്‍ കുടമാറ്റം ഇത്തവണ 20 മിനുട്ടില്‍ അവസാനിച്ചു. നിയന്ത്രണങ്ങള്‍ക്കിടയിലും പൂരത്തിന്റെ ആവേശത്തിന് ഒട്ടും കുറവുണ്ടായില്ല. മഠത്തില്‍ വരവ് പഞ്ചവാദ്യവും, ഇലഞ്ഞിത്തറ മേളവും ആസ്വാദകരെ അനുഭൂതിയിലാഴ്ത്തി. സൂര്യോദയത്തിന് മുന്‍പേ ദേവഗുരുവായ കണിമംഗലം ശാസ്താവ് എഴുന്നള്ളിയതോടെ പൂരനഗരി ആവേശത്തിലേക്ക് ഉണര്‍ന്നു. വലിയാലുക്കല്‍ കുട്ടിശങ്കരന്‍ കോലമേറ്റിയ കണിമംഗലം ശാസ്താവ് വെയിലേല്‍ക്കാതെ വടക്കുന്നാഥനിലെത്തി പൂരത്തിന് തുടക്കമിട്ടു. പിന്നാലെ പനമുക്കംപിള്ളി ശാസ്താവും എത്തി. പൂരപ്രേമികള്‍ കാത്തിരുന്ന നിമിഷമായിരുന്നു ചെമ്പുക്കാവ് ഭഗവതിയുടെ വരവ്. ഗജരാജന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ തിടമ്പേറ്റി എത്തിയതോടെ തേക്കിന്‍കാട് ആവേശക്കടലായി. വടക്കുന്നാഥന്റെ തെക്കേ നടയിറങ്ങിയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെകാണാന്‍ പതിനായിരങ്ങളാണ് തടിച്ചുകൂടിയത്. പിന്നാലെ ഘടകപൂരങ്ങള്‍ ഒന്നൊന്നായി വടക്കുന്നാഥനിലേക്ക് ഒഴുകിയെത്തി. ഒന്‍പത് ആനകളുടെ അകമ്പടിയോടെയാണ് കാരമുക്ക് ഭഗവതി വടക്കുന്നാഥനിലെത്തിയത്. പത്മശ്രീ പെരുവനം കുട്ടന്മാരായിരുന്നു മേള പ്രമാണി. ഒന്‍പത് ആനകളുടെ അകമ്പടിയോടെ ലാലൂര്‍ ഭഗവതി - നടുവിലാലില്‍ നിന്ന് ശ്രീമൂല സ്ഥാനത്തേക്ക് കയറി. പിന്നാലെ ഘടകപൂരങ്ങളില്‍ ഏറ്റവും കൂടുതല്‍ ആനകളെ അണിനിരത്തുന്ന ചൂരക്കോട്ടുകാവ് ഭഗവതിയുടെ വരവായിരുന്നു. തുടര്‍ന്ന് പതിമൂന്നാനകളുടെ അകമ്പടിയില്‍ അയ്യന്തോള്‍ ഭഗവതി എത്തി. ഏറ്റവും ഒടുവിലായി പതിനൊന്ന് ആനകളുടെ അകമ്പടിയോടെ നെയ്തലക്കാവ് ഭഗവതി വടക്കുന്നാഥനിലെത്തുകയും പകലത്തെ ഘടകപൂരം പൂര്‍ത്തിയാവുകയും ചെയ്തു. പതിനൊന്നരയോടെ തിരുവമ്പാടിയുടെ പ്രശസ്തമായ മഠത്തില്‍ വരവ് പഞ്ചവാദ്യം ആരംഭിച്ചു. പഞ്ചവാദ്യത്തിന്റെ താളലയത്തില്‍ പൂരനഗരി അലിഞ്ഞുചേര്‍ന്നു. കോങ്ങാട് മധു ആയിരുന്നു മഠത്തില്‍ വരവിന്റെ മേളപ്രമാണി. ഉച്ചയ്ക്ക് രണ്ട് മണിക്ക് ലോകപ്രശസ്തമായ ഇലഞ്ഞിത്തറ മേളം കൊട്ടിക്കയറി. കിഴക്കൂട്ട് അനിയന്‍ മാരാരുടെ പ്രമാണത്തില്‍ 250-ഓളം കലാകാരന്മാര്‍ അണിനിരന്ന മേളം ആസ്വാദകരെ ആവേശത്തിലാഴ്ത്തി. ഇലഞ്ഞിത്തറ മേളം അവസാനിച്ചതോടെ കണ്ണും കാതും ചരിത്ര പ്രസിദ്ധമായ കുടമാറ്റം നടക്കുന്ന തെക്കേ ഗോപുര നടയിലേക്കായി. അമിതമായ അലങ്കാരങ്ങള്‍ ഒഴിവാക്കി, ലളിതമായ നിറങ്ങള്‍ക്കും ഡിസൈനുകള്‍ക്കും മുന്‍ഗണന നല്‍കിയുള്ള കുsകളാണ് ഇരുവിഭാഗവും പ്രദര്‍ശിപ്പിച്ചത്. ഇത് കുടകളുടെ തനിമയും ഗാംഭീര്യവും വര്‍ദ്ധിപ്പിച്ചു. കണ്ണിന് കുളിര്‍മയേകുന്നതും എന്നാല്‍ പ്രൗഢിയുള്ളതുമായ നിറക്കൂട്ടുകള്‍ ഇത്തവണത്തെ കുടമാറ്റത്തിന് മിഴിവേകി. കുടമാറ്റത്തിലെ മത്സരബുദ്ധിയേക്കാള്‍, ആചാരപരമായ തനിമ നിലനിര്‍ത്താന്‍ ഇരു ഭാഗവും ശ്രദ്ധിച്ചു. മാത്രമല്ല കുടമാറ്റ ചടങ്ങുകള്‍ 20 മിനിറ്റിനുള്ളില്‍ പൂര്‍ത്തിയായി. കൊടുംചൂടിനെ അവഗണിച്ച് ആയിരങ്ങള്‍ പകല്‍പൂരത്തില്‍ പങ്കാളികളായി. സുരക്ഷയും ആചാരവും മുന്‍നിര്‍ത്തിയുള്ള നിയന്ത്രണങ്ങള്‍ക്കിടയിലും പൂരത്തിന്റെ ആവേശം ഒട്ടും കുറഞ്ഞില്ല. വെടിക്കെട്ടില്ലാത്ത പൂരത്തിന്റെ സങ്കടത്തിലാണ് പൂരപ്രമികളെങ്കിലും ഇലഞ്ഞിത്തറയുടെയും പഞ്ചവാദ്യത്തിന്റെയും ലഹരിയില്‍ പൂരനഗരി ഇന്നും ആവേശത്തിലായി.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10