'വഴിമുട്ടുന്ന സ്ഥിതിയിലേക്ക് കേരളം; സമ്പദ് വ്യവസ്ഥയിൽ അടിസ്ഥാന മാറ്റം അനിവാര്യം': നിയമസഭയിൽ മുന്നറിയിപ്പുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിന്റെ സമ്പദ് വ്യവസ്ഥ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും നിലവിലെ രീതിയിൽ മുന്നോട്ടുപോയാൽ ഭാവിയിൽ ക്ഷേമപദ്ധതികൾ പോലും നിർത്തിവെക്കേണ്ടി വരുന്ന പരിതാപകരമായ അവസ്ഥയുണ്ടാകുമെന്നും മുഖ്യമന്ത്രി. നിയമസഭയിൽ ധനാഭ്യർത്ഥന ചർച്ചയ്ക്കുള്ള മറുപടി പ്രസംഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ ഈ തുറന്നുപറച്ചിൽ. പരമ്പരാഗത ശൈലിയിൽ നിന്ന് മാറി ചിന്തിച്ച് വ്യത്യസ്തമായ രീതിയിലാണ് ബജറ്റ് തയ്യാറാക്കിയതെന്ന പ്രതിപക്ഷത്തിന്റെ ആക്ഷേപം താൻ പൂർണ്ണമായി അംഗീകരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'പരമ്പരാഗതമായ രീതിയില്‍ നിന്നും മാറി ചിന്തിച്ച് വ്യത്യസ്തമായി തയാറാക്കിയ ബജറ്റാണെന്ന പ്രതിപക്ഷ ആക്ഷേപം പൂര്‍ണമായും അംഗീകരിക്കുന്നു. സംസ്ഥാനത്തിന്റെ സ്ഥിതി എന്താണെന്ന് വ്യവസായ മന്ത്രി വ്യക്തമായി പറഞ്ഞു. നമ്മള്‍ ഇങ്ങനെ പോയാല്‍ മതിയോ എന്ന് ചിന്തിക്കണം. നമ്മുടെ കുട്ടികള്‍ക്ക് തൊഴിലവസരം നല്‍കാന്‍ സാധിക്കാത്ത, ക്ഷേമ പദ്ധതികള്‍ പോലും ഭാവിയില്‍ നിര്‍ത്തിവയ്‌ക്കേണ്ടി വരുന്ന പരിതാപകരമായ സ്ഥിതിയിലേക്ക് നമ്മള്‍ പോകും. പണം കടമെടുത്ത്, അതിന്റെ പലിശയും നല്‍കി കഴിയുമ്പോള്‍ ഒന്നും ചെയ്യാന്‍ സാധിക്കാത്ത സ്ഥിതിയുണ്ടാകും. മൊത്ത വരുമാനത്തിന്റെ 77 ശതമാനം കമ്മിറ്റഡ് എക്‌സ്‌പെന്‍ഡിച്ചറാണെന്ന് പറയുന്നത് ഭയാനകമായ സ്ഥിതിവിശേഷമാണ്. ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെ അഭിമാനമുള്ളപ്പോഴും അത് മുന്നോട്ട് കൊണ്ടു പോകാനാകണം. പ്രായമായവരുടെ എണ്ണം കേരളത്തില്‍ വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. വയോധികരെ സംരക്ഷിക്കുന്നതിനു വേണ്ടി പുതിയ സംരംഭങ്ങള്‍ ആരംഭിക്കേണ്ടിയിരിക്കുന്നു. കൂടുതല്‍ ബാധ്യതകളാണ് നമ്മുടെ സമ്പദ് വ്യവസ്ഥയ്ക്ക് മേല്‍ വരുന്നത്. നിലവിലെ സമ്പദ് വ്യവസ്ഥയില്‍ അടിസ്ഥാനപരമായ മാറ്റം അനിവാര്യമാണ്.
1930 ലെ ഗ്രേറ്റ് ഡിപ്രഷനാണ് ലോകം ആദ്യമായി കണ്ട ഏറ്റവും വലിയ സാമ്പത്തിക തകര്‍ച്ച. അന്ന് അതില്‍ നിന്നും കരകയറിയത് പുതിയ രീതികള്‍ അവലംബിച്ചാണ്. അങ്ങനെയാണ് Keynesian theory വന്നത്. മാര്‍ക്കറ്റില്‍ കൂടുതല്‍ പണം ചെലവഴിച്ചാല്‍ മാത്രമെ ഇക്കണോമിക് ആക്ടിവിറ്റി നടക്കുകയുള്ളൂ. എന്നാല്‍ സര്‍ക്കാരിന്റെ കയ്യിലെ പണം കുറഞ്ഞുവരികയാണ്. ക്യാപിറ്റല്‍ എക്‌സപെന്‍ഡിച്ചര്‍ 1.3 ശതമാനത്തില്‍ നില്‍ക്കുകയാണ്. രാജ്യത്തെ ഏറ്റവും താഴ്ന്ന അവസ്ഥയാണിത്. ഏത് ഘട്ടത്തിലേക്കാണ് പോകുന്നതെന്ന് നമ്മള്‍ അറിയണം. കടത്തിന്റെയും ജി.എസ്.ഡി.പിയുടെയും റേഷ്യോ കൂടുകയാണ്. ഇത് അപകടകരമായ സ്ഥിതിയാണ്. ഇത് ഇപ്പോള്‍ പരിഹരിക്കപ്പെടേണ്ടതാണ്. ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലേക്ക് നമ്മള്‍ എത്താന്‍ ഇനി അധികം വര്‍ഷങ്ങള്‍ വേണ്ടി വരില്ല. എവിടെയെങ്കിലും പോയി ഇടിച്ചു നില്‍ക്കുമ്പോള്‍ ഒന്നും ചെയ്യാന്‍ സാധിക്കാതെ വരും. അങ്ങനെ ഇടിച്ചു നില്‍ക്കാതിരിക്കാനുള്ള തയാറെടുപ്പുകളാണ് നമ്മള്‍ നടത്തേണ്ടത്. വല്ലാതെ വൈകിപ്പോയെന്ന് കരുതുന്നില്ല. പക്ഷെ ഇനിയും വൈകാന്‍ പാടില്ല.
നിക്ഷേപങ്ങള്‍ വരണം. ഇക്കണോമിക് അക്ടിവിറ്റികള്‍ നടക്കണം. നേരത്തെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലെന്ന് അവകാശപ്പെട്ടിരുന്ന റെമിറ്റന്‍സ് ഇക്കോണമി ഇല്ലാതായി. പ്രവാസികള്‍ തിരിച്ചു വരുന്ന സാഹചര്യം എപ്പോള്‍ വേണമെങ്കിലും ഉണ്ടാകാം. ഗള്‍ഫ് നാടുകളില്‍ നിന്നും തിരിച്ച് വരുന്നവരെ പുനരധിവസിപ്പിക്കേണ്ടി വരും. ഈ സാഹചര്യത്തില്‍ റെമിറ്റന്‍സ് ഇക്കേണമിയെ ഇന്‍വെസ്റ്റ്‌മെന്റ് ഇക്കോണമിയാക്കി മാറ്റണമെന്ന് പറഞ്ഞിരിക്കുന്നത്.
കൈമാറ്റം ചെയ്യപ്പെടേണ്ട വിനിമയ മാധ്യമമാണ് കറന്‍സി. കറന്‍സി ഇല്ലാതായാല്‍ ആക്ടിവിറ്റികള്‍ കുറയും. ആക്ടിവിറ്റികള്‍ കുറഞ്ഞാല്‍ പണത്തിന്റെ സര്‍ക്കുലേഷന്‍ കുറയും. അദ്ഭുതപ്പെടുത്തുന്ന തരത്തില്‍ നാലും അഞ്ചും മില്യണ്‍ റിവേഴ്‌സ് റിമിറ്റന്‍സ് കേരളത്തിലുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തി ഇവിടെ തൊഴിലെടുക്കുന്നവര്‍ വളരെ കുറച്ച് പണം മാത്രമാണ് ഇവിടെ ചെലവഴിക്കുന്നത്. അവര്‍ക്ക് വേതനമായി കിട്ടുന്ന പണം മുഴുവന്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുകയാണ്. സമ്പദ് വ്യവസ്ഥയുടെ അടിത്തറ മാന്തുന്നതാണ് റിവേഴ്‌സ് റെമിറ്റന്‍സ്. പക്ഷെ അവരെ ഒഴിവാക്കാനാകില്ല. റിവേഴ്‌സ് റെമിറ്റന്‍സിനെ കുറിച്ച് ഈ സര്‍ക്കാര്‍ വ്യക്തമായി പഠിക്കും.
600 കിലോ മീറ്റര്‍ ദൂരം കടലുള്ളത് കേരളത്തിന്റെ നേട്ടമാണ്. ദുബായ് പോര്‍ട്ട് ആ രാജ്യത്തിന്റെ ജി.ഡി.പിയിലേക്ക് 28 മുതല്‍ 30 ശതമാനം വരെയാണ് വരുമാനം നല്‍കുന്നത്. കേരളത്തിന്റെ തീരം അത്തരത്തില്‍ പ്രയോജനപ്പെടുത്തുന്നതിനു വേണ്ടിയാണ് തുറമുഖങ്ങളെ കുറിച്ചും ഏവിയേഷന്‍ ഹബ്ബിനെ കുറിച്ചും എം.എസ്.എം.ഇകളെ കുറിച്ചും ആലോചിച്ചത്. അതിന് പണവും ലാന്‍ഡ് ബാങ്ക് പോളിസിയും വേണം. നിരവധി ഇക്കണോമിക് മോഡലുകള്‍ സര്‍ക്കാരിന് മുന്നിലുണ്ട്. സര്‍ക്കാരിന്റെ സാന്ന്ധ്യം അറിയിച്ചുള്ള നിക്ഷേപങ്ങളാകും കേരളത്തിലുണ്ടാകുക. എല്ലാ തടസങ്ങളും വേഗത്തില്‍ നീക്കി കൊടുക്കാനാകണം. നമ്മുടെ വരുമാനം വര്‍ധിപ്പിക്കാന്‍ നികുതി പിരിച്ചെടുക്കും. ആരുടെയും തലയില്‍ അമിതമായ നികുതി ഭാരം കെട്ടിവയ്ക്കാതെയുള്ള ബദല്‍ മാര്‍ഗങ്ങളാണ് സര്‍ക്കാര്‍ തേടുന്നത്. നികുതി ഘടന പൂര്‍ണമായും പുനസംഘടിപ്പിക്കും. പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ടാക്‌സ് ഡ്രൈവ് നടത്തി നേട്ടമുണ്ടാക്കണം. നികുതി വെട്ടിപ്പുകാരെ കര്‍ശനമായി നേരിടും. നികുതി വെട്ടിപ്പുകാര്‍ സംസ്ഥാന ഖജനാവിന് നഷ്ടമുണ്ടാക്കുകയും സര്‍ക്കാരിന് നികുതി കൊടുക്കുന്ന കച്ചവടക്കാരെയും ഇല്ലാതാക്കും. യഥാര്‍ത്ഥ നികുതിദായകരെ സര്‍ക്കാര്‍ സംരക്ഷിക്കും.
പ്രതിപക്ഷം രാഷ്ട്രീയവും ആക്ഷേപവും പറയണം. പക്ഷെ ലൈഫ് പദ്ധതി നിര്‍ത്തുന്നു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത് തെറ്റാണ്. പട്ടിക ജാതി പട്ടിക വര്‍ഗത്തിനും തീരദേശത്തെ ജനങ്ങള്‍ക്കും ലൈഫ് പദ്ധതിയില്‍ മതിയായ പ്രാധാന്യം നല്‍കുന്നില്ല. അതുകൊണ്ടാണ് അധികാരത്തില്‍ എത്തിയാല്‍ പ്രത്യേക ഭവന നിര്‍മ്മാണ പദ്ധതികള്‍ ഉണ്ടാകുമെന്ന് ഞങ്ങള്‍ അവര്‍ക്ക് വാക്ക് കൊടുത്തത്. അല്ലാതെ ലൈഫ് പദ്ധതി തകര്‍ക്കാനല്ല പോകുന്നത്.
സ്വകാര്യവത്ക്കരണം എന്ന് പറഞ്ഞ് എന്തൊക്കെ ബഹളമായിരുന്നു. മിനറല്‍ കൊറിഡോറിനെ കുറിച്ച് പറയുന്നിടത്ത് സ്വകാര്യവത്ക്കരണത്തെ കുറിച്ച് ഒരു വാചകം പോലുമില്ല. ഒരു സ്വകാര്യ കമ്പനിയുമായി എല്ലാ ധാരണയും ഉണ്ടാക്കിവച്ചരാണ് ഞങ്ങളെ വിമര്‍ശിക്കുന്നത്. കെ.എം.എം.എല്ലിന്റെ 265 മത് ബോര്‍ഡ് മീറ്റിംഗില്‍ 2026 ജനുവരി 26 ന് സ്വകാര്യ കമ്പനികളെ ക്ഷണിച്ച് ഗ്ലോബല്‍ ടെന്‍ഡര്‍ പ്രസിദ്ധീകരിച്ചെന്നും മൂന്ന് കമ്പനികളാണ് ടെന്‍ഡര്‍ നല്‍കിയതെന്നും പറയുന്നുണ്ട്. എന്നിട്ടാണ് 267മത്തെ ബോര്‍ഡ് യോഗം ഫെബ്രുവരി 25-ന് ഹൈദരാബാദ് ആസ്ഥാനമായുള്ള കമ്പനിക്ക് വര്‍ക്ക് ഓര്‍ഡര്‍ നല്‍കാന്‍ തീരുമാനിച്ചത്. എന്നിട്ടും ബജറ്റില്‍ ആക്ഷേപം കേട്ടത് ഞാനാണ്. എല്ലാ ചെയ്തുവച്ചവരാണ് ഞങ്ങളെ വിമര്‍ശിച്ചത്. ഞങ്ങള്‍ക്ക് നേരെ ഒരു വിരല്‍ ചൂണ്ടിയാല്‍ നാല് വിരല്‍ നിങ്ങളുടെ നെഞ്ചിലേക്കാണെന്ന് ഓര്‍ക്കണം.
വേണ്ടാത്തതൊന്നും ഈ സര്‍ക്കാര്‍ ചെയ്യില്ല. ഞങ്ങള്‍ ഒരു തെറ്റ് ചെയ്താല്‍ അത് തെറ്റാണെന്ന് ബോധ്യപ്പെട്ടാല്‍ മാപ്പ് പറഞ്ഞ് പിന്‍മാറാനും തയാറാണ്. തെറ്റ് ചൂണ്ടിക്കാട്ടിയാല്‍ തിരുത്തും. പക്ഷെ ലൈഫ് പദ്ധതി അവസാനിപ്പിക്കുന്നുവെന്നും സ്വകാര്യവത്ക്കരണമെന്നുമുള്ള പ്രചരണം അനുവദിക്കില്ല. എല്ലാം നന്നായി ശ്രദ്ധിച്ചു മാത്രമെ ഞങ്ങള്‍ ചെയ്യൂ. കേരളത്തിന്റെ താല്‍പര്യത്തിന് വിരുദ്ധമായതൊന്നും ചെയ്യില്ല. എല്ലാവര്‍ക്കും ചേര്‍ന്ന് കേരളത്തെ രക്ഷിക്കണം. കേരളത്തില്‍ മാറ്റമുണ്ടാകും. അടുത്ത മൂന്ന് മാസം കഴിയുമ്പോഴേക്കും ഈ ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്ന പല കാര്യങ്ങള്‍ക്കും റിസള്‍ട്ടുണ്ടാകും. സഭാ സമ്മേളനം കഴിഞ്ഞാല്‍ ഈ പരിപാടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകും. നമ്മുടെ നാടിന് അഭിമാനിക്കാന്‍ കഴിയുന്ന നേട്ടങ്ങള്‍ നമ്മുടെ നാട്ടിലുണ്ടാകും. അതിനു വേണ്ടി ക്രിയാത്മകമായ സമീപനം പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാകണം.'-മുഖ്യമന്ത്രി വി ഡി സതീശൻ
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.