ജെഎൻയുവിൽ വിദ്യാർത്ഥികളെ ആക്രമിച്ച സംഭവത്തിൽ രാജ്യമെങ്ങും പ്രതിഷേധം; വിദ്യാർത്ഥികൾക്ക് പിന്തുണയുമായി പ്രിയങ്കാ ഗാന്ധി; സംഭവം ഞെട്ടിക്കുന്നതെന്ന് രാഹുൽ ഗാന്ധി

Jaihind News Bureau
Monday, January 6, 2020

ജെഎൻയുവിൽ വിദ്യാർത്ഥികളെ ആക്രമിച്ച സംഭവത്തിൽ രാജ്യമെങ്ങും പ്രതിഷേധം. സംഭവത്തെ കോൺഗ്രസ് അപലപിച്ചു. സംഭവം ഞെട്ടിക്കുന്നതെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. വിദ്യാർത്ഥികൾക്ക് പിന്തുണയുമായി പ്രിയങ്കാ ഗാന്ധിയും എത്തി.

എയിംസിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥികളെ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി സന്ദർശിച്ചു.

അതേസമയം, എയിംസിലെത്തിയ പ്രതിപക്ഷ നേതാക്കളെ തടയാൻ ശ്രമിച്ച ബിജെപി പ്രവർത്തകർക്കെതിരെ വലിയ പ്രതിഷേധമാണ് ഉണ്ടായത്. വിദ്യാർഥികൾക്ക് പിന്തുണയുമായി നിരവധി നേതാക്കൾ രാത്രിവൈകിയും സംഭവസ്ഥലത്ത് എത്തി. സർവകലാശാലയിൽ നടന്ന അക്രമസംഭവങ്ങൾ ഞെട്ടിക്കുന്നതാണെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

അക്രമത്തിന് പിന്നിൽ ബിജെപിയും ആർഎസ്എസുമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആരോപിച്ചു. രാജ്യത്ത് ജനാധിപത്യം തകർന്നിരിക്കുന്നുവെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ പറഞ്ഞു. ജെഎൻയുവിലെ അക്രമസംഭവം ഞെട്ടലുണ്ടാക്കിയെന്നും അക്രമം അവസാനിപ്പിച്ച് ശാന്തിയുടെ അന്തരീക്ഷം സൃഷ്ടിക്കാൻ പൊലീസ് തയാറാകണമെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ ട്വിറ്ററിൽ കുറിച്ചു.