ഹാലന്‍ഡ് കൊടുങ്കാറ്റില്‍ തകര്‍ന്ന് കാനറികള്‍; നോര്‍വെയ്ക്ക് ചരിത്ര വിജയം; ബ്രസീല്‍ ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്
ന്യൂജേഴ്‌സി: സൂപ്പര്‍ സ്‌ട്രൈക്കര്‍ എര്‍ലിങ് ഹാലന്‍ഡിന്റെ ഇരട്ടഗോള്‍ മികവില്‍ കരുത്തരായ ബ്രസീലിനെ അട്ടിമറിച്ച് നോര്‍വെ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു നോര്‍വെയുടെ ചരിത്ര വിജയം. ഇതോടെ അഞ്ച് തവണ ലോക ചാമ്പ്യന്മാരായ മഞ്ഞപ്പട ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. 1990-ന് ശേഷം ആദ്യമായാണ് ബ്രസീല്‍ ഇത്രയും നേരത്തെ ടൂര്‍ണമെന്റില്‍ നിന്ന് മടങ്ങുന്നത്.
മത്സരത്തില്‍ നോര്‍വേ ഗോള്‍കീപ്പര്‍ ഓറിയന്‍ നയ്‌ലന്‍ഡിന്റെ അവിശ്വസനീയ പ്രകടനമാണ് ബ്രസീലിന് വിനയായത്. ഒന്നാം പകുതിയില്‍ ബ്രസീലിന് അനുകൂലമായി ലഭിച്ച പെനാല്‍റ്റി കിക്ക് ബ്രൂണോ ഗിമാരസ് എടുത്തതെങ്കിലും നയ്‌ലന്‍ഡ് അത് മനോഹരമായി തട്ടിയകറ്റി. വിനീഷ്യസ് ജൂനിയര്‍, ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി, എന്‍ഡ്രിക് എന്നിവരുടെ നിരവധി ഉറച്ച ഗോള്‍ശ്രമങ്ങളാണ് നയ്‌ലന്‍ഡ് ഒറ്റയ്ക്ക് തടഞ്ഞുനിര്‍ത്തിയത്.
മത്സരത്തിന്റെ ഭൂരിഭാഗം സമയവും ബ്രസീല്‍ പ്രതിരോധം ഹാലന്‍ഡിനെ പൂട്ടിയിട്ടെങ്കിലും അവസാന 11 മിനിറ്റില്‍ കളി മാറി. ആന്‍ഡ്രിയാസ് ഷെല്‍ഡ്രൂപ്പ് ഇടതുവശത്തുനിന്ന് നല്‍കിയ ക്രോസ് മനോഹരമായൊരു ഹെഡ്ഡറിലൂടെ ഹാലന്‍ഡ് ബ്രസീല്‍ വലയിലെത്തിച്ച് നോര്‍വെയ്ക്ക് ലീഡ് നല്‍കി. തുടര്‍ന്ന് 90-ാം മിനിറ്റില്‍ ബോക്‌സിന്റെ അതിര്‍ത്തിയില്‍ നിന്ന് തൊടുത്ത ഒരു തകര്‍പ്പന്‍ ഷോട്ടിലൂടെ ഹാലന്‍ഡ് നോര്‍വെയുടെ രണ്ടാം ഗോളും നേടി. ടൂര്‍ണമെന്റില്‍ ഹാലന്‍ഡിന്റെ ഏഴാം ഗോളാണിത്.
മത്സരത്തിന്റെ അധികസമയത്ത് (90+10 മിനിറ്റ്) ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് സൂപ്പര്‍ താരം നെയ്മര്‍ ബ്രസീലിനായി ഒരു ഗോള്‍ മടക്കിയെങ്കിലും പരാജയം ഒഴിവാക്കാനായില്ല.
നീണ്ട 24 വര്‍ഷത്തെ ലോകകപ്പ് കിരീട വരള്‍ച്ച അവസാനിപ്പിക്കാന്‍ കാര്‍ലോ ആന്‍സലോട്ടിയെ പുതിയ പരിശീലകനാക്കി എത്തിയ ബ്രസീലിന് ഈ തോല്‍വി വന്‍ തിരിച്ചടിയാണ്. ഇത് തുടര്‍ച്ചയായ ആറാം തവണയാണ് ബ്രസീല്‍ ഒരു യൂറോപ്യന്‍ ടീമിനോട് തോറ്റ് ലോകകപ്പില്‍ നിന്ന് പുറത്താകുന്നത്.
ജൂലൈ 11-ന് മിയാമിയില്‍ നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ സഹആതിഥേയരായ മെക്‌സിക്കോ അല്ലെങ്കില്‍ ഇംഗ്ലണ്ട് എന്നിവരില്‍ ആരെങ്കിലുമായിരിക്കും നോര്‍വെയുടെ എതിരാളികള്‍.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.