Logo
Sun, Jun 14, 2026 • 01:42 AM
LIVE TV
Watch

No business videos available

No Middle East videos available

പഹല്‍ഗാം ഭീകരാക്രമണം: ഏഴ് പ്രതികള്‍, പിന്നില്‍ വര്‍ഗീയ ലക്ഷ്യം; പാക് ബന്ധം സ്ഥിരീകരിച്ച് എന്‍.ഐ.എ കുറ്റപത്രം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
December 15, 2025
1 min read Updated: June 09, 2026
SHARE:
SAVE: Login to save

പഹല്‍ഗാം ഭീകരാക്രമണം: ഏഴ് പ്രതികള്‍, പിന്നില്‍ വര്‍ഗീയ ലക്ഷ്യം; പാക് ബന്ധം സ്ഥിരീകരിച്ച് എന്‍.ഐ.എ കുറ്റപത്രം
  പഹല്‍ഗാം ഭീകരാക്രമണത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) കുറ്റപത്രം സമര്‍പ്പിച്ചു. രാജ്യത്തെ നടുക്കിയ ആക്രമണം നടന്ന് എട്ട് മാസങ്ങള്‍ പിന്നിടുമ്പോഴാണ് ജമ്മു കശ്മീരിലെ എന്‍.ഐ.എ. പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പാക് പിന്തുണയുള്ള ഭീകരരാണ് ആക്രമണം നടത്തിയതെന്നും, ഇതിന് പിന്നില്‍ വര്‍ഗീയ ലക്ഷ്യമുണ്ടായിരുന്നു എന്നും 1,597 പേജുള്ള കുറ്റപത്രത്തില്‍ എന്‍.ഐ.എ. വ്യക്തമാക്കുന്നു. പാക് ഭീകരസംഘടനകളായ ലഷ്‌കറെ ത്വയിബയും അതിന്റെ നിഴല്‍ സംഘടനയായ ദ് റസിസ്റ്റന്‍സ് ഫ്രണ്ടുമാണ് ആക്രമണം ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. പാക് ചാരസംഘടനയായ ഐ.എസ്.ഐ., പാക് സൈന്യം എന്നിവരുടെ പങ്കാളിത്തത്തിലേക്കും കുറ്റപത്രം വിരല്‍ചൂണ്ടുന്നു. കേസില്‍ ആകെ ഏഴ് പ്രതികളാണ് ഉള്ളത്. ഓപ്പറേഷന്‍ മഹാദേവിലൂടെ സുരക്ഷാ സേന വധിച്ച പാക് ഭീകരരായ സുലൈമാന്‍ ഷാ, ഹംസ, ജിബ്രാന്‍ എന്നിവരാണ് കേസിലെ പ്രധാന പ്രതികള്‍. ഇവരെ കൂടാതെ പാക് ഭീകരന്‍ സാജിദ് ജാട്ട് ആണ് ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍. ഭീകരര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുത്ത മൂന്ന് തദ്ദേശീയരായ വ്യക്തികളും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുന്നു. ഓവര്‍ ഗ്രൗണ്ട് വര്‍ക്കേഴ്സായി പ്രവര്‍ത്തിച്ചിരുന്ന ബഷീര്‍ അഹമ്മദ് ജോഥാര്‍, പര്‍വേശ് അഹമ്മദ് ജോഥാര്‍, മുഹമ്മദ് യൂസഫ് കഠാരി എന്നിവരാണ് തദ്ദേശീയരായ പ്രതികള്‍. കേസില്‍ കൂടുതല്‍ അന്വേഷണം തുടരുന്നതായി എന്‍.ഐ.എ. കോടതിയെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ഏപ്രില്‍ 22-നായിരുന്നു രാജ്യത്തെ നടുക്കിയ ഭീകരാക്രമണം നടന്നത്. വിനോദസഞ്ചാരികളും ഭീകരരെ തടയാന്‍ ശ്രമിച്ച നാട്ടുകാരനുമടക്കം 26 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ മലയാളിയുമുണ്ട്. കൊച്ചി പാലാരിവട്ടം സ്വദേശിയായ 65 വയസ്സുകാരന്‍ രാമചന്ദ്രന്‍ കുടുംബത്തോടൊപ്പം വിനോദസഞ്ചാരത്തിന് പോയപ്പോഴാണ് ഭീകരരുടെ വെടിയേറ്റ് മരിച്ചത്. കുടുംബാംഗങ്ങളുടെ കണ്‍മുന്നില്‍ വെച്ചാണ് ഭീകരര്‍ ഇദ്ദേഹത്തെ കൊലപ്പെടുത്തിയത്. പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂറിലൂടെ പാക് ഭീകരകേന്ദ്രങ്ങള്‍ ആക്രമിച്ചു. ഇതിനെത്തുടര്‍ന്ന് നാല് ദിവസം ഇന്ത്യയും പാകിസ്താനും തമ്മില്‍ യുദ്ധസമാനമായ സംഘര്‍ഷമാണ് നിലനിന്നത്. രാജ്യത്തിനെതിരെയുണ്ടാകുന്ന ഏത് ആക്രമണത്തെയും യുദ്ധപ്രഖ്യാപനമായി കണ്ട് ശക്തമായി തിരിച്ചടിക്കുമെന്നതാണ് പഹല്‍ഗാമിന് ശേഷമുള്ള ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ പുതിയ നിലപാട്.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10