പിണറായി സര്‍ക്കാരിന്‍റെ ശ്രദ്ധ പൊതുമേഖലാ സ്ഥാപനങ്ങളെ തകര്‍ക്കുന്നതില്‍ : എം.എം.ഹസ്സന്‍

Jaihind Webdesk
Saturday, June 8, 2019

പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവത്ക്കരിച്ച് തകര്‍ക്കുന്നതില്‍ വ്യാപൃതയാരിക്കുകയാണ് പിണറായി സര്‍ക്കാരെന്ന് കെ.പി.സി.സി മുന്‍ പ്രസിഡന്റ് എം.എം.ഹസ്സന്‍. കേരള വാട്ടര്‍ അതോറിറ്റി സ്റ്റാഫ് അസോസിയേഷന്റെ 17-ാം സംസ്ഥാന സമ്മേളനം കോട്ടയത്ത് മാമ്മന്‍ മാപ്പിള്ള ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം.

എല്ലാം തകര്‍ത്ത പാരമ്പര്യമാണ് സി.പി.എമ്മിനുള്ളത്. രാജ്യത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രൂപം കൊണ്ട മതേതര ജനാധിപത്യസഖ്യത്തിന്് തുരങ്കം വച്ചവരാണ് സി.പി.എമ്മുകാര്‍. പരാജയങ്ങള്‍ ഉണ്ടായാലും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രസക്തി നഷ്ടപ്പെടാത്ത പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് മതേതര ജനാധിപത്യ സഖ്യം ഉണ്ടാക്കാന്‍ തയ്യാറായില്ലെന്ന ആക്ഷേപം തെറ്റാണ്. സഖ്യത്തിനായി കോണ്‍ഗ്രസ് തയ്യാറായിട്ടും ചിലരുടെ സങ്കുചിത താല്‍പ്പര്യങ്ങളാണ് മതേതര ജനാധിപത്യചേരിക്ക് വിള്ളലുണ്ടാക്കിയതെന്നും എം.എം.ഹസ്സന്‍ പറഞ്ഞു.

ലാഭനഷ്ട കണക്ക് നോക്കി പ്രവര്‍ത്തിക്കേണ്ടവയല്ല പൊതുമേഖലാ സ്ഥാപനങ്ങളെന്ന് സംസ്ഥാന സര്‍ക്കാരും മാനേജ്മെന്റും തിരിച്ചറിയണമെന്ന് കേരള വാട്ടര്‍ അതോറിറ്റി സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായ തമ്പാനൂര്‍ രവി പറഞ്ഞു. പൊതുമേഖലസ്ഥാപനങ്ങളെ ഒരോന്നായി തകര്‍ക്കുന്ന സമീപനമാണ് എല്‍.ഡി.എഫ് സര്‍ക്കാരിന്റെത്. കെ.എസ്.ആര്‍.ടി.സിയെ തകര്‍ക്കുന്ന സമീപനം സ്വീകരിച്ച സുശീല്‍ഖന്നയെന്ന ഭൂതത്തെ വീണ്ടും വാട്ടര്‍ അതോറിറ്റില്‍ അവരോധിക്കാനാണ് സര്‍ക്കാരിന്റെ നീക്കമെന്നും തമ്പാനൂര്‍ രവി പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് തമ്പാനൂര്‍ രവി അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡി.സി.സി. പ്രസിഡന്റുമാരായ ജോഷി ഫിലിപ്പ്, നെയ്യാറ്റിന്‍കര സനല്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സണ്ണി പാമ്പാടി, വി.അബ്ദുള്‍ ബഷീര്‍, കെ.ഉണ്ണികൃഷ്ണന്‍, കെ.ആര്‍.കുറുപ്പ്, വി.പി.മോഹനന്‍, കെ.കെ.സാബു, ബിജു കരുണാകരന്‍, കെ.അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.