പെരിയ കേസന്വേഷണത്തില്‍ ക്രൈംബ്രാഞ്ച്-സി.പി.എം ഒത്തുകളിയെന്ന് കുടുംബാംഗങ്ങൾ; സി.പി.എം ജില്ലാ നേതൃത്വം പ്രതിരോധത്തില്‍

Jaihind Webdesk
Wednesday, May 15, 2019

കാസര്‍കോട് പെരിയ ഇരട്ടകൊലക്കേസ് അന്വേഷണത്തില്‍ സി.പി.എം നേതൃത്വവുമായി ക്രൈംബ്രാഞ്ച് ഒത്തുകളിക്കുകയാണെന്ന ആരോപണവുമായി കൊല്ലപ്പെട്ടവരുടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങള്‍. കൊലപാതകം സംബന്ധിച്ച അന്വേഷണം കൃത്യമായി പുരോഗമിക്കുന്നുണ്ടെന്ന് ഹൈക്കോടതിയെ തെറ്റിധരിപ്പിച്ച്, കേസ് സി.ബി.ഐക്ക് കൈമാറാതിരിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് സിപിഎം നേതാക്കളുടെ അറസ്റ്റെന്നും ഏരിയ സെക്രട്ടറിയുടെ അറസ്റ്റോടെ തന്നെ സംഭവത്തില്‍ പാര്‍ട്ടി നേതൃത്വത്തിന്‍റെ പങ്ക് വ്യക്തമായെന്നും കുടുംബാംഗങ്ങള്‍ പറയുന്നു.

കല്ല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷിന്‍റെയും, ശരത് ലാലിന്‍റെയും കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന വാദം ഇനി ജനങ്ങള്‍ അംഗീകരിക്കില്ലെന്നും കൃപേഷിന്‍റെ അച്ഛന്‍ കൃഷ്ണന്‍ പറഞ്ഞു. ഉദുമ എംഎല്‍എ കെ.കുഞ്ഞിരാമന് ഈ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് ശരത് ലാലിന്‍റെ അച്ഛന്‍ സത്യനാരായണന്‍ നേരത്തെ ആരോപിച്ചിരുന്നു.

കൃപേഷിന്‍റെയും, ശരത് ലാലിന്‍റെയും കൊലപാതകത്തില്‍ കഴിഞ്ഞ ദിവസമാണ് രണ്ട് സിപിഎം നേതാക്കള്‍ കൂടി അറസ്റ്റിലായത്. സിപിഎം ഉദുമ ഏരിയ സെക്രട്ടറി മണികണ്ഠന്‍, കല്യോട്ട് ബ്രാഞ്ച് സെക്രട്ടറി ബാലകൃഷ്ണന്‍ എന്നിവരാണ് അറസ്റ്റിലായത്. പുതിയ സംഭവവികാസങ്ങളെ മുന്‍നിര്‍ത്തി സിപിഎമ്മിന്‍റെ അക്രമരാഷ്ട്രീയം വീണ്ടും ചര്‍ച്ചയാക്കാനുള്ള ഒരുക്കത്തിലാണ് യുഡിഎഫ്. അതേസമയം, കേസ് സിബിഐക്ക് വിടണമെന്ന ഉറച്ച നിലപാടിലാണ് കുടുംബാംഗങ്ങള്‍.[yop_poll id=2]