‘പിണറായിക്ക് മോദിയെ ഭയമെന്ന് തെളിഞ്ഞു ; മനുഷ്യ ശൃംഖല തട്ടിക്കൂട്ട് പരിപാടി ; ഗവർണറോടുള്ള എതിർപ്പ് അഭിനയം’ : ബെന്നി ബഹനാൻ എം.പി

Jaihind News Bureau
Sunday, January 26, 2020

തിരുവനന്തപുരം : ഗവർണറെ തിരിച്ചു വിളിക്കണമെന്ന  പ്രമേയത്തെ എതിർക്കുന്ന നിലപാടിലൂടെ എല്‍.ഡി.എഫ് ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് യു.ഡി.എഫ് കണ്‍വീനർ ബെന്നി ബഹനാന്‍ എം.പി. ഗവർണറോടുള്ള എതിർപ്പ് അഭിനയമാണെന്നും കേന്ദ്ര സർക്കാരിനെതിരായ പ്രക്ഷോഭത്തെ സി.പി.എം പിന്നില്‍ നിന്ന് കുത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ മടക്കി വിളിക്കണം എന്ന പ്രതിപക്ഷ പ്രമേയ നോട്ടീസിനെ എതിർത്ത് നിയമമന്ത്രി എ.കെ ബാലനും എല്‍.ഡി.എഫ് കണ്‍വീനർ എ വിജയരാഘവനും രംഗത്തെത്തിയിരുന്നു. ഇത് ജനങ്ങളെ കബളിപ്പിക്കുന്ന നിലപാടാണെന്ന് ബെന്നി ബഹനാന്‍ എം.പി പറഞ്ഞു.  പിണറായി നേതൃത്വം നൽകുന്ന കേരളത്തിലെ സി.പി.എം സർക്കാരിന് നരേന്ദ്ര മോദിയെ ഭയമാണെന്ന് ഇതോടെ വ്യക്തമായതായും അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തട്ടിക്കൂട്ട് പരിപാടിയാണ് മനുഷ്യമഹാശൃംഖലയെന്ന് ബെന്നി ബഹനാന്‍ പറഞ്ഞു. സർക്കാരിന്‍റെ പണം എടുത്ത് മനുഷ്യച്ചങ്ങല ഉണ്ടാക്കുകയില്ല കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിരോധം. കേന്ദ്രസർക്കാരുമായി ഏറ്റുമുട്ടാൻ തങ്ങൾക്ക് ഭയമാണെന്ന് സി.പി.എമ്മിന്‍റെ തുറന്ന പ്രഖ്യാപനം കൂടി ആണിത്. പിണറായിയെ രക്ഷപ്പെടുത്തി എടുക്കാനുള്ള ബി.ജെ.പി -സി.പി.എം ശ്രമത്തിന്‍റെ ഭാഗം ആണ് ഈ ഒത്തുകളി. ഗവര്‍ണര്‍ക്കെതിരായ പ്രതിപക്ഷ പ്രമേയ നോട്ടീസിനെ സി.പി.എമ്മും സർക്കാരും എതിർക്കുന്നതും ഭയക്കുന്നതും ഈ ഒത്തുകളി കൊണ്ടാണെന്നു സംശയിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധവും  പ്രതിരോധവും ശക്തമായി മുന്നോട്ട് പോകുമ്പോൾ അതിനെ പിന്നിൽ നിന്നു കുത്തി ഒളിച്ചോടുന്ന സമീപനം ആണ് സി.പി.എം സ്വീകരിക്കുന്നതെന്നും ബെന്നി ബഹനാൻ പ്രസ്താവനയില്‍ പറഞ്ഞു.