‘സംസ്ഥാനത്തിന്‍റെ കാവല്‍ക്കാരനും കള്ളന്‍; മസാല ബോണ്ടില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം’ : രമേശ് ചെന്നിത്തല

Jaihind Webdesk
Friday, April 12, 2019

Ramesh-Chennithala-Jan-15

കിഫ്ബി മസാല ബോണ്ടില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം. ഇക്കാര്യം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. കിഫ്ബിയുടെ ഫയലുകള്‍ പരിശോധിക്കാന്‍ പ്രതിപക്ഷത്തെ അനുവദിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. വിഷയത്തില്‍ സമഗ്രമായ അന്വേഷണം വേണം. ജുഡീഷ്യല്‍ അന്വേഷണത്തിലൂടെയേ സത്യം പുറത്തുവരൂവെന്നും അദ്ദേഹം പറഞ്ഞു.

നരേന്ദ്ര മോദിയുടെ സാമ്പത്തിക നയമാണ് പിണറായിയും നടപ്പിലാക്കുന്നതെന്ന് കുറ്റപ്പെടുത്തിയ രമേശ് ചെന്നിത്തല സംസ്ഥാനത്തിന്‍റെ കാവല്‍ക്കാരനും കള്ളനാണെന്ന് ആരോപിച്ചു. മസാല ബോണ്ടുമായി ഉന്നയിച്ച കാര്യങ്ങള്‍ക്കൊന്നും മുഖ്യമന്ത്രിയോ സര്‍ക്കാരോ മറുപടി പറയുന്നില്ല. ജനങ്ങളുടെ നികുതിപ്പണം തങ്ങളുടെ കൂട്ടാളികള്‍ക്ക് തീറെഴുതിക്കൊടുക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. ഇക്കാര്യത്തില്‍ ധനമന്ത്രിയും മുഖ്യമന്ത്രിയും ജനങ്ങളെ കബളിപ്പിക്കുകയാണെന്നും രമേശ് ചെന്നിത്തല തൃശൂരില്‍ പറഞ്ഞു.