ജര്‍മ്മനിയെ അട്ടിമറിച്ച് ഇക്വഡോര്‍; നോയറെ കാഴ്ചക്കാരനാക്കി പ്ലാറ്റയുടെ വിജയഗോള്‍, നോക്കൗട്ട് പ്രതീക്ഷ സജീവം
ന്യൂയോര്‍ക്ക്: ലോകകപ്പ് ഫുട്‌ബോളില്‍ വമ്പന്മാരായ ജര്‍മ്മനിയെ അട്ടിമറിച്ച് ഇക്വഡോര്‍ നോക്കൗട്ട് റൗണ്ട് പ്രതീക്ഷകള്‍ സജീവമാക്കി. ആവേശകരമായ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇക്വഡോര്‍ മുന്‍ ചാമ്പ്യന്മാരെ പരാജയപ്പെടുത്തിയത്. കളിയുടെ 77-ാം മിനിറ്റില്‍ ഗോണ്‍സാലോ പ്ലാറ്റ നേടിയ തകര്‍പ്പന്‍ ഗോളാണ് ഇക്വഡോറിന് ചരിത്ര വിജയവും ടൂര്‍ണമെന്റില്‍ നിര്‍ണ്ണായകമായ മൂന്ന് പോയിന്റും സമ്മാനിച്ചത്.
മത്സരത്തിന്റെ തുടക്കത്തില്‍ ജര്‍മ്മനിയാണ് പൂര്‍ണ്ണ ആധിപത്യം പുലര്‍ത്തിയത്. കളി തുടങ്ങി രണ്ടാം മിനിറ്റില്‍ തന്നെ ലെറോയ് സാനെയുടെ ഉഗ്രന്‍ ഗോളിലൂടെ ജര്‍മ്മനി മുന്നിലെത്തുകയും ചെയ്തു. എന്നാല്‍ ജര്‍മ്മനിയുടെ ആധിപത്യത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല. ഒമ്പതാം മിനിറ്റില്‍ ലഭിച്ച അവസരം കൃത്യമായി വിനിയോഗിച്ചുകൊണ്ട് നില്‍സണ്‍ അങ്കുലോയിലൂടെ ഇക്വഡോര്‍ ശക്തമായി തിരിച്ചടിച്ചു. ഇതോടെ മത്സരം 1-1 എന്ന നിലയിലായി.
തുടര്‍ന്ന് ഇരുടീമുകളും സമനിലയില്‍ പിരിഞ്ഞേക്കുമെന്ന് കരുതിയ ഘട്ടത്തിലാണ് മത്സരത്തിന്റെ വിധി മാറ്റിയെഴുതിയ ഗോള്‍ പിറന്നത്. 77-ാം മിനിറ്റില്‍ പെഡ്രോ വൈറ്റ് എടുത്ത കോര്‍ണര്‍ കിക്ക് കെവിന്‍ റോഡ്രിഗസ് കൃത്യമായി ഹെഡ് ചെയ്ത് ബോക്‌സിലേക്ക് നല്‍കി. പന്ത് ലഭിച്ച ഗോണ്‍സാലോ പ്ലാറ്റ മികച്ചൊരു ടച്ചിലൂടെ ജര്‍മ്മന്‍ ഗോള്‍വല കുലുക്കുകയായിരുന്നു. ജര്‍മ്മനിയുടെ ഗോള്‍വലയ്ക്ക് മുന്നില്‍ ഇതിഹാസ താരം 40-കാരനായ മാനുവല്‍ നോയര്‍ ഉണ്ടായിരുന്നിട്ടും ഇക്വഡോറിന്റെ ഈ മിന്നല്‍ ആക്രമണത്തെ തടയാന്‍ ജര്‍മ്മന്‍ പ്രതിരോധത്തിനായില്ല. ഈ ലോകകപ്പിലെ നോയറുടെ ഫോമില്ലായ്മ ജര്‍മ്മനിക്ക് വീണ്ടും തിരിച്ചടിയായി മാറുകയാണ്.
ഇക്വഡോറിനെ സംബന്ധിച്ച് ഇതൊരു ചരിത്ര വിജയമാണ്. 2013-ന് ശേഷം ഒരു യൂറോപ്യന്‍ ടീമിനെതിരെ ഇക്വഡോര്‍ നേടുന്ന ആദ്യ വിജയമാണിത്. മാത്രമല്ല, 2006-ന് ശേഷം ആദ്യമായാണ് ഇക്വഡോര്‍ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് പ്രവേശിക്കാന്‍ ഇത്രയേറെ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. ഈ തോല്‍വിയോടെ ജര്‍മ്മനിയുടെ തുടര്‍ച്ചയായ 11 വിജയങ്ങളുടെ കുതിപ്പാണ് അവസാനിച്ചത്. എങ്കിലും ഗ്രൂപ്പ് ഇ-യില്‍ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ജര്‍മ്മനി നേരത്തെ തന്നെ നോക്കൗട്ട് റൗണ്ട് ഉറപ്പിച്ചിരുന്നു. തിങ്കളാഴ്ച ഫോക്സ്ബറോയിലാണ് ജര്‍മ്മനിയുടെ അടുത്ത നോക്കൗട്ട് മത്സരം.
അതേസമയം, ഇതേ ഗ്രൂപ്പില്‍ നടന്ന മറ്റൊരു ആവേശകരമായ മത്സരത്തില്‍ ഐവറി കോസ്റ്റ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ക്യുറസാവോയെ പരാജയപ്പെടുത്തി. വിജയത്തോടെ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായി ഐവറി കോസ്റ്റും നോക്കൗട്ട് ബര്‍ത്ത് ഉറപ്പിച്ചു കഴിഞ്ഞു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.