റാങ്ക് ഹോൾഡർമാർ തെരുവിൽ, സഖാക്കൾ അകത്ത്; മുൻ എൽ.ഡി.എഫ് ഭരണകാലത്ത് പി.എസ്.സിയിൽ നടന്നത് വൻ ബന്ധുനിയമന വേട്ട
സംസ്ഥാനത്ത് ഏറ്റവും സുതാര്യമായി സർക്കാർ ഉദ്യോഗങ്ങളിലേക്ക് നിയമനം നടത്തേണ്ട കേരള പബ്ലിക് സർവീസ് കമ്മിഷനിൽ (പി.എസ്.സി) മുൻ എൽ.ഡി.എഫ് സർക്കാരിന്റെയും പാർട്ടി നേതാക്കളുടെയും തണലിൽ വഴിവിട്ട നിയമനങ്ങൾ നടന്നതായി ഗുരുതര ആരോപണം. പി.എസ്.സിയുടെ സ്വന്തം റാങ്ക് പട്ടിക നിലനിൽക്കെയാണ് പത്ത് ഓഫീസ് അറ്റൻഡന്റ് തസ്തികകൾ ഉന്നതരുടെ ഇഷ്ടക്കാർക്കും കരാർ ജീവനക്കാർക്കുമായി മാറ്റിവെച്ചത്. ഇതിൽ ഒരാൾ മുൻ പി.എസ്.സി ചെയർമാന്റെ തന്നെ ഡ്രൈവറുടെ ഭാര്യയാണ്. മറ്റൊരാൾ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെ ഗൺമാനായിരുന്ന (ആലപ്പുഴയിലെ നവകേരള സദസ്സ് 'രക്ഷാപ്രവർത്തന'ത്തിൽ പ്രതിയായ വ്യക്തി) ആളുടെ ഭാര്യാ സഹോദരനാണെന്ന ഞെട്ടിക്കുന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.
സി.പി.എം പ്രവർത്തകനായ കോഴിക്കോട് സ്വദേശിക്ക് എൽ.ഡി.എഫ് സർവീസ് സംഘടന ഭരിക്കുന്ന സൊസൈറ്റിക്ക് കീഴിലെ കാന്റീനിലാണ് ജോലി നൽകിയത്. എന്നാൽ ഇയാൾക്ക് ഓഫീസ് അറ്റൻഡന്റ് പട്ടികയിൽ ഉൾപ്പെടുത്തി ശമ്പളം നൽകുന്നത് പി.എസ്.സിയുടെ ഖജനാവിൽ നിന്നാണ്. കൂടാതെ, സഹകരണ സൊസൈറ്റിയിലെ എൽ.ഡി.എഫ് യൂണിയൻ നേതാവിന്റെ സഹോദരിയുടെ മകനെ ഡ്രൈവറായും, സഹോദരന്റെ മകനെ ഓഫീസ് അറ്റൻഡന്റായും തിരുകിക്കയറ്റി. സി.പി.എം മുഖപത്രത്തിലെ ഒരു ജീവനക്കാരന് അധിക വരുമാനമെന്ന നിലയിൽ പി.എസ്.സി പ്രസിദ്ധീകരണത്തിന്റെ ലേ-ഔട്ട് ചുമതല നൽകി മാസം തോറും 22,000 രൂപ വീതം അനുവദിക്കുന്നതായും രേഖകൾ വ്യക്തമാക്കുന്നു.
ഒൻപത് വർഷം മുൻപ് ഓഫീസ് അറ്റൻഡന്റ് റാങ്ക് പട്ടിക നിലവിലില്ലാതിരുന്ന സമയത്താണ് ഇവരെ താൽക്കാലികമായി നിയമിച്ചത്. എന്നാൽ പിന്നീട് സെക്രട്ടേറിയറ്റ്, പി.എസ്.സി, ലോക്കൽ ഫണ്ട് ഓഡിറ്റ് തുടങ്ങിയ വകുപ്പുകളിലേക്ക് പൊതു റാങ്ക് പട്ടിക നിലവിൽ വന്നിട്ടും, അതിൽ നിന്നും നിയമനം നടത്താൻ പി.എസ്.സി തയ്യാറായില്ല. പകരം ഈ താൽക്കാലികക്കാരുടെ കരാർ ഓരോ വർഷവും പുതുക്കി നൽകുകയാണ് ചെയ്തത്. താൽക്കാലിക നിയമനങ്ങൾ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി മാത്രമേ നടത്താവൂ എന്ന സർക്കാർ ഉത്തരവ് പൂർണ്ണമായും ലംഘിക്കപ്പെട്ടു. നിലവിൽ ഉന്നത സ്വാധീനമുള്ള ഈ കരാർ ജീവനക്കാരാണ് പി.എസ്.സിയിലെ ചില പ്രധാന സെക്ഷനുകൾ ഭരിക്കുന്നത്. പിണറായി വിജയന്റെ മുൻ ഗൺമാന്റെ അളിയനാണ് എസ്റ്റാബ്ലിഷ്‌മെന്റ് സെക്ഷനിലെ മറ്റ് സ്ഥിരം ഒ.എ ജീവനക്കാരെപ്പോലും നിയന്ത്രിക്കുന്നത്.
എൽ.ഡി.എഫ് സർക്കാരിന് മുൻപ് തുടർഭരണം ലഭിച്ചതോടെ പി.എസ്.സിയിലെ എല്ലാ വിഭാഗങ്ങളും പൂർണ്ണമായി രാഷ്ട്രീയവൽക്കരിക്കപ്പെടുകയും പരീക്ഷാ അട്ടിമറി പരാതികൾ വ്യാപകമാവുകയും ചെയ്തു. മുൻപ് ഇത്തരം ക്രമക്കേടുകൾക്കെതിരെ പി.എസ്.സി യോഗങ്ങളിൽ അംഗങ്ങൾ ശബ്ദമുയർത്തിയിരുന്നെങ്കിൽ, കഴിഞ്ഞ മെയ് മാസം വരെ ഭരിച്ച എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് ആകെയുള്ള 16 അംഗങ്ങളും എൽ.ഡി.എഫ് നോമിനികളായതിനാൽ യോഗങ്ങളിൽ എതിരഭിപ്രായങ്ങൾ ഉയർന്നിരുന്നില്ല. അഭിമുഖങ്ങളിൽ മാർക്കിടുന്നതും പരസ്പര ധാരണയോടെയായിരുന്നു. നിലവിൽ യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നിട്ടുള്ള സാഹചര്യത്തിൽ, മുൻ ഭരണകാലത്ത് നടന്ന ഈ വലിയ അഴിമതികൾക്കെതിരെ ഉദ്യോഗാർത്ഥികളും ജീവനക്കാരും ശക്തമായ അന്വേഷണം ആവശ്യപ്പെടുന്നുണ്ട്. നിലവിൽ 5 പി.എസ്.സി അംഗങ്ങളുടെ ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.