Logo
Mon, Jul 06, 2026 • 09:08 AM
LIVE TV
Watch

No business videos available

No Middle East videos available

കോടിയേരിയുടെ ആരോപണം ജനശ്രദ്ധതിരിക്കാന്‍, രമേശ് ചെന്നിത്തലയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാമെന്ന് കരുതേണ്ട: മുല്ലപ്പള്ളി രാമചന്ദ്രന്‍


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 31, 2020
1 min read Updated: June 10, 2026
SHARE:
SAVE: Login to save

കോടിയേരിയുടെ ആരോപണം ജനശ്രദ്ധതിരിക്കാന്‍, രമേശ് ചെന്നിത്തലയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാമെന്ന് കരുതേണ്ട: മുല്ലപ്പള്ളി രാമചന്ദ്രന്‍
  തിരുവനന്തപുരം: അഴിമതി ആരോപണങ്ങളുടെ ശരശയ്യയില്‍ കിടക്കുന്ന മുഖ്യമന്ത്രിയെ രക്ഷപ്പെടുത്താനും സ്വര്‍ണ്ണക്കള്ളക്കടത്ത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നിന്നും ജനശ്രദ്ധതിരിക്കാനുമുള്ള വൃഥാശ്രമമാണ് സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ ദേശാഭിമാനിയിലെ ലേഖനമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കോണ്‍ഗ്രസിന്‍റെ മതേതര സിദ്ധാന്തങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാമെന്ന് സി.പി.എം കരുതണ്ട. സമാനമായ ആരോപണം ഒരാഴ്ച മുന്‍പ് കോടിയേരി ഉന്നയിച്ചെങ്കിലും കേരളീയ പൊതുസമൂഹം അത് അവജ്ഞയോടെ തള്ളിക്കളഞ്ഞു. കോണ്‍ഗ്രസില്‍ ആശയക്കുഴപ്പമുണ്ടാക്കാമെന്ന കോടിയേരിയുടെ സൃഗാലബുദ്ധി നടക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. ജനങ്ങളില്‍ നിന്ന് പൂര്‍ണ്ണമായും ഒറ്റപ്പെട്ട ജനവിരുദ്ധ സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്.അധികാരത്തിലേക്ക് മടങ്ങിവരാന്‍ സാധിക്കില്ലെന്ന തിരിച്ചറിവാണ് ലേഖനത്തിലുടനീളം. കമ്മ്യൂണിസം പ്രസംഗിക്കുകയും രഹസ്യമായി ശത്രുസംഹാര പൂജയും പൂമൂടലും യഥേഷ്ടം നടത്തുകയും ചെയ്യുന്നവരാണ് സി.പി.എം നേതാക്കളും അവരുടെ കുടുംബാംഗങ്ങളും. തീവ്രമതാധിഷ്ഠിത സംഘടനകളുമായി ഒളിഞ്ഞും തെളിഞ്ഞും രഹസ്യ ബാന്ധവത്തില്‍ ഏര്‍പ്പെട്ട പാര്‍ട്ടിയാണ് സി.പി.എം.അവസരവാദമാണ് സി.പി.എമ്മിന്റെ രാഷ്ട്രീയം. മതേതരവാദം വെറും കാപട്യം. സി.പി.എമ്മിന്‍റെ ആര്‍.എസ്.എസ് വിരോധം ഒട്ടും ആത്മാര്‍ത്ഥതയില്ലത്തതാണ്. ദീര്‍ഘകാലം ആര്‍.എസ്.എസിനും സി.പി.എമ്മിനും ഇടയ്ക്കുള്ള പാലമായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടേയും പാര്‍ട്ടി സെക്രട്ടറിയുടേയും സ്വന്തം തട്ടകമായ കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ഒരു ആര്‍.എസ്.എസ് നേതാവ് പ്രമുഖ മലയാള വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും ഈ ആര്‍.എസ്.എസ് നേതാവിന്‍റെ വെളിപ്പെടുത്തലിനെ നിരാകരിക്കാനോ തള്ളിപ്പറയാനോ ഇതുവരെ തയ്യാറായിട്ടില്ല. നേതാക്കളുടെ സംഘപരിവാര്‍ മനസ്സാണ് ഇതിലൂടെ പ്രകടമാകുന്നത്. ആര്‍.എസ്.എസിന്റെ കായംകുളം ശാഖയില്‍ കാക്കി ട്രൗസറുമിട്ട് പോയകാലത്തെ കുറിച്ച് സി.പി.എമ്മിന്റെ മുതിര്‍ന്ന പോളിറ്റ് ബ്യൂറോ അംഗം പരസ്യമായി സമ്മതിച്ചിട്ടുണ്ട്.ഇതിനര്‍ത്ഥം സംഘപരിവാര്‍ മനസ്സുള്ളവര്‍ തന്നെയാണ് സി.പി.എമ്മിനെ നയിക്കുന്നതെന്നാണ്. 1984 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രണ്ടംഗങ്ങള്‍ മാത്രമുണ്ടായിരുന്ന ബി.ജെ.പിയെ 1989 ലെ തിരഞ്ഞെടുപ്പില്‍ 85 സീറ്റിലെത്തിക്കുന്നതില്‍ സി.പി.എമ്മിന്റെകോണ്‍ഗ്രസ് വിരുദ്ധ നിലപാടിന് വലിയ പങ്കുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിന്‍റെ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും അവിടെനിന്ന് മറ്റ് ഉന്നതരിലേക്കും തിരിയുമെന്ന പരിഭ്രാന്തിയാണ് കോടിയേരിക്ക്. സി.പി.എമ്മിന് നാളിതുവരെ ഇതുപോലൊരു രാഷ്ട്രീയ പ്രതിസന്ധി ഉണ്ടായിട്ടില്ല. സി.പി.എമ്മിന്റെ ചരിത്രം പരിശോധിച്ചാല്‍ ആര്‍.എസ്.എസ് ബന്ധത്തിന്‍റെ നിരവധി ഏടുകള്‍ ലഭിക്കും. ആര്‍.എസ്.എസ്., ജനസംഘം,ബി.ജെ.പി എന്നിവയുമായി സി.പി.എമ്മിനുള്ള ബന്ധം താന്‍ പലപ്പോഴായി ചൂണ്ടിക്കാട്ടിയതാണ്. ഈ നിമിഷം വരെ അതു നിഷേധിക്കാന്‍ സി.പി.എം തയ്യാറായില്ല. എക്കാലത്തും ആര്‍.എസ്.എസുമായി സന്ധിചെയ്തു മുന്നോട്ട് പോയ പ്രസ്ഥാനമാണ് സി.പി.എം. ഈ വിഷയത്തില്‍ ഒരു തുറന്ന സംവാദത്തിന് താന്‍ കോടിയേരിയേയും മുഖ്യമന്ത്രിയേയും പരസ്യമായി വെല്ലുവിളിച്ചതാണ്. എന്നാല്‍ ആ വെല്ലുവിളി ഏറ്റെടുക്കാന്‍ ഇരുവരും ഇതുവരെ തയ്യാറായില്ല.തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവരെ വര്‍ഗീയ വാദികളായി ചിത്രീകരിക്കുന്നത് സി.പി.എമ്മിന്‍റെ രീതിയാണെന്നും മുല്ലപ്പള്ളി പറഞ്ഞു. സി.പി.എം സെക്രട്ടറിയുടെ ലേഖനത്തില്‍ മുസ്ലീം ലീഗ് സംഘപരിവാറിനെ പരോക്ഷമായി സഹായിക്കുകയാണെന്ന വാദമാണ് ഉയര്‍ത്തുന്നത്. മതനിരപേക്ഷ ഇന്ത്യയെ ശക്തിപ്പെടുത്തുന്നതിന് മുസ്ലീം ലീഗ് സ്വീകരിച്ചിട്ടുള്ള നിലപാട് കേരളീയ പൊതുസമൂഹത്തിന് നന്നായി അറിയാം. മുന്തിരി പുളിക്കുമെന്ന പറഞ്ഞ കുറുക്കന്റെ മാനസികാവസ്ഥയാണ് സി.പി.എമ്മിന് ലീഗിന്‍റെ കാര്യത്തിലുള്ളതെന്ന് മുല്ലപ്പള്ളി പറഞ്ഞു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10