ഓപ്പറേഷന്‍ സിന്ദൂര്‍: പാകിസ്ഥാന്റെ പ്രകോപനങ്ങള്‍ക്ക് ഇന്ത്യയുടെ ശക്തമായ തിരിച്ചടി; മധ്യസ്ഥത വാഗ്ദാനം ചെയ്ത് ചൈന

Jaihind News Bureau
Saturday, May 10, 2025

ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് പാകിസ്ഥാന്‍ തുടര്‍ച്ചയായി പ്രകോപനങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിക്കുകയാണെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍. പാകിസ്ഥാന്റെ ഭാഗത്തുനിന്നുള്ള ഈ നീക്കങ്ങള്‍ക്ക് ഇന്ത്യ ഉത്തരവാദിത്തത്തോടെയും സംയമനത്തോടെയുമാണ് പ്രതികരിക്കുന്നതെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കി.

‘ശനിയാഴ്ച രാവിലെ പുലര്‍ച്ചെ 1:40 ന് പാകിസ്ഥാന്റെ ഭാഗത്തുനിന്നും പ്രകോപനപരമായ നീക്കങ്ങളുണ്ടായി, പഞ്ചാബ് വ്യോമതാവളം ലക്ഷ്യമാക്കി പാക്കിസ്ഥാന്‍ അതിവേഗമിസൈല്‍ ആക്രമണം നടത്തി. ഇന്ത്യയുടെ പടിഞ്ഞാറന്‍ അതിര്‍ത്തി നഗരങ്ങളില്‍ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് പാകിസ്ഥാന്‍ തുടര്‍ച്ചയായി ആക്രമണം നടത്തുകയാണെന്ന് കേണല്‍ സോഫിയ ഖുറേഷി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ത്യന്‍ സായുധ സേന പാകിസ്ഥാനിലെ സൈനിക ലക്ഷ്യങ്ങളില്‍ മാത്രമാണ് കൃത്യമായ ആക്രമണങ്ങള്‍ നടത്തിയതെന്നും സാധാരണക്കാരെ ലക്ഷ്യമിട്ടിട്ടില്ലെന്നും സര്‍ക്കാര്‍ ഊന്നിപ്പറഞ്ഞു. എന്നാല്‍, പാകിസ്ഥാന്‍ സാധാരണക്കാരെ ലക്ഷ്യമിടുകയാണെന്നും സര്‍ക്കാര്‍ ആരോപിച്ചു.

പാകിസ്ഥാന്‍ സൈന്യം തങ്ങളുടെ തന്ത്രപ്രധാനമായ മുന്നണി പ്രദേശങ്ങളിലേക്ക് നീങ്ങുന്നതായും ഇത് നിലവിലെ സംഘര്‍ഷം കൂടുതല്‍ വഷളാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇന്ത്യന്‍ സായുധ സേന ഇതിന് തക്കതായ മറുപടി നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു.

സിവിലിയന്‍ വിമാനങ്ങളെ മറയാക്കി പാകിസ്ഥാന്‍

പാകിസ്ഥാന്‍ മിസൈല്‍ ആക്രമണങ്ങള്‍ക്കും മറ്റ് ഹീനമായ പ്രവര്‍ത്തനങ്ങള്‍ക്കും സിവിലിയന്‍ വിമാനങ്ങളെ മറയാക്കുകയാണെന്നും സര്‍ക്കാര്‍ പ്രത്യേക വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. പാകിസ്ഥാന്റെ എല്ലാ ആക്രമണങ്ങള്‍ക്കും ഇന്ത്യന്‍ സേന ഫലപ്രദമായി മറുപടി നല്‍കുന്നുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

മധ്യസ്ഥത വാഗ്ദാനം ചെയ്ത് ചൈന

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍, സമാധാനത്തിനും സ്ഥിരതയ്ക്കും വേണ്ടി ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്നും സമാധാനപരമായ ചര്‍ച്ചകളിലൂടെ പ്രശ്‌നപരിഹാരത്തിന് ശ്രമിക്കണമെന്നും ചൈന അഭ്യര്‍ത്ഥിച്ചു. ‘ഇരു രാജ്യങ്ങളുടെയും അടിസ്ഥാന താല്‍പ്പര്യങ്ങള്‍ക്കും മേഖലയുടെ സമാധാനത്തിനും ഇത് അത്യന്താപേക്ഷിതമാണ്. അന്താരാഷ്ട്ര സമൂഹവും ഇതാണ് ആഗ്രഹിക്കുന്നത്. ഈ വിഷയത്തില്‍ ക്രിയാത്മകമായ പങ്ക് വഹിക്കാന്‍ ചൈന തയ്യാറാണ്,’ ചൈനീസ് വിദേശകാര്യ വക്താവ് അറിയിച്ചു.