Logo
Tue, Jun 16, 2026 • 06:16 PM
LIVE TV
Watch

No business videos available

No Middle East videos available

തലസ്ഥാന നഗരത്തിന്റെ ജൈവവൈവിധ്യം സംരക്ഷിക്കാൻ ശാസ്ത്രീയ പഠനം; സിറ്റി ബയോഡൈവേഴ്‌സിറ്റി ഇൻഡക്‌സ് പദ്ധതി ഉദ്ഘാടനം ചെയ്ത് മന്ത്രി സണ്ണി ജോസഫ്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 16, 2026
1 min read
SHARE:
SAVE: Login to save

തലസ്ഥാന നഗരത്തിന്റെ ജൈവവൈവിധ്യം സംരക്ഷിക്കാൻ ശാസ്ത്രീയ പഠനം; സിറ്റി ബയോഡൈവേഴ്‌സിറ്റി ഇൻഡക്‌സ് പദ്ധതി ഉദ്ഘാടനം ചെയ്ത് മന്ത്രി സണ്ണി ജോസഫ്

നഗരവൽക്കരണവും കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതിക്ക് വലിയ വെല്ലുവിളി ഉയർത്തുന്ന സാഹചര്യത്തിൽ തിരുവനന്തപുരം നഗരത്തിന്റെ ജൈവവൈവിധ്യം സംരക്ഷിക്കാൻ ശാസ്ത്രീയ പഠനങ്ങളും കൃത്യമായ ഡാറ്റ ശേഖരണവും അനിവാര്യമാണെന്ന് പരിസ്ഥിതി, വൈദ്യുതി, പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി സണ്ണി ജോസഫ്. കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം കോർപ്പറേഷൻ കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച 'പ്രകൃതി-സൗഹൃദ നഗര ആസൂത്രണം: നഗര ജൈവവൈവിധ്യ സൂചികയുടെയും പ്രാദേശിക ജൈവവൈവിധ്യ പരിപാലന കർമ്മ പദ്ധതി ഘടനയുടെയും' സമാരംഭം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളം പ്രകൃതിസമ്പത്തിന്റെയും ജൈവവൈവിധ്യത്തിന്റെയും നാടായിരുന്നുവെങ്കിലും ആഗോള താപനത്തിന്റെ പ്രത്യാഘാതങ്ങൾ ഇപ്പോൾ സംസ്ഥാനത്തും വ്യക്തമായി അനുഭവപ്പെടുന്നുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. നഗരങ്ങളിലെ താപനിലയിലെ വർധന, ഹരിത ഇടങ്ങളുടെ കുറവ്, മഴയുടെ വ്യതിയാനം, വായു മലിനീകരണം തുടങ്ങിയവ സമൂഹത്തെ ഗുരുതരമായി ബാധിക്കുന്നുണ്ട്. ഭൂവിസ്തൃതി കുറവും ജനസാന്ദ്രത കൂടുതലുമുള്ള കേരളത്തിൽ, നഗരവൽക്കരണത്തിന്റെ ഭാഗമായി റോഡുകളും കെട്ടിടങ്ങളും വ്യാപകമാകുമ്പോൾ പരിസ്ഥിതി സംരക്ഷണം കൂടുതൽ വെല്ലുവിളിയാകുന്നുണ്ട്. പ്രത്യേകിച്ച് തിരുവനന്തപുരം പോലുള്ള തലസ്ഥാന നഗരത്തിൽ പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്താൻ കൃത്യമായ വിലയിരുത്തലുകൾ വേണമെന്ന് മന്ത്രി പറഞ്ഞു.

പരിസ്ഥിതിയുടെ ഇപ്പോഴത്തെ അവസ്ഥ കൃത്യമായി മനസ്സിലാക്കാതെ സംരക്ഷണ പ്രവർത്തനങ്ങൾ ഫലപ്രദമാകില്ലെന്ന തിരിച്ചറിവിലാണ് തിരുവനന്തപുരം നഗരത്തിന്റെ ജൈവവൈവിധ്യ അവസ്ഥ ശാസ്ത്രീയമായി പഠിച്ച് രേഖപ്പെടുത്തുന്നതിനുള്ള സിറ്റി ബയോഡൈവേഴ്‌സിറ്റി ഇൻഡക്‌സ് (CBI) പദ്ധതിക്ക് തുടക്കമിടുന്നത്. സർവകലാശാലകൾ, ഗവേഷണ സ്ഥാപനങ്ങൾ, ശാസ്ത്രീയ സംഘടനകൾ, വിദ്യാർഥികൾ, പ്രാദേശിക സമൂഹങ്ങൾ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. നഗരത്തിലെ ഹരിത ഇടങ്ങൾ, ജലാശയങ്ങൾ, ഹരിതസമ്പത്ത്, ആവാസവ്യവസ്ഥകൾ എന്നിവ വിലയിരുത്തി നഗരാസൂത്രണത്തിൽ പരിസ്ഥിതി സൗഹൃദ സമീപനം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

തിരുവനന്തപുരം നഗരസഭ, കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ്, ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, കേരള ലാൻഡ് യൂസ് ബോർഡ് എന്നിവയുടെ സഹകരണത്തോടെയാണ് സിറ്റി ബയോഡൈവേഴ്‌സിറ്റി ഇൻഡക്‌സ് തയ്യാറാക്കുന്നത്. സിംഗപ്പൂർ ഇൻഡക്‌സ് ഓൺ സിറ്റീസ് ബയോഡൈവേഴ്‌സിറ്റിയും ഇന്റഗ്രേറ്റഡ് അർബൻ നേച്ചർ ഇൻഡക്‌സും അടിസ്ഥാനമാക്കി നഗരത്തിലെ ജൈവവൈവിധ്യം, ഹരിത ഇടങ്ങൾ, ജലാശയങ്ങൾ, വൃക്ഷസമ്പത്ത് എന്നിവ ശാസ്ത്രീയമായി മാപ്പ് ചെയ്ത് വിലയിരുത്തും. ജിഐഎസ് (GIS), റിമോട്ട് സെൻസിംഗ് സാങ്കേതികവിദ്യകൾ ഉപയോഗിച്ച് സമഗ്രമായ ജൈവവൈവിധ്യ ഡാറ്റാബേസും ഇതിനായി തയ്യാറാക്കും. ചടങ്ങിൽ തിരുവനന്തപുരം കോർപ്പറേഷൻ മേയർ അഡ്വ. വി.വി രാജേഷ് അധ്യക്ഷത വഹിച്ചു. ജൈവവൈവിധ്യ ബോർഡ് ചെയർപേഴ്സൺ ഡോ. എൻ. അനിൽ കുമാർ സ്വാഗതവും മെമ്പർ സെക്രട്ടറി ഡോ. വി. ബാലകൃഷ്ണൻ നന്ദിയും രേഖപ്പെടുത്തി.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10