മുസ്ലീം സമുദായത്തിനെതിരെ വിവാദ പരാമർശവുമായി മന്ത്രി എ.കെ ബാലൻ

Jaihind Webdesk
Thursday, December 6, 2018

AK-Balan-NiyamaSabha

മുസ്ലീം സമുദായങ്ങൾക്കെതിരെ വിവാദ പരാമർശവുമായി മന്ത്രി എ.കെ ബാലൻ.
വിഗ്രഹാരാധനയിൽ വിശ്വാസമില്ലാത്ത മുസ്ലീം സമുദായക്കാർ എന്തിന് ശബരിമല വിഷയത്തിൽ അഭിപ്രായം പറയുന്നുവെന്ന പരാമർശം നിയമസഭയെ പ്രക്ഷുബ്ദമാക്കി. എ.കെ.ബാലൻ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

https://www.youtube.com/watch?v=_bbH5Hp1vt8

പോലീസ് ഭേദഗതി ബിൽ സഭയിൽ പരിഗണിക്കുന്ന വേളയിലാണ് മന്ത്രി എ.കെ ബാലൻ വിവാദ പരാമർശം നടത്തിയത്. ഏക ദൈവത്തെ വിശ്വസിക്കുന്നവരാണ് മുസ്ലിം സമുദായക്കാർ. മറ്റു മതങ്ങളെ കപട വിശ്വാസികളായാണ് കാണുന്നത്. വിഗ്രഹ ആരാധനയെ എതിർക്കുന്ന നിങ്ങൾ എന്തിന് ശബരിമല വിഷയത്തിൽ അഭിപ്രായം പറയുന്നുവെന്ന പി കെ ബഷീറിന്‍റെ ചോദ്യത്തിനാണ് മന്ത്രി മറുപടി നൽകിയത്.

വിവാദ പരാമർശത്തിൽ വി ഡി സതീശൻ ക്രമപ്രശ്നം ഉന്നയിച്ചു.
എ.കെ ബാലന്‍റെ പരാമർശം ദൗർഭാഗ്യകരമാണെന്നും പ്രസ്താവന പിൻവലിച്ച് മന്ത്രി മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

എ.കെ ബാലന് മുസ്ലിം സംസ്കാരം എന്താണെന്നറിയില്ലെന്നും മറ്റുള്ള മതങ്ങളുടെ ആരാധനാലയങ്ങളെ സംരക്ഷിക്കുകയെന്നത് മുസ്ലിം സമുദായത്തിന്റെ കടമയാണെന്നും പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീർ വ്യക്തമാക്കി.

കേരളത്തെ വർഗ്ഗീയമായും ജാതീയമായും വേർതിരിക്കാൻ ശ്രമിക്കുകയാണ് സർക്കാരെന്ന് വി.ഡി സതീശൻ കുറ്റപ്പെടുത്തി.