വിള ഇന്‍ഷുറന്‍സ് രംഗത്തുനിന്നും സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ പിന്മാറിയത് ദൗര്‍ഭാഗ്യകരം : ബെന്നി ബഹനാന്‍ എം.പി

Jaihind News Bureau
Thursday, December 5, 2019

ന്യൂഡല്‍ഹി : വിള ഇന്‍ഷുറന്‍സ് രംഗത്തുനിന്നും സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ പിന്മാറിയെന്ന വാര്‍ത്ത ദൗര്‍ഭാഗ്യകരമാണെന്ന് ബെന്നി ബെഹനാന്‍ എംപി ലോക്‌സഭയില്‍ ശൂന്യവേളയില്‍ അറിയിച്ചു. ഐ.സി.ഐ.സി.ഐ ലൊമ്പാര്‍ഡ്, ടാറ്റാ എ.ഐ.ജി, ചോളമണ്ഡലം, എം.എസ് ശ്രീറാം എന്നീ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളാണ് 2019-20 വര്‍ഷം വിള ഇന്‍ഷുറന്‍സ് രംഗത്തുനിന്നും പിന്മാറിയത്. പ്രളയവും മറ്റു പ്രകൃതിദുരന്തങ്ങളും മൂലം ഇന്‍ഷുറന്‍സ് തുക പൂര്‍ണമായും നല്‍കേണ്ടിവന്നത് നഷ്ടത്തിനു കാരണമായെന്നാണ് കമ്പനികള്‍ ചൂണ്ടിക്കാട്ടിയത്.

ജീവിക്കാന്‍ മറ്റ് മാര്‍ഗ്ഗങ്ങളില്ലാത്തതും ദാരിദ്യം പേറുന്നവരുമായ പാവപ്പെട്ട കര്‍ഷകരെ സഹായിക്കാന്‍ ആവിഷ്‌കരിച്ച ഇന്‍ഷൂറന്‍സ് പദ്ധതിയുടെ ലക്ഷ്യം തകര്‍ക്കപ്പെട്ടതില്‍ വേദനയുണ്ട്. ഇന്‍ഷൂറന്‍സ് റെഗുലേറ്ററി ആന്റ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ(ഐആര്‍ഡിഎഐ)യുടെ കണക്കനുസരിച്ച് 11 സ്വകാര്യ ഇന്‍ഷൂറന്‍സ് കമ്പനികള്‍ പ്രീമിയമായി 11,905.89 കോടി രൂപ ശേഖരിച്ചിട്ടുണ്ട്. എന്നാല്‍ 8,831.78 കോടി രൂപ മാത്രമേ അവര്‍ക്ക് ക്ലെയിമായി നല്‍കേണ്ടി വന്നിട്ടുള്ളൂവെന്ന് എംപി ചൂണ്ടിക്കാട്ടി. ഒറ്റനോട്ടത്തില്‍ത്തന്നെ 3,000 കോടി രൂപയുടെ ലാഭം കമ്പനികള്‍ നേടിയതായി കാണാനാകും. എന്നാല്‍ അതേ സമയം സംസ്ഥാനതലത്തിലുള്ള ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് ഇതേ സാമ്പത്തിക വര്‍ഷം 4,085 കോടി രൂപയുടെ നഷ്ടമുണ്ടായതായും അദ്ദേഹം പറഞ്ഞു.

കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റ് ജനറലിന്റെ റിപ്പോര്‍ട്ടില്‍ ഈ മേഖലയിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് പരാമര്‍ശമുണ്ട്. 2011 മുതല്‍ 2015- 16 സാമ്പത്തിക വര്‍ഷംവരെയുള്ള കാലയളവില്‍ നടപ്പാക്കിയ ഇന്‍ഷൂറന്‍സ് പദ്ധതികളിലെ പാളിച്ചകളെക്കുറിച്ച് 2017 ലെ ഏഴാമത് സിഎജി റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിട്ടുണ്ട്. അപ്രധാനമായ വിള ഇന്‍ഷൂറന്‍സ് കവറേജാണ് പദ്ധതി പാളാന്‍ കാരണമെന്ന പ്രധാന കണ്ടെത്തലും റിപ്പോര്‍ട്ടിലുണ്ടെന്ന് എംപി അറിയിച്ചു.

എടുത്തുപറയേണ്ട മറ്റൊരുകാര്യം കര്‍ഷകരില്‍ 40 ശതമാനത്തോളംവരുന്ന പാട്ടകര്‍ഷകരെ പദ്ധതി അവഗണിച്ചുവെന്നുള്ളതാണെന്ന് എംപി ആരോപിച്ചു. ഫസല്‍ ബീമ യോജന സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി പ്രകാരം 2016-17, 2017-18 വര്‍ഷം പ്രീമിയമായി 47,407.98 കോടി രൂപ ലഭിച്ചപ്പോള്‍ 31,612.72 കോടി രൂപയുടെ ക്ലെയിമാണ് വിതരണം ചെയ്തത്. ഫലത്തില്‍ 15,795.26 കോടി രൂപയുടെ ഭീമമായ തുകയുടെ നേട്ടം ഫസല്‍ ബീമ യോജനയില്‍നിന്നും കൊയ്യാന്‍ സ്വകാര്യകമ്പനികള്‍ക്കു സാധിച്ചു. കര്‍ഷകന് 100 രൂപയുടെ നേട്ടമുണ്ടാകുമ്പോള്‍ 50 രൂപ കമ്പനികള്‍ക്കു ലഭിക്കുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രതികൂലകാലാവസ്ഥയോ കീടാക്രമണമോ മറ്റു പ്രതിസന്ധികളോ മൂലം കര്‍ഷകര്‍ക്കുണ്ടാവുന്ന നാശനഷ്ടം നികത്തുന്നതിന് സംവിധാനമുണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കര്‍ഷകര്‍ക്ക് തൊഴിലും വരുമാനവും പൊതുജനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷയും ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ ദീര്‍ഘമായ കാഴ്ചപ്പാടുണ്ടാകണം. ലാഭത്തില്‍ മാത്രം ശ്രദ്ധ പുലര്‍ത്തുകയും നഷ്ടം കര്‍ഷകരില്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്ന തരത്തിലുള്ള ഇന്‍ഷൂറന്‍സ് കമ്പനികളുടെ നിലപാടുകളൊന്നും ബാധിക്കാത്ത തരത്തിലുള്ള കര്‍ഷകക്ഷേമ നടപടികള്‍ അടിയന്തരമായി കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.