ടെസ്റ്റ് വിജയത്തിന്‍റെ കരുത്തോടെ ഏകദിനത്തിനൊരുങ്ങി ഇന്ത്യ

Jaihind Webdesk
Tuesday, January 8, 2019

India-wins-Ausis-in-Australia

ഓസീസ് മണ്ണിൽ പുതുചരിത്രം കുറിച്ച ഇന്ത്യയുടെ ടെസ്റ്റ് വിജയത്തിന് പിന്നാലെ ആരാധകരെ ആവേശംകൊള്ളിക്കാൻ ഏകദിന പരമ്പരയും എത്തുന്നു. ജനുവരി 12ന് സിഡ്നിയിലാണ് പരമ്പരയിലെ ആദ്യ മത്സരം.

ടെസ്റ്റ് പരമ്പര ഇന്ത്യ കൈപ്പിടിയിലൊതുക്കിയപ്പോൾ കാറ്റിൽ പറന്നത് 71 വർഷത്തെ കാത്തിരിപ്പും, ഓസ്ത്രേലിയയിൽ മണ്ണിൽ വിജയം നേടുന്ന ആദ്യ ഏഷ്യൻ ടീമെന്ന ബഹുമതിയുമാണ്. സുനിൽ ഗാവസ്‌ക്കറും കപിൽദേവും രവിശാസ്ത്രിയും സച്ചിൻ തെണ്ടുൽക്കറും രാഹുൽ ദ്രാവിഡും വി.വി.എസ്. ലക്ഷ്മണുമെല്ലാം ഓസ്‌ട്രേലിയയിൽ ചെന്നു, കിരീടം നേടാനാവാതെ മടങ്ങിയവരാണ്. കംഗാരുപടയെ ടെസ്റ്റിൽ മെരുക്കിയ അത്മവിശ്വാസത്തിലാണ് ആദ്യ ഏകദിനത്തിന് ഇറങ്ങുന്നത്. ഏകദിന പരമ്പരയ്ക്കില്ലാത്ത ടെസ്റ്റ് താരങ്ങൾ ഇന്ത്യയിലേക്ക് മടങ്ങുമ്പോൾ എംഎസ് ധോണി ഉൾപ്പെടെയുള്ളവർ ഓസ്ട്രേലിയയിലെത്തും.

ധോണിയും, കേദാർ ജാദവും, രോഹിത് ശർമയും ഓസ്ട്രേലിയയിലേക്ക് പറക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ. ഏകദിനത്തിനായുള്ള ഇന്ത്യൻ ടീം അംഗങ്ങളെല്ലാം ജനുവരി 8ന് ഓസ്ട്രേലിയയിൽ സജ്ജരാകുമെന്നാണ് കരുതുന്നത്. അമ്ബാട്ടി, റായിഡു, യുസ് വേന്ദ്ര ചാഹൽ, ഖലീൽ അഹമ്മദ് തുടങ്ങിയവരും ഓസ്ട്രേലിയയിലേക്ക് പുറപ്പെട്ടു. മൂന്ന് ഏകദിന മത്സരങ്ങളാണ് ഇന്ത്യ ഓസ്ട്രേലിയയിൽ കളിക്കുന്നത്. ലോകകപ്പിനുള്ള ഇന്ത്യയുടെ തയ്യാറെടുപ്പുകൾ കൂടിയായിരിക്കും പരമ്പര. ധോണിക്കും രോഹിത്തിനുമൊപ്പം വിമാനത്തിലാണെന്ന് കേദാർ ജാദവ് ചിത്രങ്ങൾ ഉൾപ്പെടെ ട്വീറ്റ് ചെയ്തിട്ടുണ്ട്.

രോഹിത് ശർമ ഓസ്ട്രേലിയയിൽ ടെസ്റ്റ് ടീമിനൊപ്പമുണ്ടായിരുന്നെങ്കിലും കുട്ടി ജനിച്ചതിനെ തുടർന്ന് അവസാന ടെസ്റ്റിന് മുൻപ് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ധോണിയാകട്ടെ രണ്ടുമാസത്തെ നീണ്ട ഇടവേളയ്ക്കുശേഷമാണ് വീണ്ടും അന്താരാഷ്ട്ര മത്സരത്തിനൊരുങ്ങുന്നത്. ലോകകപ്പിന് മുൻപ് ഫോം വീണ്ടെടുക്കാൻ ധോണിക്ക് ഓസ്ട്രേലിയൻ പരമ്ബര തുണയാകുമെന്നാണ് പ്രതീക്ഷ.