പാലാ ഉപതെരഞ്ഞെടുപ്പ്: മാണി സി കാപ്പനെച്ചൊല്ലി എന്‍.സി.പിയില്‍ ചേരിപ്പോര്; ഇടതുമുന്നണിയില്‍ ആശയക്കുഴപ്പം

Jaihind Webdesk
Wednesday, August 28, 2019

പാലാ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ഇടതുമുന്നണിയിൽ ആശയക്കുഴപ്പം. മാണി സി കാപ്പന്‍റെ സ്ഥാനാർത്ഥിത്വത്തിൽ എൻ.സി.പിയിൽ അസ്വാരസ്യം. മാണി സി കാപ്പന്‍റെ തുടർച്ചയായ സ്ഥാനാര്‍ത്ഥിത്വം അനുവദിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി എന്‍.സി.പിയിലെ ഒരു വിഭാഗം രംഗത്തെത്തി.

പാലാ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിനായി ഇടതുമുന്നണി യോഗവും എൻ.സി.പി നേതൃയോഗവും ഇന്ന് തിരുവനന്തപുരത്ത് ചേരും. മാണി സി കാപ്പൻ ഇടതുമുന്നണി സ്ഥാനാർത്ഥിയാകുമെന്നാണ് സൂചന. അതേസമയം മാണി സി കാപ്പനെ സ്ഥാനാർത്ഥിയാക്കുന്നതിൽ എൻ.സി.പിയിലെ ഒരു വിഭാഗത്തിന് കടുത്ത അതൃപ്തിയാണ് ഉള്ളത്. വൈകുന്നേരത്തോടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും .

പാലായിലെ സ്ഥാനാർത്ഥിയുടെ കാര്യത്തിൽ അന്തിമ ധാരണയിൽ എത്തുന്നതിനായാണ് ഇടതു മുന്നണി യോഗവും എൻ.സി.പി നേതൃയോഗവും വിളിച്ചുചേർത്തിരിക്കുന്നത്. രാവിലെ എൻ.സി.പി നേതാക്കൾ യോഗം ചേർന്ന് സ്ഥാനാർത്ഥിയുടെ കാര്യത്തിൽ ധാരണയിൽ എത്തും. മാണി സി കാപ്പനെയാണ് എൻ.സി.പി പ്രധാനമായും സ്ഥാനാർത്ഥിയായി പരിഗണിക്കുന്നത്. അതേസമയം അദ്ദേഹത്തെ സ്ഥാനാർത്ഥിയാക്കുന്നതിൽ പാർട്ടിയിലെ ഒരു വിഭാഗത്തിന് ശക്തമായ എതിർപ്പുണ്ട്. എങ്കിലും അട്ടിമറി ഒന്നും സംഭവിച്ചില്ലെങ്കിൽ മാണി സി കാപ്പൻ തന്നെ സ്ഥാനാർത്ഥിയാകും.

എൻ.സി.പി യോഗത്തിന്‍റെ തീരുമാനം നേതാക്കൾ പിന്നാലെ ചേരുന്ന ഇടതുമുന്നണി യോഗത്തെ അറിയിക്കും.
നേരത്തെ ഉള്ള ധാരണ അനുസരിച്ച് പാലാ നിലവിൽ എൻ.സി.പി യുടെ സീറ്റ് ആണ്. അതുകൊണ്ട് എൻ.സി.പിയുടെ തീരുമാനത്തെ സി.പി.എം അടക്കമുളള കക്ഷികൾ എതിർക്കാൻ സാധ്യതയില്ല. പാലാ സീറ്റ് ഇത്തവണ സി.പി.എം ഏറ്റെടുക്കുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. എന്നാൽ ഘടകകക്ഷികളിൽ നിന്ന് ഉണ്ടാകാൻ സാധ്യതയുള്ള എതിർപ്പ് മുൻകൂട്ടി കണ്ട് തീരുമാനം മാറ്റുകയായിരുന്നു. ഇടതു മുന്നണി യോഗത്തിന്‍റെ അംഗീകാരം ലഭിച്ചശേഷം നാലരയോടെ സ്ഥാനാർത്ഥിയെ എൻ.സി.പി നേതൃത്വം ഔദ്യോഗികമായി പ്രഖ്യാപിക്കും.

2006 മുതൽ പാലായിൽ മൂന്ന് തവണ തുടർച്ചയായി കെ.എം മാണിയോട് ഏറ്റുമുട്ടിയിട്ടുള്ള ആളാണ് മാണി സി കാപ്പൻ. 2016-ൽ നടന്ന തെരഞ്ഞെടുപ്പിൽ 4,703 വോട്ടുകൾക്കാണ് അദ്ദേഹം കെ.എം മാണിയോട് പരാജയപ്പെട്ടത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തോൽവിയുടെ പശ്ചാത്തലത്തിൽ പാലാ ഉപതെരഞ്ഞെടുപ്പ് ഇടതുമുന്നണിയെ സംബന്ധിച്ച് അഗ്നി പരീക്ഷ കൂടിയാണ്.