സിഎംആര്‍എല്‍-എക്സാലോജിക് കേസ്: ഇഡി സമന്‍സില്‍ സമയം തേടി വീണ ടി; ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി അപേക്ഷ
കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ഇഡി നല്‍കിയ സമന്‍സില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് താല്‍ക്കാലിക ഇളവ് തേടി വീണ ടി. ആരോഗ്യപരമായ കാരണങ്ങളാണ് അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നതെന്നാണ് വിവരം.
കൊച്ചിയിലെ ഇഡി യൂണിറ്റ് ഓഫീസില്‍ നാളെ ഹാജരാകണമെന്ന നിര്‍ദേശത്തിനെ തുടര്‍ന്നാണ് വീണ ഇ-മെയില്‍ മുഖേന അപേക്ഷ സമര്‍പ്പിച്ചത്. അന്വേഷണവുമായി ബന്ധപ്പെട്ട ആവശ്യമായ രേഖകളും ചോദ്യങ്ങള്‍ക്കുള്ള വിശദീകരണങ്ങളും അഭിഭാഷകന്‍ മുഖേന കൈമാറാന്‍ തയ്യാറാണെന്നും അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി സമര്‍പ്പിക്കുന്ന അപേക്ഷകള്‍ മെഡിക്കല്‍ രേഖകളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കുന്നതാണ് ഇഡിയുടെ പതിവ് നടപടി. എന്നാല്‍ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം (പിഎംഎല്‍എ) വകുപ്പ് 50 പ്രകാരം നല്‍കുന്ന സമന്‍സിന് പ്രത്യേക നിയമസാധുതയുണ്ട്. അന്വേഷണ ഏജന്‍സി ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ ബന്ധപ്പെട്ട വ്യക്തി നേരിട്ട് ഹാജരാകേണ്ടതുണ്ടെന്നാണ് നിയമ വ്യവസ്ഥ.
വീണയുടെ അപേക്ഷയില്‍ ഇന്ന് തന്നെ ഇഡി തീരുമാനമെടുക്കുമെന്നാണ് സൂചന. ഒരുദിവസത്തെ ഇളവ് അനുവദിച്ചാലും പിന്നീട് നിശ്ചയിക്കുന്ന തീയതിയില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ നേരിട്ട് ഹാജരാകേണ്ടിവരുമെന്നാണ് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
പിഎംഎല്‍എ വകുപ്പ് 50 പ്രകാരമുള്ള സമന്‍സിന് സിവില്‍ കോടതി സമന്‍സിന് സമാനമായ നിയമബലമുണ്ട്. അതിനാല്‍ അന്വേഷണത്തിനാവശ്യമായ രേഖകള്‍ സമര്‍പ്പിക്കുന്നതിലും ചോദ്യം ചെയ്യലിന് ഹാജരാകുന്നതിലും നിന്ന് പൂര്‍ണമായും ഒഴിഞ്ഞുമാറാന്‍ സാധിക്കില്ലെന്നാണ് നിയമപരമായ നിലപാട്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.