വോട്ടുകച്ചവടം, സമുദായ സംഘടനകളുടെ അനിഷ്ടം; ഒടുവില്‍ നാടുകടത്തല്‍; പി.എസ്. ശ്രീധരന്‍ പിള്ള മിസോറാം ഗവര്‍ണര്‍

Jaihind Webdesk
Friday, October 25, 2019

PS-Sreedharan-Pillai

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ളയെ മിസോറാം ഗവര്‍ണറായി നിയമിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് രാഷ്ട്രപ്രതി ഒപ്പിട്ടു. സംസ്ഥാനത്തെ ബി.ജെ.പിയുടെ പരാജയത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ശ്രീധരന്‍പിള്ളയുടെ തലയില്‍ ചാര്‍ത്തിയാണ് ഇപ്പോള്‍ ഇപ്പോള്‍ മിസോറാമിലേക്ക് നാടുകടത്തിയിരിക്കുന്നത്. ലോക്‌സഭാ, നിയമസഭ ഉപതെരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയങ്ങളില്‍ ഉള്‍പ്പെടെ ശ്രീധരന്‍ പിള്ളയുടെ നിലപാടുകള്‍ പാര്‍ട്ടിക്ക് തലവേദനയായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയിലും ഉപതെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലും ശ്രീധരന്‍ പിള്ള സ്ഥാനാര്‍ത്ഥിയാകാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. പാര്‍ട്ടിയെ നയിക്കാതെ സ്വന്തം സ്ഥാനത്തിനുവേണ്ടി ഇറങ്ങിത്തിരിക്കുന്ന അധ്യക്ഷനെതിരെ അണികള്‍ക്കും മറ്റുള്ള നേതാക്കള്‍ക്കും അതൃപ്തി പ്രകടമായിരുന്നു. ശ്രീധരന്‍പിള്ളയുടെ സംഘാടന മികവില്ലായ്മയെത്തുടര്‍ന്ന് ആറുവര്‍ഷം പ്രമുഖ സ്ഥാനങ്ങള്‍ നല്‍കാതിരുന്ന പാര്‍ട്ടി പിന്നീട് കുമ്മനം രാജശേഖരന്റെ പിന്‍ഗാമിയായാണ് സംസ്ഥാന അധ്യക്ഷനാക്കിയത്.

കെ. സുരേന്ദ്രന്‍, വി. മുരളീധരന്‍, കുമ്മനംരാജശേഖരന്‍ എന്നിവരുമായി പരസ്യമായുള്ള അഭിപ്രായ വ്യത്യാസവും ശ്രീധരന്‍പിള്ളയുടെ മിസോറാമിലേക്കുള്ള പറിച്ചുനടലിലേക്ക് വഴിവെച്ചിട്ടുണ്ട്. ശ്രീധരന്‍പിള്ള പാര്‍ട്ടി അധ്യക്ഷനായി നിയമിതനായതിനുശേഷം എന്‍.ഡി.എ എന്ന മുന്നണി സംവിധാനം കേരളത്തില്‍ തകരുന്ന കാഴ്ച്ചയാണ് കണ്ടത്. ബി.ഡി.ജെ.എസ് എന്‍.ഡി.എയുമായി അകന്നതും, ഇടക്കാലത്ത് മുന്നണിയിലേക്ക് വന്ന പി.സി.ജോര്‍ജ്ജ് ഉപതെരഞ്ഞെടുപ്പോടുകൂടി ബി.ജെ.പിക്കെതിരെ വാളെടുത്തതും ശ്രീധരന്‍പിള്ളയുടെ രാഷ്ട്രീയതന്ത്ര പരാജയമാണെന്ന് പാര്‍ട്ടി വിലയിരുത്തിയിരുന്നു. സമുദായ സംഘടനകള്‍ ബി.ജെ.പിയെ അടുപ്പിക്കാതിരിക്കുന്നത് കേന്ദ്രനേതൃത്വത്തെ ആശങ്കപ്പെടുത്തിയിരുന്നു. ലോക്‌സഭാതെരഞ്ഞെടുപ്പുകാലത്ത് മുമ്പെങ്ങുമില്ലാത്തവിധം കേന്ദ്രനേതൃത്വം കേരളത്തില്‍ കാശിറക്കി പ്രചാരണം നടത്തിയിരുന്നു. എന്നാല്‍ അതിന്റെ യാതൊരു ഗുണവും പാര്‍ട്ടിക്കുണ്ടായില്ല എന്നുമാത്രമല്ല. ശബരിമല വിഷയത്തിലുള്ള നിലപാടില്ലായ്മ പാര്‍ട്ടിയെ വിഷമവൃത്തത്തിലാക്കുകയും ചെയ്തു. അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പില്‍ വോട്ടുകച്ചവടം വ്യക്തമായതോടെയാണ് പിള്ളയെ ഒഴിവാക്കാന്‍ ഇപ്പോള്‍ മിസോറാം ഗവര്‍ണര്‍ സ്ഥാനം നല്‍കിയിരിക്കുന്നത്. മഞ്ചേശ്വരത്ത് ഒഴികെ ഒരിടത്തും ഒരു മത്സരം പോലും കാഴ്ച്ചവെയ്ക്കാന്‍ ബി.ജെ.പിക്ക് ആയിരുന്നില്ല. കഴിഞ്ഞതവണ രണ്ടാംസ്ഥാനത്തെത്തിയ വട്ടിയൂര്‍ക്കാവില്‍ മൂന്നാംസ്ഥാനത്തേക്ക് പോയി എന്നുമാത്രമല്ല വോട്ടുകള്‍ എല്‍.ഡി.എഫിന് മാറ്റിയെന്ന ആരോപണവും ശക്തമാണ്.

പി.എസ്. ശ്രീധരന്‍പിള്ളയെ നാടുകടത്തിയാലും കേരള ബി.ജെ.പിയിലെ തമ്മില്‍തല്ലും ചേരിപ്പോരും അവസാനിക്കുമെന്ന പ്രതീക്ഷ കേന്ദ്രനേതൃത്വത്തിനില്ല. ഇനി അധ്യക്ഷ സ്ഥാനത്തിനുവേണ്ടിയുള്ള ചക്കളത്തില്‍ പോരാട്ടം ഒതുക്കുക എന്ന ഭഗീരഥ പ്രയ്തനമായിരിക്കും അമിത്ഷായ്ക്കും മറ്റുമുണ്ടായിരിക്കുക.